HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നാലു ശതമാനം ഡി.എ വര്‍ധന മരവിപ്പിച്ചു
backup
April 24 2020 | 02:04 AM
ന്യൂഡല്‍ഹി: കൊവിഡ്- 19 ബാധയുണ്ടാക്കിയ അധിക സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നാലു ശതമാനം ഡി.എ വര്‍ധന കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ഈ വര്‍ഷം ജനുവരി മുതല്‍ 2021 ജൂണ്‍ വരെയുള്ള വര്‍ധനയാണ് മരവിപ്പിച്ചത്.
നിലവില്‍ നല്‍കിവരുന്ന 17 ശതമാനം ഡി.എ തുടരും. ജൂലൈ മുതല്‍ വര്‍ധിപ്പിച്ച തുക നല്‍കും. എന്നാല്‍ മരവിപ്പിച്ച കാലത്തെ കുടിശ്ശികയുണ്ടാകില്ല. ഈ വര്‍ഷം മാര്‍ച്ചിലാണ് ഡി.എ 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജനുവരി മുതലുള്ള പ്രാബല്യത്തോടെയായിരുന്നു വര്‍ധന.
വര്‍ധന മരവിപ്പിക്കുന്നതോടെ ഈയിനത്തില്‍ 2020-2021, 2021-2022 സാമ്പത്തിക വര്‍ഷങ്ങളിലായി 37,350 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനങ്ങള്‍ കൂടി ഈ മാതൃക പിന്തുടര്‍ന്നാല്‍ 82,566 കോടി കൂടി ലാഭിക്കാം. 1.20 ലക്ഷം കോടി ഇങ്ങനെ കണ്ടെത്താന്‍ കഴിയുമെന്നും അതു കൊവിഡിനെതിരായ പോരാട്ടത്തിനായി ഉപയോഗിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
ആരോഗ്യ മേഖലയില്‍ കൂടുതല്‍ തുക ചെലവിടേണ്ടി വരികയും ലോക്ക് ഡൗണ്‍ മൂലം പ്രയാസത്തിലായ പാവപ്പെട്ടവര്‍ക്കു സഹായം ഉറപ്പാക്കാന്‍ തുക കണ്ടെത്തേണ്ടിവരികയുമുണ്ടായ സാഹചര്യത്തിലാണ് ഡി.എ വര്‍ധന തല്‍ക്കാലം നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചതെന്നും കേന്ദ്രം അറിയിച്ചു. 48 ലക്ഷം ജീവനക്കാരെയും 65 ലക്ഷം പെന്‍ഷന്‍കാരെയുമാണ് തീരുമാനം ബാധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."