വണ്ണപ്പുറം മേഖലയിലെ പ്രധാന റോഡുകള്‍ തകര്‍ന്നു; യാത്രാ ദുരിതം
വണ്ണപ്പുറം: വണ്ണപ്പുറം മേഖലയിലെ പ്രധാന റോഡുകള്‍ തകര്‍ന്നു. ഹൈറേഞ്ച് മേഖലയിലേക്ക് ഉള്‍പ്പെടെ നൂറുകണക്കിന് ബസുകള്‍ സര്‍വീസ് നടത്തുന്ന റോഡുകളാണു കുണ്ടുംകുഴിയുമായത്.
തൊടുപുഴ, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നു ഹൈറേഞ്ച് മേഖലകളിലേക്ക് എളുപ്പം എത്തിച്ചേരാന്‍ സാധിക്കുന്ന റോഡുകള്‍ തകര്‍ന്നതു യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്. കാളിയാര്‍-വണ്ണപ്പുറം-അമ്പലപ്പടി റോഡും വണ്ണപ്പുറം-കഞ്ഞിക്കുഴി റോഡുമാണ് തകര്‍ന്നത്. ഹൈറേഞ്ചിലേക്ക് പ്രത്യേകിച്ച് കട്ടപ്പന, ഇടുക്കി, കഞ്ഞിക്കുഴി, വെണ്‍മണി, മുരിക്കാശേരി, തോപ്രാംകുടി മേഖലകളിലേക്ക് എളുപ്പത്തില്‍ പോകാന്‍ സാധിക്കുന്ന റോഡിലാണ് വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴ, തൊടുപുഴ, കോതമംഗലം തുടങ്ങിയ മേഖലകളില്‍ നിന്നും അനവധി ബസുകളാണ് ഇതുവഴി വണ്ണപ്പുറത്തിനും ഹൈറേഞ്ചിലേക്കും സര്‍വീസ് നടത്തുന്നത്.
കൂടാതെ ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളും സഞ്ചരിക്കുന്നുണ്ട്. കാളിയാര്‍ മുതല്‍ അമ്പലപ്പടി വരെയുള്ള റോഡ് തകര്‍ന്ന് ഇപ്പോള്‍ കാല്‍നട യാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാനാവാത്ത അവസ്ഥയിലാണ്. റോഡുകള്‍ തകര്‍ന്നതു അപകടഭീഷണിയും ഉയര്‍ത്തുന്നു.
ഇതുവഴി എറണാകുളം, മൂവാറ്റുപുഴ, കട്ടപ്പന, കോതമംഗലം, തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ബസ് ഓടുന്നുണ്ട്. ഈ മേഖലയില്‍ നിരവധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇവരെല്ലാം ചെളിനിറഞ്ഞ റോഡിലൂടെ വളരെ കഷ്ടപ്പെട്ടാണ് യാത്ര ചെയ്യുന്നത്. ആശുപത്രികളിലേക്കു പോകുന്ന രോഗികളും റോഡുകളുടെ ഈ ശോച്യാവസ്ഥമൂലം ഏറെ ദുരിതത്തിലാണ്. കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള യാത്ര വാഹനങ്ങള്‍ തകരാറിലാവാനും ഇടയാക്കുന്നതായി പരാതിയുണ്ട്. വണ്ണപ്പുറം-ചേലച്ചുവട് റോഡ് രണ്ട് വര്‍ഷം മുന്‍പ് വരെ അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയിരുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."