പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വഴി തുറക്കുമോ?കേന്ദ്രത്തിന്റെ കത്തിൽ പ്രതീക്ഷയോടെ ലക്ഷകണക്കിന് പേ൪
ജിദ്ദ: ഗള്‍ഫ് നാടുകളിൽ കുടുങ്ങി കിടക്കുന്ന ഗര്‍ഭിണികളടക്കമുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് പ്രതീക്ഷ നൽകി കേന്ദ്ര സർക്കാരിന്റെ കത്ത്. നിലവിൽ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച ഹരജികളില്‍ പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ കഴിയില്ലെന്ന നിലപാടിൽ ആയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ആലോചനയില്ലെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി ആവര്‍ത്തിച്ചിരുന്നു. ഇതോടെ നിരാശയിൽ കഴിഞ്ഞിരുന്ന പ്രവാസികൾക്ക് ചെറിയ പ്രതീക്ഷ നൽകുന്നതാണ് പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
കേരളം പ്രവാസികളെ സ്വീകരിക്കാന്‍ ഒരുക്കമാണെന്ന് അറിയിച്ചിരുന്നെങ്കിലും പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതുവരെ നടക്കാതെ പോയത്.
നിലവിൽ യുഎഇ. സഊദി ഗവണ്‍മെന്റ് വിദേശ യാത്രക്കാരെ മടക്കി അയക്കുന്നതിന് അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ സഊദിതയ്യാറാക്കിയ ‘ഔദ’ പദ്ധതിയില്‍ വിമാനം ഇറങ്ങാന്‍ അനുമതി ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യക്കാരെ പരിഗണിച്ചിട്ടുമില്ല.
നിലവിൽ യുഎഇ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സഊദിയിൽ നിന്നു ഫിലിപ്പീന്‍സുകാര്‍ക്ക് പിന്നാലെ സിംഗപ്പൂര്‍ സ്വദേശികളും അവരുടെ രാജ്യത്തെത്തി. വെള്ളിയാഴ്ച രാവിലെ 85 പേരുമായി പ്രത്യേക വിമാനം സിംഗപ്പൂര്‍ സിറ്റിയിലെത്തി. സൗദിയില്‍ പഠിക്കുന്ന 40 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് സര്‍ക്കാര്‍ അയച്ച വിമാനത്തില്‍ നാട്ടിലെത്തിയത്.
നിലവിൽ ഇന്ത്യക്കാര്‍ കൂടുതല്‍ കുടുങ്ങി കിടക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. വിസിറ്റിങ് വിസയില്‍ പോയവരും, വയോജനങ്ങള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വിസ കാലാവധി പൂര്‍ത്തിയാക്കിയവര്‍, കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ സ്റ്റുഡന്റ് വിസക്കാര്‍, ജയില്‍മോചിതരായവര്‍, ടൂറിസ്റ്റ് വിസയില്‍ പോയവരുമടക്കം ജോലി നഷ്ടമായവര്‍ വരെ നാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. അതേ സമയം സഊദിയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക മെയ് മാസത്തിലാകുമെന്ന സൂചന. നേരത്തെ ഇതു സംബന്ധിച്ചു ചില അറിയിപ്പുകൾ പുറത്തുവന്നിരുന്നു.
അതേ സമയം സഊദിയില്‍ 13 ലക്ഷം മലയാളികളാണുളളത്. ഇതില്‍ 65,000 മലയാളികള്‍ കേരളത്തിലേക്ക് യാത്ര ചെയ്യാനുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."