ഉദ്ഘാടനത്തിന് മുന്‍പ് റോഡ് തകര്‍ന്നു
വളയം: ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റീ ടാറിങ് നടത്തിയ വളയം പഞ്ചായത്തിലെ മഞ്ചാന്തറ-കുയ്‌തേരി റോഡ് ഉദ്ഘാടനത്തിന് മുന്‍പേ തകര്‍ന്നു. 40 ലക്ഷം രൂപ ചെലവൊഴിച്ച് കഴിഞ്ഞ മാസമാണ് റോഡ് നവീകരിച്ചത്. പ്രവൃത്തിയുടെ തുടക്കത്തില്‍ തന്നെ നിരവധി ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ആവശ്യത്തിന് ടാര്‍ ഉപയോഗിക്കാതെ നടത്തിയ പ്രവൃത്തിയില്‍ വന്‍ അഴിമതി നടന്നതായുള്ള ആക്ഷേപം ശരിവെക്കുന്ന തരത്തിലാണ് കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ റോഡ് തകര്‍ന്നത്.
കുയ്‌തേരി ഭാഗത്താണ് റോഡില്‍ പലയിടത്തും ടാര്‍ ഇളകി കുഴികള്‍ രൂപപ്പെട്ടത്. ടാറിങ് കഴിഞ്ഞ് ഏറെ ദിവസങ്ങള്‍ കഴിഞ്ഞാണ് റോഡിന്റെ ഇരുവശങ്ങളും കോണ്‍ക്രീറ്റ് ചെയ്തത്. കോണ്‍ക്രീറ്റു ചെയ്ത പല ഭാഗങ്ങളും ഇളകി തുടങ്ങി. റോഡ് തകര്‍ന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഗതാഗത യോഗ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പണി കുറ്റമറ്റ രീതിയില്‍ ചെയ്താലെ ബില്‍ തുക നല്‍കൂവെന്നും അതിനുവേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാപഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."