പ്രതീക്ഷയുടെ മണിമുഴക്കം മങ്ങാട്ടുമുറി സ്‌കൂളില്‍ നാളെ ജനകീയ പ്രവേശനോല്‍സവം
കൊണ്ടോട്ടി: ഒരു നാടിന്റെ സ്വപ്ന സാക്ഷാല്‍ക്കാരമായ വിദ്യാലയത്തില്‍ നാളെ വീണ്ടും മണിമുഴങ്ങുകയാണ്. പൂര്‍വികരുടെ പാത പിന്തുടര്‍ന്ന് വിദ്യയുടെ ആദ്യാക്ഷരം നുകരാന്‍ ഇളമുറക്കാരുമെത്തുന്നതോടെ മലപ്പുറം ജില്ലയിലെ പുളിക്കല്‍ പഞ്ചായത്തിലെ അടച്ചുപൂട്ടിയ ഒളവട്ടൂര്‍ മങ്ങാട്ടുമുറി സ്‌കൂളില്‍ നാളെ വര്‍ണാഭമായ പ്രവേശനോല്‍സവമൊരുക്കുകയാണ് നാട്ടുകാര്‍. നിപാ വൈറസ് ബാധയെത്തുടര്‍ന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെയാണ് സ്‌കൂളുകള്‍ തുറക്കുന്നത്.
രണ്ടുവര്‍ഷമായി അടച്ചുപൂട്ടിയ മങ്ങാട്ടുമുറി സ്‌കൂളിന്റെ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് സ്‌കൂളിന് പുതിയ മുഖമൊരുക്കി നാട്ടുകാര്‍ പ്രവേശനോല്‍സവം ജനകീയമാക്കുന്നത്. 63,89,645 രൂപ മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ സ്‌കൂള്‍ ഏറ്റെടുത്തത്.
ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി മാനേജര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് 2016 ജൂണ്‍ 6ന് സ്‌കൂള്‍ അടച്ചുപൂട്ടിയത്. സംസ്ഥാനത്ത് മങ്ങാട്ടുമുറി ഉള്‍പ്പടെ നാലു സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇതില്‍ മൂന്ന് വിദ്യാലയങ്ങളിലും തുടര്‍ പഠനം ആരംഭിച്ചെങ്കിലും മങ്ങാട്ടുമുറി സ്‌കൂളിന് സ്ഥിരം കെട്ടിടവും, അനുബന്ധ സൗകര്യവും ഒരുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പുതിയേടത്ത് പറമ്പിലെ ഇഹ്‌യാഉല്‍ ഉലൂം മദ്‌റസയിലാണ് സ്‌കൂള്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നത്.
സ്‌കൂളിന്റെ കെട്ടിടവും സ്ഥലവും കേരള എജ്യുക്കേഷന്‍ റൂള്‍ അനുസരിച്ച് വില നിശ്ചയിച്ച് മാനേജരില്‍ നിന്നും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അടച്ചുപൂട്ടിയ സ്‌കൂളിന് കെ.ഇ.ആര്‍ ബാധകമാവില്ലെന്നും നിലവില്‍ സ്വകാര്യവസ്തുവായ കെട്ടിടവും സ്ഥലവും ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം ഏറ്റെടുക്കണമെന്ന വാദവുമായി മാനേജര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ വാദം ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും തള്ളിയതിനെ തുടര്‍ന്ന് മാനേജര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാറിന് അനുകൂലമായിരുന്നു വിധി.
സ്‌കൂള്‍ തിരിച്ചുകിട്ടിയതോടെ അറ്റകുറ്റപ്പണി നടത്തി പ്രവേശനോല്‍സവം ജനകീയോല്‍സവമാക്കാനൊരുങ്ങുകയാണ് പഞ്ചായത്തും, പി.ടി.എയും നാട്ടുകാരും. സ്‌കൂളിന്റെ മേല്‍ക്കൂര മാറ്റി മോടിപിടിപ്പിച്ചുവരികയാണ്.
ഇതിനായി 10 ലക്ഷം അനുവദിച്ചിരുന്നു. സ്‌കൂളില്‍ ഈ വര്‍ഷം ഒന്നാം ക്ലാസിലേക്ക് 20 ലേറെ കുട്ടികള്‍ പ്രവേശനം നേടിയിട്ടുണ്ട്. റംസാനുശേഷം സ്‌കൂള്‍ സര്‍ക്കാറിന്റേതെന്നുളള ഔദ്യോഗിക പ്രഖ്യാപനത്തിന് വിദ്യാഭ്യാസ മന്ത്രിയും സ്‌കൂളിലെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."