HOME
DETAILS
MAL
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് തണലേകി കുടുംബശ്രീ
backup
April 23 2020 | 02:04 AM
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ കാലത്ത് വീടിനുളളില്‍ കഴിയേണ്ടി വരുന്ന ഭിന്നശേഷിക്കാരായ കുട്ടികളെ സര്‍ഗാത്മക വഴികളിലൂടെ കൈപിടിച്ചു നടത്തുകയാണ് കുടുംബശ്രീ.
സംസ്ഥാനത്ത് ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ അടച്ചിടല്‍ കാരണം വീടിനുള്ളില്‍ തന്നെ കഴിയുന്ന സാഹചര്യത്തില്‍ ഇവര്‍ ഹൈപ്പര്‍ ആക്ടീവായി മാറുന്നത് ഒഴിവാക്കുന്നതിനാണ് ഇവര്‍ക്കായി രസകരമായ ആക്ടിവിറ്റികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പദ്ധതി നടപ്പാക്കി വരുന്നത്. പ്രധാനമായും ഇവരെ കര്‍മനിരതരായി നിലനിര്‍ത്തുക എന്നതാണ് ലക്ഷ്യം.
സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 270 ബഡ്‌സ് സ്ഥാപനങ്ങളില്‍ 8521 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇവര്‍ക്ക് വീട്ടിലിരുന്നും പരിശീലനം തുടര്‍ന്നു കൊണ്ടു പോകാന്‍ അവസരമൊരുക്കുകയാണ് കുടുംബശ്രീ. ഇതിനായി എല്ലാ ജില്ലാ മിഷന്‍ അധികൃതര്‍ക്കും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. കുട്ടികളുടെ രക്ഷിതാക്കള്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍, ജില്ലാ മിഷന്‍ അധികൃതര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട വാട്ട്‌സാപ് ഗ്രൂപ്പുകളും എല്ലാ ജില്ലയിലും രൂപീകരിച്ചു. ഇതുവഴിയാണ് ഓരോ ദിവസത്തെയും കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.
ഓരോ കുട്ടിയുടെയും സവിശേഷതകളും ദൗര്‍ബല്യങ്ങളും മനസിലാക്കി അവര്‍ക്കായി വ്യക്തിഗത പ്ലാനുകള്‍ തയാറാക്കിയാണ് ബഡ്‌സ് സ്‌കൂളില്‍ ഇവര്‍ക്ക് പരിശീലനങ്ങള്‍ നല്‍കിയിരുന്നത്. ലോക്ക് ഡൗണ്‍ കാലത്തും സമാന മാതൃക തന്നെയാണ് പിന്തുടരുന്നത്. പൊതു നിര്‍ദേശത്തിനു പുറമേ ജില്ലകളില്‍ പല ബഡ്‌സ് സ്‌കൂള്‍ അധ്യാപകരും സ്വന്തം നിലയ്ക്ക് വ്യത്യസ്തമായ ആക്ടിവിറ്റികള്‍ കുട്ടികളെ കൊണ്ടു ചെയ്യിക്കുന്നുണ്ട്. അധ്യാപകര്‍ ഓരോ ദിവസവും രാവിലെ കുട്ടികള്‍ ചെയ്യേണ്ട ആക്ടിവിറ്റികള്‍ എന്തെല്ലാമാണെന്ന് വാട്ട്‌സാപ് ഗ്രൂപ്പു വഴി അറിയിക്കും. ചിത്രരചന, ഹാന്‍ഡിക്രാഫ്റ്റ്‌സ്, മുത്തുമാല കോര്‍ക്കല്‍, പെന്‍സില്‍ ഡ്രോയിങ്ങ്, അമ്മയെ അടുക്കളയില്‍ സഹായിക്കല്‍, ചെടികള്‍ വച്ചു പിടിപ്പിക്കല്‍, ചെടി നയ്ക്കല്‍, മുറ്റം അടിയ്ക്കല്‍ എന്നിവയാണ് എല്ലാ ജില്ലകളിലും പൊതുവായി നല്‍കിയിട്ടുള്ള നിര്‍ദേശം. ഓരോ കുട്ടിയ്ക്കും പ്രത്യേക താല്‍പര്യമുള്ള പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമാണെന്ന് നോക്കി അതാണ് നിര്‍ദേശിക്കുക. എല്ലാ ദിവസവും വൈകുന്നേരം രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടി ചെയ്ത ആക്ടിവിറ്റി എന്തെല്ലാമായിരുന്നുവെന്ന് ഫോട്ടോ അല്ലെങ്കില്‍ വീഡിയോ സഹിതം വാട്ട്‌സാപ് ഗ്രൂപ്പില്‍ പോസ്റ്റു ചെയ്യും.
ഇതിലൂടെയാണ് കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ വിലയിരുത്തുന്നത്. ഇത്തരത്തില്‍ നൂറു കണക്കിന് ഭിന്നശേഷിക്കാരായ കുട്ടികളാണ് ലോക്ക് ഡൗണ്‍ കാലം ഏറ്റവും ക്രിയാത്മകമായ രീതിയില്‍ ചെലവഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."