തിരുവട്ടൂരില്‍ ബൈക്കുകള്‍ കത്തിച്ചു
തളിപ്പറമ്പ്: തിരുവട്ടൂര്‍ വായാട് രണ്ടു ബൈക്കുകള്‍ അജ്ഞാതര്‍ അഗ്നിക്കിരയാക്കി. തിരുവട്ടൂരിലെ പി.സി.എം ഉമ്മര്‍കുട്ടിയുടെ ബുള്ളറ്റ് ഭാഗികമായും കെ സവാദിന്റെ ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം. സവാദ് പെരുമ്പയില്‍ പച്ചക്കറി കടയില്‍ ജീവനക്കാരനാണ്. വായാട് താമസം തുടങ്ങിയിട്ട് മൂന്നു മാസമേയായുള്ളൂ. ബൈക്ക് റോഡരികിലെ കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിടാറാണ് പതിവ്. ഉമ്മര്‍കുട്ടിയും വര്‍ഷങ്ങളായി ഇവിടെയാണ് ബൈക്ക് നിര്‍ത്തിയിടാറുള്ളത്.
തീവച്ചവര്‍ സവാദിന്റെ ബൈക്കാണ് ലക്ഷ്യം വച്ചതെന്ന് കരുതുന്നു. ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനായ ഉമ്മര്‍കുട്ടി തിരുവട്ടൂര്‍ മഖാം ഉറൂസിനു വേണ്ടി സാധനങ്ങള്‍ ഇറക്കിയ ശേഷം പുലര്‍ച്ചെ ബൈക്ക് നിര്‍ത്തിയിട്ട് വീട്ടിലേക്ക് പോയതായിരുന്നു. ബൈക്ക് കത്തുന്നതു കണ്ട് ഓടിവന്ന് തീയണക്കുകയായിരുന്നു. പരിയാരം പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."