പ്രഭാഷകര്‍ ഇ-ലോകത്ത് തിരക്കിലാണ്
കൂരാച്ചുണ്ട് : ലോക്ക് ഡൗണ്‍ നിയന്ത്രണ കാലത്തും വാക്കുകളുടെ മുഴക്കമടങ്ങുന്നില്ല. കാതടപ്പിക്കുന്ന ഉച്ചഭാഷിണിയും നിറഞ്ഞു കവിഞ്ഞ സദസ്സുമില്ലെങ്കിലും പ്രഭാഷകരും സംഘടനാ പ്രവര്‍ത്തകരും ഓണ്‍ലൈനില്‍ തിരക്കിലാണ്.വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും സ്‌കൈപ്പിലും സൂമിലുമൊക്കെയായി ആഴ്ചയില്‍ പത്തും പതിനഞ്ചും പരിപാടികളാണ് പലര്‍ക്കും ബുക്കിംഗുള്ളത്.ഗള്‍ഫ് പ്രവാസി ഗ്രൂപ്പുകള്‍ മുതല്‍ മഹല്ലു കമ്മിറ്റികളുടെ പരിപാടികളില്‍ വരെ പലരും വെബ് കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയാണ്.
വീട്ടിലിരുന്ന് സാമ്പത്തിക ബാധ്യതയില്ലാതെ പ്രഭാഷണം സംഘടിപ്പിക്കാനും ശ്രവിക്കാനും സാധിക്കുമെന്നതാണ് സംഘാടകര്‍ക്കു പ്രചോദനമേകുന്നത്. വാട്‌സാപ്പില്‍ വോയ്‌സ് ക്ലിപ്പുകളായും ഫേസ്ബുക്കില്‍ ലൈവായിട്ടുമാണ് പ്രഭാഷണം നടക്കുന്നത്. പരിപാടി സംബന്ധിയായ അറിയിപ്പുകളും പോസ്റ്ററുകളും മുന്‍കൂട്ടി തന്നെ എല്ലാവര്‍ക്കും ഷെയര്‍ ചെയ്യുന്നുണ്ട്.
റമദാന്‍ മുന്നൊരുക്ക ലൈവ് പ്രഭാഷണങ്ങള്‍ക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കേള്‍വിക്കാര്‍ ഏറെയുള്ളത്.പാണക്കാട് തങ്ങന്മാര്‍ തന്നെയാണ് മിക്ക പരിപാടികളിലും ഉദ്ഘാടകര്‍. കൊവിസ് - 19 പശ്ചാത്തലത്തില്‍ പതിവുരീതിയില്‍ ആത്മീയ വൈജ്ഞാനിക സംഗമങ്ങള്‍ അനിശ്ചിതത്വത്തിലായതോടെ പലയിടത്തും റമദാന്‍ ഓണ്‍ലൈന്‍ പഠന ക്ലാസുകളുടെ പോസ്റ്ററിറങ്ങി കഴിഞ്ഞു. എസ്.കെ.എസ്.എസ്.എഫ് , എസ്.വൈ.എസ്, മഹല്ലു കൂട്ടായ്മകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവരാണ് പ്രധാന സംഘാടകര്‍. മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വാരാന്ത വനിതാ ക്ലാസുകളും ഇപ്പോള്‍ ഇ-ലോകത്താണ് നടക്കുന്നത്.മജ്‌ലിസുന്നൂര്‍, ദിക്ര്‍ ദുആ സദസ്സുകളും ഓണ്‍ലൈനില്‍ സജീവമാണ്.
ഒഴിവുകാലത്തെ സമയവിനിയോഗം, ഐഡിയല്‍ പാരന്റിംഗ്, ഹാപ്പി ഫാമിലി തുടങ്ങിയ വിഷയങ്ങളില്‍ മനശാസ്ത്ര, വ്യക്തിത്വ വികസന പ്രസംഗങ്ങളും സജീവമാണ്.
സമസ്ത ട്രഷറര്‍ സി.കെ.എം.സ്വാദിഖ് മുസ് ലിയാരെ കുറിച്ച് നിരവധി ഓണ്‍ലൈന്‍ അനുസ്മരണ പ്രഭാഷണങ്ങളാണ് നടന്നത്. ഡോ.ബി.ആര്‍.അംബേദ്കര്‍,കെ.എം.സീതി സാഹിബ് എന്നിവരുടെ അനുസ്മരണവും ഈ പ്രാവശ്യം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ പ്രഭാഷണങ്ങള്‍ക്കു ഡിമാന്റ് കൂടുതലാണ്.
സുപ്രഭാതം ഓണ്‍ലൈന്‍ ചാനലില്‍ വിവിധ മേഖലകളിലുള്ള പ്രഭാഷകരാണ് സംവദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."