സഊദിയില്‍ ദുരിതത്തിലായ മലയാളിയടക്കം 40 ഇന്ത്യന്‍ തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങി
ജിദ്ദ: സഊദിയില്‍ ദുരിതത്തിലായ മലയാളിയടക്കം 40 ഇന്ത്യന്‍ തൊഴിലാളികളെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. റിയാദിലെ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്തിരുന്ന യുപി, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ 39 പേരും ഒരു മലയാളിയും അടക്കം 40 തൊഴിലാളികളെയാണ് നാട്ടിലെത്തിച്ചത്.
ഏഴ് മാസമായി ശമ്പളവും ആഹാരവും ലഭിക്കാതെ ദുരിതത്തില്‍പെട്ട് കഴിയുകയായിരുന്ന ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ചാരിറ്റി ഓഫ് പ്രവാസി മലയാളി പ്രസിഡന്റ് അയൂബ് കരൂപ്പടന്നയുടെ സഹായത്തോടെയാണ് തൊഴിലാളികളെ നാട്ടിലെത്തിച്ചത്.
മൂന്നു മാസമായി ജോലിയെടിപ്പിക്കുന്ന കമ്പനി നിരന്തരം ഇവരുടെ സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സ്‌പോണ്‍സര്‍ സഹകരിച്ചില്ല. ഇവരുടെ ശമ്പളകുടിശികയും കൊടുത്തില്ല. സ്‌പോണ്‍സര്‍ കരാര്‍ പുതുക്കി നല്‍കുകയാണെങ്കില്‍ ജോലി നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്.അല്ലെങ്കില്‍ എംബസി ഇവരെ ഇവിടെ നിന്നും കൊണ്ടുപോകണമെന്നുള്ള നിലപാടാണ് കമ്പനി എടുത്തത്.
സാമൂഹ്യ പ്രവര്‍ത്തകര്‍ കമ്പനി മാനേജ്‌മെന്റുമായി സംസാരിച്ച് സ്‌പോണ്‍സറുടെ ഫോണ്‍ നമ്പറും അഡ്രസും വാങ്ങിയപ്പോഴാണ് അറിയുന്നത് സ്‌പോണ്‍സര്‍ അല്‍ ഹോത്താ ബനി തമീം എന്നസ്ഥലത്താണെന്ന്. പലകുറി സ്‌പോണ്‍സറുമായി ബന്ധപ്പെടാന്‍ നോക്കിയെങ്കിലും ഫലമുണ്ടായില്ല.
അവസാനം ജയന്‍ കൊടുങ്ങല്ലുരും അയൂബ് കരൂപടന്നയും ഹോത്താ പൊലിസ് സ്റ്റേഷനില്‍ ചെന്ന് സ്റ്റേഷന്‍ മേധാവിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തിയ വിവരം അറിഞ്ഞ സ്‌പോണ്‍സര്‍ ഉടനെ സാമൂഹ്യ പ്രവര്‍ത്തകരുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
പൊലിസിന്റെ സഹായത്തോടെ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തിരികെ വാങ്ങുകയും ഇവര്‍ക്ക് നാട്ടില്‍ പോകുന്നതിന് യാതൊരു തടസ്സവുമില്ല എന്ന് എഴുതി വാങ്ങുകയുമായിരുന്നു.
തുടര്‍ന്ന് എംബസിയുടെ സഹായത്തോടെ തര്‍ഹീലുമായി ബന്ധപ്പെട്ട് എല്ലാവരുടെയും ഫൈനല്‍ എക്‌സിറ്റ് അടിച്ചുവാങ്ങി .
ഇതിനിടയില്‍ ബീഹാര്‍ സ്വദേശിയായ് ദിനേശ് റായ് ഹൃദയ സ്തംഭനം മൂലം മരണപെട്ടു. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."