ഫാര്‍മസിയില്‍ ജീവനക്കാരില്ല; ജില്ലാ ആശുപത്രിയില്‍ ക്യൂ ദുരിതം
മാനന്തവാടി: ജില്ലാ ആശുപത്രിയിലെ ഫാര്‍മസിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ മരുന്നിനായി രോഗികള്‍ വരിനിന്ന് വലയുന്നു. എട്ട് ജീവനക്കാര്‍ വേണ്ടിടത്ത് മൂന്ന് പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്.
രണ്ട് സ്ഥിരം ജീവനക്കാരും ഒരു എന്‍.ആര്‍.എച്ച്.എം ജീവനക്കാരനുമാണ് ഉള്ളത്. കഴിഞ്ഞ ദിവസം വരെ ഉണ്ടായിരുന്ന കരാര്‍ ജീവനക്കാരന്റെ കാലാവധി അവസാനിച്ചതോടെ ഒഴിവാവുകയും ചെയ്തു.
ഇതോടെയാണ് നിലവിലുള്ള ജീവനക്കാരുടെ ജോലി ഭാരം ഇരട്ടിച്ചിരിക്കുകയാണ്. ഇന്നലെ രോഗികളുടെ വന്‍നിരയാണ് ഫാര്‍മസിക്ക് മുന്‍പില്‍ രൂപപ്പെട്ടത്. ഒരു മണിക്കൂറിലധികം സമയം വരിനിന്നാണ് രോഗികള്‍ക്ക് മരുന്ന് ലഭിച്ചത്. സ്ഥലപരിമിതി രോഗികളെയും ജീവനക്കാരെയും ഒരു പോലെ വലയ്ക്കുന്നുണ്ട്.
മൂന്ന് കൗണ്ടറുകള്‍ മാത്രമാണ് നിലവില്‍ ഉള്ളത്. സൗകര്യപ്രദമായ സ്ഥലത്ത് ഫാര്‍മസി മാറ്റി സ്ഥാപിക്കണമെന്ന ജീവനക്കാരുടെ ആവശ്യം ചെവിക്കൊള്ളാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല.
കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഫാര്‍മസിയില്‍ രോഗികള്‍ക്ക് ക്യൂ ദുരിതം തുടരുകയാണ്. ആറു ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുന്നുണ്ടെങ്കിലും ഫാര്‍മസിയില്‍ രണ്ടു ജീവനക്കാര്‍ മാത്രമാണുള്ളത്.
ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."