റിയാദ് ചേംബറുമായി സഹകരിച്ച് റിയാദ് ഗവർണ്ണറേറ്റിന്റെ ‘ഖൈറാത്തു റിയാദ്’ ഭക്ഷ്യ വിതരണ പദ്ധതി
റിയാദ്: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സഊദിയിൽ നടപ്പിലാക്കിയ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ നിമിത്തം പ്രയാസപ്പെടുന്നവർക്ക് സഹായ ഹസ്തവുമായി റിയാദ് ഗവർണ്ണറേറ്റ് രംഗത്ത്. ‘ഖൈറാതുറിയാദ്’ എന്ന പേരിൽ റിയാദ് ചേംബർ ഓഫ് കൊമേർസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി പ്രകാരം സ്വദേശികൾക്കും വിദേശികൾക്കും ഭക്ഷ്യ വസ്തുക്കൾ എത്തിക്കുകയാണ് ചെയ്യുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം റിയാദ് ഗവർണ്ണറേറ്റ് സെക്രട്ടറി ഡോ. ഫൈസൽ അൽ സുദൈരി നിർവ്വഹിച്ചു. കർഫ്യൂ മൂലം പ്രതിസന്ധിയിലായ കമ്പനികളിലും സ്ഥാപനങ്ങളിലും മറ്റുമുള്ള ജീവനക്കാരും കുടുംബങ്ങളുമടക്കം നിരവധി പേർ പ്രയാസത്തിലാണെന്ന് മനസ്സിലാക്കിയാണ് ഇത്തരമൊരു പദ്ധതി ഗവർണ്ണറേറ്റ് ആരംഭിച്ചിരിക്കുന്നത്. പുറത്തിറങ്ങാൻ പറ്റാത്തത് മൂലം ഗ്രാമ പ്രദേശങ്ങളിലുള്ളവർ ഒറ്റപ്പെട്ടാണ് കഴിയുന്നത്. പല സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുന്നതിനാൽ ജീവനക്കാർക്ക് ശമ്പളമടക്കം ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. ഇക്കൂട്ടത്തിൽ ജോലി നഷ്ടപ്പെട്ടവരുമുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രയാസപ്പെടുന്നവർക്ക് എത്രയും പെട്ടെന്ന് ഭക്ഷ്യ വസ്തുക്കളെത്തിക്കാനാണ് പദ്ധതി വഴി ലക്ഷ്യ മിടുന്നത്. ആവശ്യക്കാർ റിയാദ് ചേംബർ ഓഫ് കൊമേർസിന്റെ വെബ്സൈറ്റിൽ (http:/bit.ly/34NBMjF) ‘മുബാദറതു ഖൈറാതി റിയാദ്’ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. പേര്, മൊബൈൽ നമ്പർ, ഇ മെയിൽ അഡ്രസ്, സഹായത്തിന്റെ രീതി എന്നിവ വിശദമാക്കണം. പദ്ധതിയിൽ പങ്കാളികളാവാൻ വ്യവസായികൾക്കും സ്ഥാപന ഉടമകൾക്കും അവസരമുണ്ട്. പ്രയാസപ്പെടുന്ന നിരവധി പേർക്ക് ഇത് വഴി സഹായമെത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് റിയാദ് ചേംബർ ഓഫ് കൊമേർസ് ചെയർമാൻ അജ്ലാൻ അൽ അജ്ലാൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."