അമേരിക്കന്‍ മരുന്നു കമ്പനിക്ക് വിവരങ്ങള്‍ നല്‍കാനുള്ള ക്വട്ടേഷനെടുത്തിരിക്കുന്നത് സ്പ്രിന്‍ക്ലര്‍, എന്നിട്ടും പ്രതികരിക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് പ്രതിരോധ മരുന്നും വാക്‌സിനും നിര്‍മിക്കുന്ന കമ്പനിയായ ഫൈസറിന് സ്പ്രിന്‍ക്ലര്‍ കമ്പനിയുമായി ബന്ധമെന്ന വിവരം കൂടി പുറത്തുവരുന്നു. പുതിയ സാഹചര്യത്തില്‍ വളരെ ഗൗരവതരമായാണ് ഈ വാര്‍ത്തയെ ജനം നോക്കി കാണുന്നത്.
വിമര്‍ശനങ്ങളോടും ആരോപണങ്ങളോടും അസഹിഷ്ണുത പ്രകടിപ്പിച്ച് അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇനിയും മൗനം തുടരാനാവില്ലെന്നതിന്റെ സൂചനകൂടിയാണ് പുതിയ വാര്‍ത്തകള്‍.
സ്പ്രിംഗളര്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സി.പി.ഐ മുഖപത്രമായ ജനയുഗം രംഗത്തെത്തിയിരുന്നു. വിവര സമ്പദ്ഘടനയുടെ ഈ യുഗത്തില്‍ ഡിജിറ്റല്‍ ആവാസ വ്യവസ്ഥ, വിവര അഥവ ഡാറ്റാ സ്വകാര്യത വിവരങ്ങളുടെ സുരക്ഷിതത്വം അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നായിരുന്നു എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടിയത്.
വ്യക്തികളെ സംബന്ധിക്കുന്ന വിവരം ബോധപൂര്‍വമോ അല്ലാതെയോ ചോര്‍ത്തപ്പെടുന്നത് അത് സമാഹരിക്കുന്ന ഗവണ്മെന്റ് അല്ലെങ്കില്‍ സ്ഥാപനത്തെയും ഏതൊരു വ്യക്തിയെ സംബന്ധിച്ചതാണോ ആ വിവരം അയാളെയും പ്രതികൂലമായി ബാധിക്കാവുന്നതാണെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഇതെല്ലാം ദുരൂഹമായ സര്‍ക്കാര്‍ നിലപാടുകളെ കുറ്റപ്പെടുത്തി മുന്നണിക്കുള്ളിലെ രണ്ടാം കക്ഷിയുടെ ഒളിയമ്പുകള്‍ തന്നെയാണ് വ്യക്തമാക്കുന്നത്.
ഇപ്പോള്‍ വന്‍കിട മരുന്നുനിര്‍മാണ കമ്പനിയായ ഫൈസറുമായാണ് സ്പ്രിന്‍ക്ലറിന് ബന്ധമുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍്. ഈ വാര്‍ത്ത ഫൈസര്‍ കോവിഡ് രോഗികളുടെ വിവരം ആവശ്യപ്പെട്ടതായും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. സ്പ്രിന്‍ക്ലര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ മരുന്നുകമ്പനിക്ക് ചോരുമെന്ന ആരോപണങ്ങള്‍ക്കിടയിലാണ് പുതിയ ബന്ധം പുറത്തുവന്നിരിക്കുന്നത് എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്.
രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് സ്പ്രിന്‍ക്ലര്‍ വഴിയാണെന്ന് ഫൈസറിന്റെ സമൂഹമാധ്യമ വിഭാഗം മേധാവി സറാ ഹോള്‍ഡെ 2017ല്‍ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ആരോഗ്യമേഖലയിലെ സ്പ്രിന്‍ക്ലറുടെ ഉപഭോക്താക്കളുടെ കൂട്ടത്തില്‍ ഫൈസറെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ലോകത്ത് പടര്‍ന്നു പിടിച്ചതോടെ മരുന്നു കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ഫൈസര്‍. സ്പ്രിന്‍ക്ലര്‍ കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന ആരോഗ്യവിവരങ്ങള്‍ മരുന്നു കമ്പനികള്‍ക്ക് വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."