മുംബൈയില്‍ 26 നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
മുംബൈ: വെസ്റ്റേണ്‍ നാവിക കമാന്‍ഡിലെ 26 നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ മുംബൈ കൊളാബയിലെ ഐ.എന്‍.എച്ച്.എസ് അശ്വനി ആശുപത്രിയില്‍ ഐസൊലേഷനിലാക്കി. ഒരു റിട്ട. സൈനികനുമായി ബന്ധമുള്ള നാവികനാണ് ഈമാസം ഏഴിന് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളുമായി നേരിട്ട് ഇടപഴകിയ 25 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അവര്‍ക്കും വൈറസ് ബാധിച്ചതായി തെളിയുകയായിരുന്നു. അതേസമയം, ഇവരില്‍ അധികപേര്‍ക്കും പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 20 പേരും വെസ്റ്റേണ്‍ നാവിക കമാന്‍ഡിലേക്ക് കാര്‍ഗോ സാധനങ്ങളുമായി വന്ന നാവികസേനാ കപ്പലായ ഐ.എന്‍.എസ് ആന്‍ഗ്രെയിലെ ഉദ്യോഗസ്ഥരാണ്. എല്ലാവരും ഒരേ ബ്ലോക്കിലാണ് താമസിച്ചിരുന്നത്.
രോഗം ബാധിച്ചവരില്‍ അധികപേര്‍ക്കും പ്രകടമായ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. വൈറസ് വ്യാപനം തടയുന്നതിനായി കൂടുതല്‍ പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിവരികയാണ്. ഐ.എന്‍.എസ് ആന്‍ഗ്രെയെ ലോക്ക്ഡൗണില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം മറ്റു കപ്പലുകളില്‍ പരിശോധന നടത്തുന്നില്ല. കൊവിഡിനെ നേരിടാന്‍ നാവികസേന എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുള്ളതായി ചീഫ് അഡ്മിറല്‍ കരംബീര്‍സിങ് പറഞ്ഞു. പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതും സ്ഥലംമാറ്റവും പരിശീലനവും നിര്‍ത്തിവച്ചു. രാജ്യരക്ഷ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടതല്ലാത്ത എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചതായും അദ്ദേഹം അറിയിച്ചു. കരസേനയില്‍ ഇതുവരെ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും നാവികസേനയില്‍ ആദ്യമായാണ് കൊവിഡ് ബാധ. കരസേനയില്‍ രോഗം ബാധിച്ചവരില്‍ രണ്ടുപേര്‍ ഡോക്ടര്‍മാരും ഒരാള്‍ നഴ്‌സിങ് അസിസ്റ്റന്റുമാണെന്ന് ആര്‍മി ചീഫ് ജനറല്‍ എം.എം നരവാനെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."