സ്പ്രിംഗ്ലറുമായി ബന്ധമില്ല; സഹകരണം സര്‍ക്കാരുമായി മാത്രം: ക്വിക്ക് ഡോക്ടര്‍ കമ്പനി
കൊച്ചി: തങ്ങള്‍ സര്‍ക്കാരുമായി മാത്രമാണ് സഹകരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നതുപോലെ സ്പ്രിംഗ്ലര്‍ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും ക്വിക്ക് ഡോക്ടര്‍ കമ്പനി സംരംഭകര്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലി മെഡിസിന്‍ പദ്ധതിയുടെ സഹകാരികളാണിവര്‍.
ക്വിക്ക് ഡോക്ടര്‍ എന്ന കമ്പനി ഡാറ്റാ വിവാദത്തില്‍പ്പെട്ട സ്പ്രിംഗ്ലറിന്റെ ബിനാമികളാണെന്നും സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ ചോരുകയാണെന്നും കഴിഞ്ഞ ദിവസം വി.ഡി സതീശന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
എന്നാല്‍, ആരോഗ്യ വിവരങ്ങള്‍ ചോരുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കമ്പനിയുടെ സംരംഭകളില്‍ ഒരാളായ സഫീല്‍ വിശദീകരിക്കുന്നു. സര്‍ക്കാരിന്റെ സര്‍വറിലാണ് രോഗികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. വിവരശേഖരണത്തിന് വിപുലമായ സര്‍വര്‍ സംവിധാനങ്ങളൊരുക്കാന്‍ മാത്രം ശേഷിയുള്ള കമ്പനിയല്ല തങ്ങളുടേത്. സര്‍ക്കാരിന് സൗജന്യമായാണ് സേവനങ്ങള്‍ നല്‍കുന്നതും. എളിയതോതില്‍ തുടങ്ങിയ ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് തങ്ങളുടേത്. സ്പ്രിംഗ്ലര്‍ കമ്പനിയുമായി യാതൊരു ബന്ധവുമില്ല. വിവാദങ്ങളുടെ പിന്നാലെ പോകാനില്ല. എന്നാല്‍, സര്‍ക്കാരിന് താല്‍പര്യമുള്ളിടത്തോളം തങ്ങളുടെ സേവനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."