ഇരുപതാമത്തെ തവണയും കൊവിഡ് പോസിറ്റീവ് തന്നെ; വീട്ടമ്മയുടെ സ്ഥിതി കൗതുകകരം
തിരുവല്ല: പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീട്ടമ്മയുടെ കൊവിഡ്- 19 പരിശോധനാഫലം ഇരുപതാം തവണയും പൊസിറ്റീവ്. വടശേരിക്കര ജണ്ടായിക്കല്‍ സ്വദേശിയായ 62കാരിക്കാണ് ചൊവ്വാഴ്ച വന്ന പരിശോധനാഫലവും പൊസിറ്റീവായത്.
സംസ്ഥാനത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച റാന്നി ഐത്തല സ്വദേശികളായ പ്രവാസികളുമായി അടുത്തിടപഴകിയതിനെ തുടര്‍ന്നാണ് വീട്ടമ്മയ്ക്ക് അസുഖം പിടിപെട്ടത്. മാര്‍ച്ച് എട്ടിനാണ് ഇവരെയും മകളെയും രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ ഏപ്രില്‍ ആദ്യവാരത്തോടെ സുഖം പ്രാപിച്ചു. എന്നാല്‍ അപ്പോഴും അമ്മ കൊവിഡ് പൊസിറ്റീവായിത്തന്നെ തുടരുകയായിരുന്നു. 31 ദിവസങ്ങളായി ഇവര്‍ പൊസിറ്റീവ് അവസ്ഥയിലാണ്.
ഇരുപതാമത്തെ സാമ്പിള്‍ പരിശോധന നെഗറ്റീവാകുമെന്ന പ്രതീക്ഷയ്ക്കിടെ ഫലം പൊസിറ്റീവായതിനെ തുടര്‍ന്ന് ജില്ലയിലാകെ കടുത്ത ആശങ്ക ഉയര്‍ന്നു. പ്രകടമായ അസുഖലക്ഷണങ്ങള്‍ ഇല്ലാതിരുന്നിട്ടും പൊസിറ്റീവായതാണ് ആശങ്കയ്ക്കു കാരണം. എന്നാല്‍ ഇവരില്‍നിന്ന് രോഗം പകരാനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
രോഗം കണ്ടെത്തി 67 ദിവസങ്ങള്‍ക്കു ശേഷവും ഭേദമായ കേസുകള്‍ വിദേശത്തുണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശരീരത്തില്‍ ചില ഭാഗങ്ങളില്‍ വൈറസിന്റെ സാന്നിധ്യം നേരിയ തോതില്‍ നിലനില്‍ക്കുന്നതും രോഗം ഭേദമാകാത്തതിനു കാരണമാകാമെന്നും നിഗമനമുണ്ട്. എവര്‍ മെക്ടിനെന്ന മരുന്നാണ് കഴിഞ്ഞ ദിവസം വരെ നല്‍കിയിരുന്നത്. ഈ സാഹചര്യത്തില്‍ തുടര്‍ചികിത്സയ്ക്ക് ഉപയോഗിക്കേണ്ട മരുന്നുകളെപ്പറ്റി മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനിക്കും. നിലവില്‍ ഡോക്ടര്‍മാരുടെ മൂന്നംഗ സംഘമാണ് ഇവരെ പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."