പീഡനശ്രമം തടഞ്ഞ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം
ന്യൂഡല്‍ഹി: പീഡനശ്രമം ചെറുത്ത 16കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. കഴുത്തില്‍ മാരകമായി മുറിവേറ്റ കുട്ടിയെ ഡെല്‍ഹിയിലെ ലാല്‍ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കിഴക്കന്‍ ഡെല്‍ഹിയിലെ യമുന കേദാര്‍ ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ താമസിച്ചിരുന്ന സ്ഥലത്തെ അയല്‍വാസിയായ 20കാരനാണു പരിചയം നടിച്ചെത്തി പെണ്‍കുട്ടിയ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് തടഞ്ഞതോടെയാണ് കത്തിയെടുത്ത് കുട്ടിയുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചത്.
പെണ്‍കുട്ടി ബാത്ത്‌റൂമിലേയ്ക്ക് പോകുന്നതിനു പിന്നാലെ യുവാവും പോകുന്നതു വീട്ടുകാരിലൊരാള്‍ കണ്ടിരുന്നു. ബാത്ത്‌റൂമില്‍വച്ച് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതു ശക്തമായി ചെറുത്ത പെണ്‍കുട്ടിയെ ഇയാള്‍ വീടിനടുത്തു നിന്നു 100 മീറ്റര്‍ അകലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി കഴുത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടതോടെ ബന്ധുക്കളും സമീപത്തുള്ളവരും ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടു. രക്തത്തില്‍ കുളിച്ച പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശിയായ യുവാവാണ് അക്രമം നടത്തിയതെന്നു കുട്ടിയുടെ പിതാവ് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
പലതവണ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. പ്രശ്‌നം ആരുമാറിയാതിരിക്കാന്‍ യുവാവും കുടുംബവും താമസിച്ചതിനടുത്തു നിന്നു വീടൊഴിഞ്ഞു കിഴക്കന്‍ ഡല്‍ഹിയിലേക്കു വരികയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചു.
ഇവിടെ എത്തിയിട്ടും ശല്യം തുടരുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതിനിടയില്‍ ഓടി രക്ഷപ്പെട്ട യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തതായി പാണ്ഡവ്‌നഗര്‍ പൊലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ റിഷി പാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."