അനുവദിച്ച വായ്പ ധനവകുപ്പ് മുടക്കി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഇത്തവണയും ശമ്പളം വൈകും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളത്തിന് തടസമായി ധനവകുപ്പ്. കെ.ടി.ഡി.എഫ്.സിയില്‍ നിന്നും 80 കോടിയുടെ വായ്പ എടുക്കാന്‍ ധനവകുപ്പ് അനുമതി നല്‍കിയില്ല. എ.കെ ശശീന്ദ്രന്‍ രാജിവച്ചപ്പോള്‍ മുഖ്യമന്ത്രി ഗതാഗത വകുപ്പ് ഏറ്റെടുത്തിരുന്നു. പകരം മന്ത്രി വകുപ്പ് ഏറ്റെടുക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം കൃത്യസമയത്ത് കൊടുത്തില്ലെങ്കില്‍ ചീത്തപ്പേരുണ്ടാകുമെന്ന് മനസ്സിലാക്കി മുഖ്യമന്ത്രി നേരത്തേതന്നെ കെ.ടി.ഡി.എഫ്‌സിയുമായി ധാരണയില്‍ എത്തിയിരുന്നു. ഗതാഗതവകുപ്പ് കൈകാര്യം ചെയ്തിരുന്ന എല്ലാ മന്ത്രിമാരും ചെയ്യുന്നതുപോലെ ഡിപ്പോ പണയപ്പെടുത്തിയാണ് മുഖ്യമന്ത്രിയും വായ്പ തരപ്പെടുത്തിയത്. എന്നാല്‍, വായ്പ എടുക്കാനും കടം വാങ്ങാനുമെല്ലാം കെ.എസ്.ആര്‍.ടി.സിക്ക് ധനവകുപ്പിന്റെ അനുമതി വേണം. കെ.ടി.ഡി.എഫ്.സി വായ്പ രണ്ടുദിവസം മുന്‍പ് അനുവദിച്ചെങ്കിലും ധനവകുപ്പ് ഇതിന് അംഗീകാരം നല്‍കിയിട്ടില്ല.
മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമാണിതെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. വകുപ്പുമന്ത്രി രാജിവയ്ക്കുകയും, സര്‍ക്കാര്‍ പ്രതിരോധത്തിലുമായ സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളം വൈകിയാല്‍ പ്രശ്‌നം രൂക്ഷമാകുമെന്ന സ്ഥിതി ഒഴിവാക്കാനാണ് മുഖ്യമന്ത്രി ഇടപെട്ട് വായ്പ വേഗത്തില്‍ തരപ്പെടുത്തിയത്.
എല്‍.ഡി.എഫ് മന്ത്രിസഭ അധികാരത്തില്‍ വന്നിട്ട് പത്തുമാസം കഴിഞ്ഞെങ്കിലും ഒരു മാസം പോലും ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കാന്‍ സാധിച്ചിട്ടില്ല. പുതിയ മന്ത്രി തോമസ്ചാണ്ടി കഴിഞ്ഞ ദിവസം അധികാരമേറ്റതോടെ അധിക ചുമതലയില്‍ നിന്നും മുഖ്യമന്ത്രി തലയൂരി. ഇതോടെ ശമ്പളത്തിന്റെ കാര്യത്തില്‍ പുതിയ മന്ത്രി തീരുമാനമെടുക്കേണ്ട സ്ഥിതിയായി.
ഇന്ന് ധനമന്ത്രിയെ കാണുമെന്ന് തോമസ്ചാണ്ടി
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതു സംബന്ധിച്ച് ഇന്ന് ധനമന്ത്രിയുമായി നേരിട്ട് സംസാരിക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി.
മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വാങ്ങിയ വായ്പയ്ക്കു തടസ്സം നിന്നത് എന്തിനാണെന്ന് ധനമന്ത്രിയോട് ചോദിക്കുമെന്നും അദ്ദേഹം സുപ്രഭാതത്തോടു പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളത്തിനു വേണ്ടിയാണ് വായ്പ എടുത്തത്. സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും ഇതിനു തയാറാകുന്നില്ല. എന്നിട്ടും, വായ്പ ലഭ്യമാക്കുന്നതിന് തടസം നില്‍ക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിലെ തന്റെ ഓഫിസില്‍ പോകുന്നതിനു മുന്‍പ് ധനമന്ത്രിയെ നേരിട്ടു കാണും.
ഇന്നലെ ധനമന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ജീവനക്കാരുടെ ശമ്പളം രണ്ടു ദിവസത്തിനുള്ളില്‍ ലഭ്യമാക്കാനുള്ള നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."