സ്പ്രിങ്ക്‌ളര്‍ കരാറില്‍ സര്‍ക്കാരിനു തിരിച്ചടി: കടുത്ത ഉപാധികളോടെ മാത്രമേ കരാര്‍ തുടരാവൂ എന്നും ഹൈക്കോടതി
കൊച്ചി: സ്പ്രിങ്ക്‌ളര്‍ കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിച്ച് ഹൈക്കോടതിയും. കടുത്ത ഉപാധികളോടെ മാത്രം കരാര്‍ തുടരാമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
അതേ സമയം എന്തുകൊണ്ട് സ്പ്രിംക്‌ളറിനെത്തന്നെ കരാറിനായി തെരഞ്ഞെടുത്തു എന്നും, മറ്റൊരു ഏജന്‍സിയെയോ, കമ്പനികളെയോ പരിഗണിച്ചില്ല എന്നുമായിരുന്നു രാവിലെ ഹരജി പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചത്. സര്‍ക്കാറുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ശേഖരിക്കുന്ന രേഖകള്‍ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കരുതെന്ന് സ്പ്രിംക്ലറിനോട് ഹൈക്കോടതി വ്യക്തമാക്കി. പരസ്യ ആവശ്യത്തിന് കേരള സര്‍ക്കാരിന്റെ പേരോ ലോഗോയോ ഉപയോഗിക്കരുത്. വ്യക്തികളുടെ രേഖാമൂലമുള്ള ഉറപ്പ് വാങ്ങി മാത്രമെ ഇനി വിവര ശേഖരണം പാടുള്ളൂ എന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു. കരാര്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളെല്ലാം ഫയലില്‍ സ്വീകരിച്ച കോടതി കേസുകള്‍ മൂന്നാഴ്ച്ച കഴിഞ്ഞു പരിഗണിക്കുമെന്നും അറിയിച്ചു.
ഉപാധികളോടെ മാത്രം വിവര ശേഖരണം തുടരാം. ഇനി മുതല്‍ വ്യക്തികളുടെ വിവരം ശേഖരണം രേഖാമൂലം അനുമതി വാങ്ങിയ ശേഷം മാത്രമെ നടത്താവൂ. കരാര്‍ കാലാവധി കഴിഞ്ഞാല്‍ മുഴുവന്‍ ഡാറ്റയും സ്പ്രിംക്ലര്‍ തിരിച്ചു നല്‍കണം.
ഡാറ്റ അനാലിസിസിനായി സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് സ്പ്രിന്‍ക്ലറിനെ കണ്ടെത്തിയത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പ്രിന്‍ക്ലറിന്റെ വിശ്വാസ്യത എന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ പോലും വിശദീകരിക്കുന്നില്ല. സ്വാഭാവികമായും കോടതി ഇക്കാര്യത്തില്‍ ഇടപെടേണ്ടതാണ്. എന്നാല്‍ കോവിഡിനെതിരായ പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ കോടതി ഇതില്‍ ഇടപെടുന്നില്ല. സ്പ്രിന്‍ക്ലറെക്കൂടാതെ കോവിഡ് പ്രതിരോധം മുന്നോട്ടുപോവില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. കോവിഡ് പോരാട്ടത്തില്‍ കോടതി ഇടപെടുന്നു എന്ന വ്യാഖ്യാനത്തിന് ഇടകൊടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ബിഗ് ഡാറ്റാ വിവരശേഖരണം സംബന്ധിച്ച് നേരത്തേ സത്യവാങ്മൂലം നല്‍കിയിരുന്നത് പോലെ കേരളത്തെ കോടതിയിലും കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. വിവരശേഖരണത്തിന് ഒരു സ്വകാര്യ അമേരിക്കന്‍ കമ്പനിയെ സമീപിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. വിവരശേഖരണത്തിന് കേന്ദ്ര ഏജന്‍സി സജ്ജമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, കേന്ദ്രത്തെ കേരളം സഹായം തേടി സമീപിച്ചിരുന്നോ എന്ന് കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഇല്ലെന്നായിരുന്നു കോടതിയുടെ മറുപടി. കേന്ദ്രം സഹായിക്കാന്‍ തയ്യാറാണെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് സംസ്ഥാനസര്‍ക്കാര്‍ അതിന് ശ്രമിക്കുന്നില്ല എന്നും കോടതി ചോദിച്ചു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും, ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും ഹരജികളും, ഒരു സ്വകാര്യവ്യക്തി കരാറിനെ എതിര്‍ത്തും നല്‍കിയ ഹരജികളായിരുന്നു ഹൈക്കോടതി പരിഗണിച്ചത്. മുംബൈയില്‍ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധയായ അഭിഭാഷകയായ എന്‍ എസ് നപ്പിന്നൈയാണ് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."