വീടകം സ്വര്‍ഗീയമാവുമ്പോള്‍
ഈ വര്‍ഷത്തെ റമദാനിന് വേറിട്ടൊരു സുഗന്ധമാണ്. പള്ളികള്‍ അടഞ്ഞുവെങ്കിലും സമൂഹ ഇഫ്താറുകള്‍ ഇല്ലെങ്കിലും സവിശേഷമായൊരു അനുഭൂതി പകര്‍ന്നു കൊണ്ടാണ് റമദാന്‍ വന്നണയുന്നത്. വീടുകളില്‍ റംസാനിനെ സ്വീകരിക്കാന്‍ പതിവില്‍ കവിഞ്ഞ ഒരുക്കങ്ങള്‍. മനസ്സുകള്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ സ്ഫുടം ചെയ്തിരിക്കുന്നു. ഹൃദയംകൊണ്ട് റമദാനിനെ സ്വീകരിക്കാന്‍ വെമ്പല്‍കൊള്ളുന്ന വിശ്വാസികള്‍. അല്ലാഹു നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹമാണ് വീട്. അവിടെയാണ് ശാന്തിയും സമാധാനവും സൗഭാഗ്യവും.
'അല്ലാഹു നിങ്ങള്‍ക്ക് വീടുകളെ സമാധാനമാകിയിരിക്കുന്നു '(സൂറത്ത് നംല് 80). ഭൂമിയില്‍ നമുക്ക് അല്ലാഹു നല്‍കിയ സ്വര്‍ഗം. ലോകത്തൊരു സംസ്‌കാരത്തിലും ഇതുപോലെ മേന്മയാര്‍ന്ന കുടുംബ സംവിധാനമില്ല. കുടുംബ ബന്ധം ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വിശിഷ്ടമായ അടയാളമായാണ് പരിചയപ്പെടുത്തുന്നത്. കുടുംബത്തിന്റെ സന്തോഷാനുഭവത്തെ വിശ്വാസികളുടെ സ്വഭാവവുമായി ഖുര്‍ആന്‍ പരിചയപ്പെടുത്തി. 'സത്യവിശ്വാസികള്‍ പറയും. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഭാര്യമാരിലും സന്താനങ്ങളിലും നിന്നു സന്തോഷം ലഭിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്കു നീ പ്രദാനം ചെയ്യേണമേ, ഞങ്ങളെ നീ ഭക്തന്മാര്‍ക്ക് മാതൃകയാക്കുകയും ചെയ്യേണമേ'. (അല്‍ ഫുര്‍ഖാന്‍ 74). സ്വര്‍ഗത്തിന്റെ വിശേഷണങ്ങള്‍ അല്ലാഹു പറയുമ്പോഴും പരിചയപ്പെടുത്തിയത് കുടുംബമായിട്ടുള്ള സ്വര്‍ഗീയ ജീവിതത്തെയാണ്. അവിടെ ഇണകളും മക്കളും മാതാപിതാക്കളും ചേര്‍ന്ന ജീവിതമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. കുടുംബമില്ലാത്ത ജീവിതം സ്വര്‍ഗത്തിലില്ല എന്നര്‍ഥം. അപ്പോള്‍ സ്വര്‍ഗീയജീവിതത്തിന്റെ ഒരു കൊച്ചുപതിപ്പാണ് ദുനിയാവിലെ കുടുംബജീവിതം..
അല്ലാഹു മനുഷ്യനെ ഭൂമിയില്‍ സൃഷ്ടിച്ചത് പ്രപഞ്ചത്തിന്റെ നിര്‍മാണത്തിന് വേണ്ടിയാണ്. അത് വലിയ ഉത്തരവാദിത്വമാണ്. ആകാശഭൂമികള്‍ വിസമ്മതിക്കുകയും മനുഷ്യന്‍ ഏറ്റെടുക്കുകയും ചെയ്ത ഉത്തരവാദിത്വം... ഈ ദൗത്യം പ്രാപ്തമാക്കാനാണ് കുടുംബത്തെ നല്‍കിയത്. അവിടെ സ്ത്രീയും പുരുഷനും മക്കളും മാതാപിതാക്കളും പരസ്പരം കടമകള്‍ പങ്കിടുന്നു, വികാരങ്ങള്‍ പങ്കുവയ്ക്കുന്നു. ചിലപ്പോള്‍ വീടായിരിക്കും പൊതുയിടങ്ങളെക്കാള്‍ രക്ഷയാവുക. ഉഖ്ബത് ബിന്‍ ആമിര്‍ ഉദ്ധരിക്കുന്നു: ഞാന്‍ പ്രവാചകനോട് ചോദിച്ചു, നബിയേ എന്താണ് രക്ഷ? ആപ്പോള്‍ നബി (സ)പറഞ്ഞു: 'നിന്റെ നാവിനെ പിടിച്ചു വയ്ക്കുക, കഴിവതും വീട്ടില്‍ തന്നെ സമയം ചിലവഴിക്കുക. ചെയ്ത തെറ്റുകള്‍ ഓര്‍ത്തു കണ്ണീര്‍ പൊഴിക്കുക.വ്രതാനുഷ്ഠാനത്തിന്റെ പ്രധാനലക്ഷ്യം തഖ്‌വയാണല്ലോ. 'ഹോ സത്യവിശ്വാസികളേ.. നിങ്ങളുടെ മുന്‍ഗാമികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടത് പോലെ നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടി നിങ്ങള്‍ക്കും നോമ്പിനെ നിര്‍ബന്ധമാക്കപ്പെട്ടു '.(സൂറത്തുല്‍ ബഖറ )
തഖ്‌വയും ബന്ധങ്ങളും തമ്മില്‍ ഗാഢമായ ബന്ധമാണുള്ളത്.ഏറ്റവും ശക്തമായ ബന്ധം കുടുംബ ബന്ധമാണല്ലോ. നൂറ്റമ്പതോളം സ്ഥലങ്ങളില്‍ അല്ലാഹു ഊന്നിപ്പറഞ്ഞ തഖ്‌വയുടെ ഏറ്റവും വലിയ പരീക്ഷണകേന്ദ്രം വീടുകളാണ്. ഒരു വ്യക്തിയുടെ യഥാര്‍ഥരൂപം പ്രകടമാകുന്നത് അവിടെയാണ്. അവിടെ പരാജയപ്പെടുമ്പോള്‍ അയാള്‍ അല്ലാഹുവിന്റെയടുക്കല്‍ വിലകുറഞ്ഞവനായിത്തീരുന്നു. മുജാദല സൂറത്തിന്റെ തുടക്കമായ 'ഖദ് സമിഅ' യിലൂടെ വീട്ടിന്റെയുള്ളിലെ രഹസ്യങ്ങള്‍ അല്ലാഹു ശ്രദ്ധിക്കുന്നു എന്നാണല്ലോ പഠിപ്പിക്കുന്നത്. വീടിന്റെയുള്ളില്‍ സൂക്ഷ്മജീവിതം നയിക്കുന്നവന്‍ പുറംലോകത്തും പരിശുദ്ധനായിരിക്കും. അപ്പോള്‍ റമദാനിന്റെ ഉദ്ദേശം നേടിയെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളത്രെ വീടുകള്‍. കുടുംബത്തില്‍ തഖ്‌വയുണ്ടാക്കാനുള്ള അല്ലാഹുവിന്റെ ആഹ്വാനം നോക്കൂ 'നിങ്ങള്‍ നിങ്ങളുടെ ശരീരത്തെയും കുടുംബത്തെയും നരകത്തെ തൊട്ട് സൂക്ഷിക്കുക'. പൂര്‍വ്വികമഹത്തുക്കള്‍ വീടുകള്‍ക്കുള്ളില്‍ സൂക്ഷ്മജീവിതം നയിച്ചവരായിരുന്നു. കുടുംബാംഗങ്ങള്‍ക്കിടയില്‍ അവര്‍ തഖ്‌വയുടെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി.
നബി (സ)പറഞ്ഞു 'മനുഷ്യന്റെ ഭൗതിക സൗഭാഗ്യങ്ങളാണ് മൂന്നു കാര്യങ്ങള്‍. നല്ല വീട്, നല്ല ഇണ, നല്ല വാഹനം'. ഈ നന്മ മേളിച്ച വീടുകളില്‍ കഴിയാന്‍ നമുക്കവസരം ലഭിച്ചിരിക്കുകയാണിപ്പോള്‍. മാത്രമല്ല നബി (സ)ഒരിക്കല്‍ പറഞ്ഞു 'ഒരാള്‍ക്ക് കുടുംബത്തില്‍ സമാധാനവും ശാരീരികസൗഖ്യവും ദൈനംദിന ജീവിതവകയും ലഭിച്ചാല്‍ അവന് ലോകം ലഭിച്ചത് പോലെയായി '. കുടുംബമാണ് ജീവിതം എന്നാണ് ഇതെല്ലാം നമുക്ക് നല്‍കുന്ന സന്ദേശം. അതനുഭവിക്കാനുള്ള വാതിലുകളാണ് റമദാനിലൂടെ തുറക്കപ്പെട്ടിട്ടുള്ളത്. ആ വാതിലിലൂടെ നമുക്ക് സ്വര്‍ഗവാതിലിലേക്ക് നീങ്ങാം...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."