ഹൈറേഞ്ച് മേഖലയില്‍ ജനജീവിതം പ്രതിസന്ധിയിലേക്ക്
തൊടുപുഴ: മൂന്നുദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും ഹൈറേഞ്ചുമേഖലയിലെ ജനജീവിതം പ്രതിസന്ധിയിലായി. രാജാക്കാട് കള്ളിമാലി വ്യൂ പോയിന്റിനു സമീപം ഉരുള്‍പൊട്ടി ഒന്നര ഏക്കറോളം കൃഷിയിടം ഒലിച്ചുപോയി.
കുരുമുളക്, കൊക്കോ, കാപ്പി ഉള്‍പ്പെടെയുള്ള കൃഷികളാണ് നശിച്ചത്. കൂട്ടുങ്കല്‍ ജോസിന്റെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. വൈദ്യുതി ഇല്ലാത്തതിനാല്‍ ഫോണ്‍ പ്രവര്‍ത്തിക്കാതായതിനാലും ശക്തമായ മഴ കാരണവും സംഭവം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ വൈകി. മൂന്നുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന വാരിയാനിപ്പടി - കലുങ്കുസിറ്റി റോഡു തകര്‍ന്ന് വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. മൂന്നുദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും പ്രദേശത്തെ കൃഷിയിടങ്ങളില്‍ വ്യാപകമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ പന്ത്രണ്ടോളം കുടുംബങ്ങളാണ് പൊന്‍മുടി ഡാമിനോടു ചേര്‍ന്നുകിടക്കുന്ന ഈ പ്രദേശത്ത് കഴിയുന്നത്.
ശാന്തമ്പാറ വാക്കോടന്‍സിറ്റി പാലായില്‍ ശിവന്റെ വീടിനു മുകളിലേക്ക് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ മരംവീണു. മുറ്റത്തിനു സമീപംനിന്ന പ്ലാവ് വീണ് വീടിന്റെ ആസ്ബറ്റോസ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുകളും ഭിത്തിക്ക് വിള്ളലുകളും സംഭവിച്ചു. കനത്ത മഴയിലും കാറ്റിലും രാജകുമാരിയില്‍ വിധവയും നിര്‍ധനയുമായ വീട്ടമ്മയുടെ വീട് പൂര്‍ണമായും തകര്‍ന്നു. പുത്തടി കല്ലിങ്കല്‍ റീത്താമ്മയുടെ വീടിനു മുകളിലേക്കാണ് മരം വീണത്. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപതിച്ചു. വീട്ടുപകരണങ്ങളും നശിച്ചു. വീടിനകത്തുണ്ടായിരുന്ന റീത്താമ്മ അപകടത്തില്‍നിന്ന് രക്ഷപെട്ടു. ശാന്തമ്പാറ കൃഷി വിജ്ഞാന കേന്ദ്രത്തിനു സമീപം താമസിക്കുന്ന വിധവയുടെ വീടിനു മുകളിലേക്ക് ഗ്രാന്റിസ് മരം കടപുഴകി വീണു. കൈതോലിക്കല്‍ സുലോചന വേണുഗോപാലിന്റെ വീടിനു മുകളിലേക്കാണ് മരം വീണത്. മേല്‍ക്കൂര തകര്‍ന്നു. വീടിന്റെ ഭിത്തിക്ക് വിള്ളലുകള്‍ സംഭവിച്ചു. സുലോചനയും മൂന്നു പെണ്‍മക്കളും മാത്രമാണ് അപകടസമയത്ത് വീട്ടിലുണ്ടായിരുന്നത്. രണ്ടുമാസം മുമ്പും ഇവരുടെ വീടിന് സമീപം ഗ്രാന്റിസ് മരം ഒടിഞ്ഞുവീണിരുന്നു.
അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും അനുകൂലമായ തീരുമാനമുണ്ടായില്ല. ഗ്രാന്റിസ്, സില്‍വര്‍ ഓക്ക് മരങ്ങള്‍ മാത്രമാണ് ഇവിടെ കൃഷിചെയ്തിരിക്കുന്നത്. ഗ്രാന്റിസ് മരങ്ങള്‍ മുറിക്കാനുള്ള നിരോധനം നിലനില്‍ക്കുന്നതിനാല്‍ ആശങ്കയോടെയാണ് ഇവര്‍ കഴിയുന്നത്. ഹൈറേഞ്ച് മേഖലയില്‍ ഹോട്ടലുള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുതുടങ്ങി. വൈദ്യുതി തടസപ്പെട്ടതോടെ വെള്ളം എത്തിക്കാനാകാതെയും അടുക്കള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനാകാതെവന്നതും മൂലമാണ് കച്ചവടസ്ഥാപനങ്ങള്‍ അടയ്ക്കുന്നത്. ലോഡ്ജുകളും വീടുകളും കുടിവെള്ളമില്ലാതെയും ബുദ്ധിമുട്ടുകയാണ്.
ടൗണുകളില്‍ തിരക്ക് കുറഞ്ഞതോടെ വാഹന സര്‍വീസ് മേഖലയും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. പ്രധാന ടൗണുകളില്‍നിന്നുള്ള സ്വകാര്യ ബസ് സര്‍വീസുകള്‍ പലതും ഇന്നലെമുതല്‍ നിര്‍ത്തി. വാര്‍ത്താവിനിമയ സംവിധാനവും തകരാറിലായിട്ടുണ്ട്. കാറ്റിലും മഴയിലും തകര്‍ന്ന വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. ഇന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും വെള്ളവും വൈദ്യുതിയും ഇല്ലാത്തത് അടുത്തദിവസങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. കാര്‍ഷിക മേഖലക്കും മഴ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. വാഴ ഉള്‍പ്പെടെയുള്ള തന്നാണ്ടു കൃഷികള്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."