മൂന്നാര്‍ നടപടികള്‍ പ്രതിരോധിക്കാന്‍ വ്യാപാരികളെ രംഗത്തിറക്കി സി.പി.എം
തൊടുപുഴ: മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയുമായി റവന്യു വകുപ്പ് രംഗത്തെത്തിയതിന് പിന്നാലെ പ്രതിരോധ തന്ത്രങ്ങളുമായി സി.പി.എം രംഗത്ത്. കൈയേറ്റം ഇല്ലെന്നുവരുത്തി ഒഴിപ്പിക്കല്‍ നീക്കം തടയാനാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.എം ശ്രമം. മന്ത്രി എം.എം മണിയുടെ പിന്തുണയോടെയാണ് നടപടി. വ്യാപാരികളെയും കര്‍ഷകരെയും തോട്ടം തൊഴിലാളികളെയും അണിനിരത്തി രാഷ്ട്രീയ എതിര്‍പ്പുകളെ മറികടക്കാനും ഇതുവഴി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുമാണ് തീരുമാനം. ആദ്യപടിയായി മൂന്നാര്‍ ടൗണിലെ വ്യാപാരികളെ സജ്ജമാക്കിയ പാര്‍ട്ടി വരുംദിവസങ്ങളില്‍ തോട്ടം തൊഴിലാളികളെയും കര്‍ഷകരെയും രംഗത്തിറക്കാനും പദ്ധതി തയാറാക്കിക്കഴിഞ്ഞു.
ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മൂന്നാറിലെ വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും. മൂന്നാറില്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹാരിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് സി.പി.എം മുന്‍കൈയെടുത്ത് സമരം ചെയ്യുന്നത്. മൂന്നാര്‍ ടൗണ്‍ഷിപ്പ് വികസന അതോറിറ്റി രൂപീകരിക്കാന്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കാമെന്നും വാഗ്ദാനമുണ്ട്. ടാറ്റയില്‍ നിന്ന് മൂന്നാറിനെ മോചിപ്പിച്ച് ടൗണിന്റെ ഉടമാവകാശം തങ്ങള്‍ക്ക് ലഭിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്ന വ്യാപാരികള്‍ സി.പി.എം സമ്മര്‍ദത്തെ തുടര്‍ന്ന് എം.എല്‍.എ അടക്കമുള്ള നേതാക്കളുടെ കൈയേറ്റം സംരക്ഷിക്കുന്നതിനായി സമരത്തിനിറങ്ങുന്ന സവിശേഷ സാഹചര്യമാണ് മൂന്നാറിലുള്ളത്.
മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന ഭൂമി സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് 45 വര്‍ഷം മുന്‍പത്തെ ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് നിലവിലുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും കരം പിരിച്ചും എതിര്‍ക്കുന്നവരെ അടിച്ചൊതുക്കിയും നാട്ടുരാജാവായി ടാറ്റാ ഇപ്പോഴും വാഴുകയാണിവിടെ. കണ്ണന്‍ദേവന്‍ ഹില്‍സ് നിയമം (കെ.ഡി.എച്ച്. ആക്ട്) തലനാരിഴ കീറി പരിശോധിച്ച ശേഷമാണ് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിറക്കിയത് (നമ്പര്‍ എല്‍.ബി. (എ) 2522771).
ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്. ടാറ്റയുടെ അധീശത്വം മൂലം പൊറുതിമുട്ടിയ വ്യാപാരികളും പൊതുജനങ്ങളുമാണ് പരാതി നല്‍കിയിരിക്കുന്നത്. ടാറ്റയുടെ പിടിയില്‍ നിന്നും മൂന്നാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ഷങ്ങളായി സമരം നടത്തിവരികയാണ്. കണ്ണന്‍ദേവന്‍ ഹില്‍സ് റിസംപ്ഷന്‍ ആക്ട് പ്രകാരം മൂന്നാര്‍ ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനാണെന്ന് കാണിച്ച് 2003 ല്‍ അന്നത്തെ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ.എ. പ്രസന്നകുമാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇടുക്കി കലക്ടറായിരുന്ന എന്‍. രാമകൃഷ്ണനും ദേവികുളം സബ് കലക്ടറായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവും ലാന്‍ഡ് ബോര്‍ഡ് ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം ടാറ്റയുടെ സ്വാധീനം മൂലം പാതിവഴിയില്‍ പരാജയപ്പെട്ടു.
ടാറ്റക്ക് കപ്പം കൊടുത്താണ് വ്യാപാരവും പാര്‍പ്പിടവുമെല്ലാം മൂന്നാറില്‍ നിലനില്‍ക്കുന്നത്. ഇവിടത്തെ വൈദ്യുതിയും ജലവും വിതരണം ചെയ്യുന്നത് കമ്പനിയാണ്. താമസത്തിനും കച്ചവടത്തിനും വര്‍ഷാവര്‍ഷം കമ്പനിയില്‍ ഫീസ് അടച്ച് ലൈസന്‍സ് പുതുക്കണം. ഇവരുടെ അനുവാദമില്ലാതെ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ പാടില്ല. ഈ അവസ്ഥക്ക് മാറ്റം വരുത്തുമെന്ന സി.പി.എം വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഇപ്പോള്‍ വ്യാപാരികള്‍ സി.പി.എമ്മിനു വേണ്ടി രംഗത്തിറങ്ങുന്നത്.
മൂന്നാര്‍: ആവശ്യമെങ്കില്‍ ഇടപെടുമെന്ന് രാജ്‌നാഥ് സിങ്
ആലുവ: പരിസ്ഥിതിലോല പ്രദേശമായ മൂന്നാറില്‍ വ്യാപകമായ കൈയേറ്റം നടക്കുന്നുവെന്ന പരാതിയെ കുറിച്ച് പഠിച്ച ശേഷം ആവശ്യമെങ്കില്‍ ഇടപെടുമെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൈയേറ്റം ഒഴിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നല്‍കിയ 'സേവ് മൂന്നാര്‍' എന്ന ബുക്ക്‌ലെറ്റ് സ്വീകരിച്ച ശേഷമാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഉത്തരാഖണ്ഡ് ദുരന്തം മൂന്നാറില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമാന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ടും കൈയേറ്റം തെളിയിക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുന്നതാണ് 'സേവ് മൂന്നാര്‍' ബുക്ക്‌ലെറ്റ്.
മൂന്നാറില്‍ കുറെ വര്‍ഷങ്ങളായി കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും നടക്കുകയാണ്. പരിസ്ഥിതി ലോലപ്രദേശമായ മൂന്നാറിലെ കൈയേറ്റം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന അവസ്ഥയിലാണെന്നും കുമ്മനം പറഞ്ഞു.
കൈയേറ്റം നിയമാനുസൃതം ഒഴിപ്പിക്കും: കാനം രാജേന്ദ്രന്‍
കോട്ടയം: മൂന്നാറിലെ കൈയേറ്റങ്ങള്‍ നിയമാനുസൃതം ഒഴിപ്പിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
കൈയേറ്റം ചെറുതായാലും വലുതായാലും രേഖകള്‍ പരിശോധിച്ച് റവന്യു ഉദ്യോഗസ്ഥര്‍ തന്നെ ആവശ്യമായ നടപടിയെടുക്കും. നിയമാനുസൃതമുള്ള കുടിയേറ്റക്കാര്‍ക്കു പേടിക്കാനില്ല.
കൈയേറ്റമൊഴിപ്പിക്കാന്‍ പ്രത്യേക സംഘം വേണ്ടെന്നും കാനം പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റിയത് സര്‍ക്കാരാണെന്നും ഇതില്‍ പാര്‍ട്ടികള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കാനം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."