പൊലിസിന്റെ രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്
തൊടുപുഴ: സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടേയും നിര്‍ദേശ പ്രകാരം പ്രവര്‍ത്തിക്കുകയും മുസ്‌ലിം ലീഗ് - യു.ഡി.എഫ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന തൊടുപുഴ സി.ഐ എന്‍.ജി. ശ്രീമോന്റെ രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സി.പി.എമ്മിന് സഹായിക്കുന്ന സി.ഐക്കും പൊലിസുകാര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ തയാറാകണം. ഏതാനും ദിവസങ്ങളായി ഇടവെട്ടിയിലും പരിസര പ്രദേശങ്ങളിലും സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണ്. ഇത് കണ്ടില്ലെന്ന് നടിച്ച് അക്രമികള്‍ക്ക് ഓശാന പാടുന്ന നയമാണ് സി.ഐ സ്വീകരിച്ചുവരുന്നതെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഇടവെട്ടി ടൗണിന് സമീപത്ത് വച്ച് വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി യൂത്ത് ലീഗ് പ്രവര്‍ത്തകരെ അക്രമിക്കുകയായിരുന്നു. പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യൂത്ത് ലീഗ് പ്രവര്‍ത്തകരെ 308 വകുപ്പ് ചുമത്തി ആശുപത്രിയില്‍ നിന്നും ബലമായി അറസ്റ്റ് ചെയ്തു. സി.പി.എം നേതാക്കളുടെ നിര്‍ദേശമനുസരിച്ചാണ് സി.ഐ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ എതിരാളികളെ പൊലിസിനെ ഉപയോഗിച്ച് നിര്‍വീര്യമാക്കാനുള്ള തന്ത്രമാണ് തൊടുപുഴയില്‍ സി.പി.എം നടത്തുന്നത്. സി.പി.എമ്മുകാര്‍ അല്ലാത്തവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ് തൊടുപുഴയില്‍ പൊലിസ് സൃഷ്ടിച്ചിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് വെങ്ങല്ലൂരില്‍ വഴി നിര്‍മാണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ സി.പി.എമ്മുകാരനായ വാര്‍ഡ് കൗണ്‍സിലറുടെ നിര്‍ദേശ പ്രകാരം യു.ഡി.എഫ് പ്രവര്‍ത്തകരുടെ പേരില്‍ വധ ശ്രമത്തിന് കേസെടുത്തിരുന്നു.
ഉടുമ്പന്നൂരില്‍ മുസ്‌ലിം ലീഗിന്റെ കൊടി മരത്തില്‍ ഡി.വൈ.എഫ്.ഐക്കാരുടെ കൊടി സ്ഥാപിച്ചവര്‍ക്കെതിരേ നടപടി എടുക്കാതെ അക്രമികളെ സംരക്ഷിക്കുന്ന നയമാണ് പൊലിസ് സ്വീകരിച്ചതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ആരോപിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ലീഗ് വൈസ് പ്രസിഡന്റുമാരായ അസീസ് ഹാജി, അബ്ദുല്‍ ജബ്ബാര്‍, പി.എം അബ്ബാസ്, എം.എ കരീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."