ലോകകപ്പിനെ വരവേറ്റ് എഫ്.സി കേരളയുടെ റോഡ് ഷോ
തൃശൂര്‍: ലോക ഫുട്‌ബോളിലെ പ്രതിഭകള്‍ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ പതിച്ച പ്ലക്കാര്‍ഡുകളുമായി താളവാദ്യങ്ങളുടെ അകമ്പടിയോടെ കുരുന്നുകള്‍ അണിനിരന്നപ്പോള്‍ ആവേശം കൊടുമുടി ചൂടി.
റഷ്യയില്‍ നടക്കുന്ന ലോക കപ്പ് 2018 ല്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളുടെയും ഇന്ത്യയുടെയും പതാകയേന്തിയ ബാനറുകള്‍ കൈകളിലേന്തിയ പെണ്‍കുട്ടികളും ഉത്സവാന്തരീക്ഷത്തിന് മാറ്റുകൂട്ടി. എഫ്.സി കേരളയും തൃശൂര്‍ പ്രസ്‌ക്ലബും ചേര്‍ന്ന് ഇന്നലെ രാവിലെ തൃശൂര്‍ നഗരത്തില്‍ ഒരുക്കിയ ഫുട്‌ബോള്‍ റോഡ് ഷോയാണ് വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായത്.
രാവിലെ കോര്‍പറേഷന്‍ സിന്തറ്റിക് ടര്‍ഫ് മൈതാനത്തെ യൂറോപ്യന്‍ ശൈലിയിലുള്ള പരിശീലനത്തിനു ശേഷമാണ് എഫ്.സി കേരളയുടെ കുട്ടികള്‍ ലോകകപ്പ് ജ്വരം നാടാകെ പടര്‍ത്താന്‍ രംഗത്തിറങ്ങിയത്. റോഡ് ഷോ തുടങ്ങുന്നതിനു മുന്‍പ് കനത്തു പെയ്ത മഴക്കും ആഞ്ഞുവീശിയ കാറ്റിനുമൊന്നും എല്‍.കെ.ജി മുതല്‍ എഫ്.സി കേരളയുടെ പ്രൊഫഷണല്‍ ടീം അംഗങ്ങള്‍ വരെയുള്ളവരുടെ സംഘത്തിന്റെ ലോകകപ്പ് ആവേശത്തെ കെടുത്താനായില്ല.ആദ്യം ലോകകപ്പ് ബാനറിനും രാജ്യങ്ങളുടെ പതാതകള്‍ക്കു കീഴിലും കുട്ടികള്‍ അണിനിരന്നു. ഇതിനുപിറകെ 32 ലോകകപ്പ് രാജ്യങ്ങളുടെ പതാക ആലേഖനം ചെയ്ത പ്ലെക്കാര്‍ഡുകള്‍ എത്തി.
ബ്രസീല്‍, അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍ എന്നീ കൊമ്പന്മാരുടെ പതാകകള്‍ സ്വന്തമാക്കാന്‍ കുരുന്നുകള്‍ തിക്കും തിരക്കും കൂട്ടി.
മുന്‍നിരയില്‍ വാദ്യമേളക്കാരും രണ്ടാം നിരയില്‍ എഫ്.സി കേരളയുടെ താരങ്ങളും ഏറ്റവും പിന്നില്‍ എഫ് സി കേരളയുടെ കൂറ്റന്‍ ഫഌക്‌സേന്തിയ യുവാക്കളും നിരന്നു.
തുടര്‍ന്ന് ലോകകപ്പ് രാജ്യങ്ങളുടെ തൂവല്‍ തൊപ്പിയണിഞ്ഞ വാദ്യസംഘത്തിന്റെ നേതൃത്വത്തിലുള്ള കൊട്ട് പാരമ്യത്തിലെത്തി. റോഡ് ഷോ സ്റ്റഡിയത്തില്‍ നിന്ന് വടക്കേ സ്റ്റാന്‍ഡിലേക്ക് പ്രവേശിച്ചതോടെ കാഴ്ചക്കാരും ഫുട്‌ബോള്‍ ലഹരി നുകര്‍ന്നു.
കരുണാകരന്‍ നമ്പ്യര്‍ റോഡില്‍ നിന്ന് ഷോ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ മഴയോടൊപ്പം ഫുട്‌ബോള്‍ ആവേശവും കനത്തു.
റൗണ്ടിലെത്തിയപ്പോള്‍ കുട്ടികള്‍ക്കൊപ്പം പരിശീലകരും ഫുട്‌ബോള്‍ പ്രേമികളും ലോകകപ്പ് പ്രചാരണത്തില്‍ പങ്കാളികളായി.
ഗേള്‍സ് ഹൈസ്‌കൂള്‍, പാറമേക്കാവ്, ജനറല്‍ ആശുപത്രി വഴി റോഡ്‌ഷോ തെക്കേനടയിലേക്ക് കയറിയപ്പോള്‍ മഴ മാറി മാനം തെളിഞ്ഞു. റോഡ് ഷോ അറിഞ്ഞെത്തിയ ഫുട്‌ബോള്‍ പ്രേമികളും തെക്കേ ഗോപുരനടയില്‍ സംഗമിച്ച ലോകകപ്പ് റാലിയില്‍ പങ്കുചേര്‍ന്നു.
ഏവരും ഫുട്‌ബോള്‍ മാമാങ്കത്തെ വരവേറ്റ് ഗോപുരനടയില്‍ ആനന്ദ നൃത്തം ചവുട്ടി.
പരിപാടിയുടെ ഭാഗമായി ഷൂട്ടൗട്ട് മത്സരവും ഫുട്‌ബോള്‍ സ്‌കില്‍ പ്രദര്‍ശനവും ഉണ്ടായിരുന്നു. കെ.എഫ്.എ സീനിയര്‍ വൈസ് പ്രസി. കെ.പി സണ്ണി, എഫ്.സി കേരള ഡയരക്ടര്‍ വി എ നാരായണ മേനോന്‍, ചീഫ് കോച്ച് പി എ പുരുഷോത്തമന്‍, മാനേജര്‍ കെ എ നവാസ്, പ്രസ് ക്ലബ് പ്രസി. കെ പ്രഭാത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്ര. സുരേഷ്, ഡി എഫ് എ സെക്ര. ഡേവിസ് മൂക്കന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തൃശൂര്‍ നഗരഹൃദയത്തെ കീഴടക്കിയ റോഡ് ഷോ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."