ഈ ദുരന്തവും നമ്മുടെ ഉറക്കം കെടുത്തണം
ശരിയാണ്, കൊവിഡ് ബാധ മൂലം ആയിരക്കണക്കിനാളുകള്‍ അനുദിനം ലോകത്തിന്റെ നാനായിടങ്ങളില്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍.., അത്തരം മരണങ്ങളുടെ കണക്ക് ഒന്നരലക്ഷത്തിനും മുകളിലെത്തി നില്‍ക്കുമ്പോള്‍.., ഇനിയും എത്ര ലക്ഷം പേരെ കൊവിഡ് കൊന്നൊടുക്കുമെന്നറിയാതെ ലോകം പകച്ചുനില്‍ക്കുമ്പോള്‍... ഏതോ രാജ്യത്തെ 24 പേര്‍ കടല്‍യാത്രയ്ക്കിടയില്‍ മരിച്ച സംഭവത്തിന് സാമാന്യചിന്തയില്‍ അത്രയൊന്നും വാര്‍ത്താപ്രാധാന്യമില്ല.
അതുകൊണ്ടായിരിക്കാം മ്യാന്‍മറിനും ബംഗ്ലാദേശിനുമിടയിലുള്ള കടലില്‍ രണ്ടര മാസത്തിലേറെക്കാലം ഗതികിട്ടാതെ അലഞ്ഞ മീന്‍പിടുത്ത ബോട്ടിലുണ്ടായിരുന്ന നാനൂറോളം പേരില്‍ 24 ആളുകള്‍ ഒരു നേരത്തെ അന്നമോ ഒരിറ്റു വെള്ളമോ കിട്ടാതെ മരിച്ച വാര്‍ത്ത പല മാധ്യമങ്ങളുടെയും കണ്ണില്‍പ്പെടാതെ പോയത്.
പക്ഷേ.., മന:സാക്ഷിയുള്ള ആരിലും കൊവിഡ് ദുരന്തത്തെപ്പോലെ.., ഒരുപക്ഷേ, അതിലുമേറെ നടുക്കമുണ്ടാക്കേണ്ടതാണ് ആ 24 പേരുടെ ദാരുണാന്ത്യം. കാരണം, കൊവിഡ് മരണങ്ങള്‍ മാരകവൈറസ്സിന്റെ സൃഷ്ടിയാണ്. അവിടെ മനുഷ്യന്റെ നിഷ്ഠൂരതയ്‌ക്കോ മനുഷ്യത്വഹീനമായ പ്രവൃത്തികള്‍ക്കോ സ്ഥാനമില്ല.
അത്യപൂര്‍വം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞേയ്ക്കാമെങ്കിലും കൊവിഡ് ബാധിതരെ രാജ്യാതിര്‍ത്തിയുടെയോ മതഭേദത്തിന്റെയോ വര്‍ണ്ണവിവേചനത്തിന്റെയോ പേരില്‍ മരണത്തിലേയ്ക്കു നിഷ്‌കരുണം തള്ളിവിടുന്ന സംഭവങ്ങളുണ്ടായിട്ടില്ല. രോഗബാധിതരില്‍ ഓരോരുത്തരുടെയും ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടേയുള്ളൂ.
എന്നാല്‍, ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധന ബോട്ടില്‍ വിശന്നുപൊരിഞ്ഞു ജീവന്‍ നഷ്ടപ്പെട്ട റോഹിംഗ്യന്‍ ജനതയുടെ കാര്യത്തില്‍ അതിനീചമായ മനുഷ്യത്വമില്ലായ്മ മാത്രമാണുള്ളത്. പതിറ്റാണ്ടുകളായി മ്യാന്‍മര്‍ ഭരണകൂടവും പട്ടാളവും മതവെറി പൂണ്ട അവിടത്തെ ഭൂരിപക്ഷജനതയും നടത്തിക്കൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പൈശാചിക നടപടികളുടെ ഇങ്ങേയറ്റത്തെ സംഭവമാണത്.
ബര്‍മീസ് മതഭ്രാന്തന്മാരുടെ ക്രൂരത സഹിക്കവയ്യാതെ ഇത്തിരി സമാധാനം കിട്ടുന്ന ഏതെങ്കിലുമൊരു തീരം തേടി യാത്രതിരിച്ചവര്‍ക്കു നേരേ കൊവിഡ് ഭീതിയുടെ സാമൂഹ്യാന്തരീക്ഷം കൂടി കരുണയുടെ വാതില്‍ കൊട്ടിയടച്ചതോടെ അവര്‍ക്കു ദുരന്തത്തിന്റെ ഇരകളാവുകയല്ലാതെ നിര്‍വാഹമുണ്ടായിരുന്നില്ല.
കൊവിഡ് ഭീതിക്കാലത്ത് അന്യരാജ്യങ്ങളിലേയ്ക്ക് കൂട്ടത്തോടെ അഭയംതേടി ഓടിച്ചെന്നാല്‍ ഇങ്ങനെയൊക്കെത്തന്നെയല്ലേ സംഭവിക്കുക എന്നൊരു സ്വാഭാവിക സംശയം ഇവിടെ ഉയര്‍ന്നേക്കാം. അതു പ്രതീക്ഷിച്ചുകൊണ്ട് ആദ്യമേ പറയട്ടെ, ആ പാവങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ ഇറങ്ങിപ്പുറപ്പെട്ടവരായിരുന്നില്ല. ചൈനയിലെ വുഹാനില്‍ കൊവിഡ് മരണനൃത്തം തുടങ്ങുന്നതിനും എത്രയോ മുമ്പ് മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ പ്രതീക്ഷയുടെ മറുകര ലക്ഷ്യമാക്കി ഇറങ്ങിത്തിരിച്ചവരായിരുന്നു അവര്‍. മതഭ്രാന്തന്മാരുടെ പീഡനം സഹിക്കാവുന്നതിലുമപ്പുറം എത്തിയപ്പോഴായിരുന്നു ആ പലായന ശ്രമം.
നാട്ടില്‍ നിന്നാലും രക്ഷപ്പെടാന്‍ ശ്രമിച്ചാലും ആക്രമിക്കപ്പെടുമെന്നതിനാല്‍ അതിരഹസ്യമായിട്ടായിരുന്നു അവരുടെ നീക്കം.
വലിയൊരു മീന്‍പിടുത്ത ബോട്ട് വലിയ തുക നല്‍കി വാടകയ്‌ക്കെടുത്ത് പ്രതീക്ഷാതീരം അണയുംവരേയ്ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഒരുക്കി നാനൂറോളം പേരാണ് തിങ്ങിനിറഞ്ഞു യാത്രയാരംഭിച്ചത്.ഏതു നേരവും പ്രക്ഷുബ്ധമായേക്കാവുന്ന കടലില്‍ മരണം പതിയിരിപ്പുണ്ടെന്ന ഭീതി തീര്‍ച്ചയായും അവരുടെ മനസിനെ മഥിച്ചിരിക്കാം. പക്ഷേ, വൈതരണികള്‍ എങ്ങനെയെങ്കിലും തരണം ചെയ്തു രക്ഷപ്പെട്ടാല്‍ സമാധാനപൂര്‍ണമായ ശിഷ്ടജീവിതം ലഭിക്കുമല്ലോ എന്ന പ്രതീക്ഷ അവരെ മുന്നോട്ടു നയിച്ചു.
മലേഷ്യയായിരുന്നു അവരുടെ ലക്ഷ്യസ്ഥാനം. തീര്‍ച്ചയായും അവിടെ അവര്‍ക്ക് അഭയം ലഭിക്കേണ്ടതായിരുന്നു. പക്ഷേ, അപ്പോഴേയ്ക്കും ലോകത്തെയാകെ കൊവിഡ് ഭീതി പിടികൂടിയിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ എങ്ങുനിന്നോ വരുന്ന നാനൂറോളം പേര്‍ക്ക് അഭയം നല്‍കാന്‍ മലേഷ്യന്‍ ഭരണകൂടം മടിച്ചു.നിവൃത്തിയില്ലാതെ അടുത്ത രക്ഷാകേന്ദ്രം തേടി അവര്‍ തായ്‌ലന്റ് ലക്ഷ്യമാക്കി തിരിച്ചു. അവിടെയും നിലപാട് വ്യത്യസ്തമായിരുന്നില്ല; കൊവിഡ് ഭീതിക്കിടയില്‍ അഭയം കൊടുക്കാനാവില്ല. എല്ലായിടത്തും ഇതു തന്നെയായിരിക്കും അനുഭവമെന്നു നിരാശയോടെ തിരിച്ചറിഞ്ഞ ആ പാവങ്ങള്‍, ഒടുവില്‍, നരകതുല്യം തങ്ങള്‍ ഭയക്കുന്ന സ്വദേശത്തേയ്ക്കു തിരിച്ചു പോകാന്‍ തീരുമാനിച്ചു.
ഇതിനിടയില്‍ ഭക്ഷണസാധനങ്ങളും കുടിവെള്ളവും തീര്‍ന്നു. പിന്നീടുള്ള ദിനങ്ങളില്‍ പട്ടിണി മാത്രം. തീര്‍ത്തും അവശരായവരെ മരണം പിടികൂടി. അങ്ങനെ ഒരോരുത്തരായി മരണത്തിനു കീഴടങ്ങിക്കൊണ്ടിരുന്നു. എങ്കിലും, മുഴുവന്‍ പേരെയും മരണം തട്ടിയെടുക്കും മുമ്പ് ദൈവം അവരോടു കരുണ കാണിച്ചു. ബംഗ്ലാദേശ് തീരദേശസേനയുടെ കണ്ണില്‍ ആ അഭയാര്‍ഥി ബോട്ട് പെട്ടു. രക്ഷകരായി ബംഗ്ലാദേശ് സേന എത്തുമ്പോഴേയ്ക്കും 24 പേര്‍ മരിച്ചു കഴിഞ്ഞിരുന്നു. മറ്റുള്ളവര്‍ മൃതപ്രായരായിരുന്നു.
ഇതുപോലെ ഒട്ടേറെ ബോട്ടുകളിലായി ഒട്ടേറെപ്പേര്‍ പുറപ്പെട്ടിരുന്നു എന്നാണു പറയപ്പെടുന്നത്. അവരുടെയൊക്കെ വിധി എന്താണാവോ...
ഇത്രയൊക്കെ അനുഭവിക്കാന്‍ റോഹിംഗ്യന്‍ ജനത എന്തു തെറ്റു ചെയ്തു?
അവര്‍ തങ്ങളുടെ നാട്ടുകാരല്ല, ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് എന്നാണ് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ വാദം. ഇതു കള്ളമാണെന്നു ചരിത്രഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അരാക്കൈന്‍ താഴ്‌വാരത്ത് നൂറ്റാണ്ടുകളായി കഴിഞ്ഞുവന്നവരാണ് റോഹിംഗ്യന്‍ വംശജര്‍. ഇസ്‌ലാമിന്റെ കടന്നു വരവോടെ ഇവരില്‍ മഹാഭൂരിപക്ഷവും ആ മാര്‍ഗം സ്വീകരിച്ചു. ഇതും കഴിഞ്ഞ് എത്രയോ കാലത്തിനു ശേഷം, 1785 ലാണ് ബര്‍മ്മ അരാക്കൈന്‍ പ്രദേശം ആക്രമിച്ചു കൈയടക്കുന്നത്. അക്കാലത്തും ബര്‍മ്മക്കാരുടെ മതഭ്രാന്തു മൂലം പതിനായിരക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കു ബംഗാളിലേയ്ക്കു പലായനം ചെയ്യേണ്ടി വന്നു.പിന്നീട് ബര്‍മ്മ ബ്രിട്ടിഷ് കോളനിയായപ്പോഴാണ് നാടുവിട്ട റോഹിംഗ്യകള്‍ക്കു തിരിച്ചെത്താനായത്. യുദ്ധകാലത്ത് ബ്രിട്ടിഷ് സൈന്യത്തിന് പിന്‍വാങ്ങേണ്ടി വന്നപ്പോള്‍ ബര്‍മീസ് ക്രൂരത വീണ്ടും പത്തി വിടര്‍ത്തി.
1982 ലെ പൗരത്വനിയമമെന്ന ക്രൂരനിയമത്തിലൂടെ റോഹിംഗ്യന്‍ മുസ്‌ലിംകളെ പൗരന്മാരല്ലാതാക്കി. വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിച്ചു. സര്‍ക്കാര്‍ ജോലി നല്‍കാതായി. കാണുന്നിടത്തു നിന്നെല്ലാം ആട്ടിയോടിച്ചു, ക്രൂരമായി പീഡിപ്പിച്ചു. 2017 ഡിസംബര്‍ വരെ ആറേകാല്‍ ലക്ഷം പേര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു എന്നാണ് കണക്ക്.
ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളില്‍ ബഹുഭൂരിഭാഗവും മ്യാന്‍മറില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത അതിക്രൂരമായ വംശഹത്യയാണെന്നു കുറ്റപ്പെടുത്തിയിട്ടുണ്ട്. മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സലര്‍ ഓങ് സാന്‍ സൂകിക്ക് നേരത്തേ നല്‍കിയ ബഹുമതികള്‍ മിക്കതും ലോകരാജ്യങ്ങള്‍ പിന്‍വലിച്ചു കഴിഞ്ഞു. എന്നിട്ടും ഇത്തിരി മാത്രം വലിപ്പമുള്ള ആ രാജ്യം ലോകത്തെ നോക്കി പല്ലിളിച്ചു ക്രൂരത തുടരുകയാണ്.
കൊറോണ വൈറസ്സിനെ വരുതിയിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലും അതിനുള്ള തീവ്രശ്രമത്തിലുമാണ് ലോകരാജ്യങ്ങള്‍. മ്യാന്‍മറിലെ മതഭീകരതാ വൈറസ്സിനെ നശിപ്പിക്കാനും അത്തരമൊരു കൂട്ടായ ശ്രമം ഉണ്ടാകേണ്ടതല്ലേ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."