അമിത് ഷാ സുരക്ഷ ഉറപ്പു നല്‍കി മണിക്കൂറുകള്‍ക്കകം ഡോക്ടര്‍ക്ക് നേരെ വീണ്ടും അതിക്രമം
ഭോപാല്‍: ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശില്‍ ഡോക്ടര്‍ക്ക് നേരെ അതിക്രമം. കൊവിഡ് സംശയിക്കുന്നയാളെ പരിശോധിക്കാന്‍ പോയപ്പോഴാണ് ഡോക്ടര്‍ക്കും ഒപ്പമുണ്ടായ പൊലിസുകാരനും നേരെ ആക്രമണം ഉണ്ടായത്.
ഷിയോപുര്‍ ജില്ലയിലെ ഗാസ്വാനി ഗ്രാമത്തില്‍ വെച്ചാണ് ഡോക്ടറും പൊലിസുകാരനും ആക്രമണത്തിന് ഇരയായത്. പരിശോധനക്കെത്തിയ ഡോ. പവന്‍ ഉപധ്യായ്ക്കും എ.എസ്.ഐ ശ്രീരാം അശ്വതിക്കും നേരെ ഗ്രാമീണനും മകനും കല്ലെടുത്ത് എറിയുകയായിരുന്നു. ഡോക്ടര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടപ്പോള്‍ പൊലിസിന് തലയില്‍ മുറിവുണ്ട്. ആക്രമണം നടത്തിയ ഗ്രാമീണന്റെ മകന്‍ ഗോപാലിന്റെ അസുഖം പരിശോധിക്കാന്‍ ആദ്യം ഡോക്ടര്‍ തനിയെയാണ് എത്തിയത്.
അപ്പോള്‍ ഗോപാലിന്റെ കുടുംബം ആരെയും പരിശോധിക്കാന്‍ അനുവദിച്ചില്ല. ഇതോടെ ഡോക്ടര്‍ പൊലിസില്‍ വിവരം അറിയിക്കുകയും ഒരു പൊലിസുകാരനേയും കൂട്ടി വരികയുമായിരുന്നു. ഇതോടെ ഗ്രാമീണനായ കര്‍ഷകനും രണ്ട് ആണ്‍മക്കളും ചേര്‍ന്ന് കല്ലെറിയുകയായിരുന്നുവെന്നാണ് റിപ്പോര്ട്ട്. ഇവര്‍ക്കെതിരെ ദേശ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് നേരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ ആക്രമണമാണിത്. നേരത്തെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും പുറമേ പൊലിസുകാരും ശുചീകരണ തൊഴിലാളികളും ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായിരുന്നു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നിയമം ശക്തമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."