റവന്യൂവകുപ്പില്‍ സമഗ്ര അഴിച്ചുപണി വരുന്നു
തിരുവനന്തപുരം: റവന്യൂവകുപ്പില്‍ തഹസില്‍ദാര്‍ മുതലുള്ള ഉദ്യോഗസ്ഥരെ മാറ്റിനിയമിക്കാന്‍ തീരുമാനമായി.
അഡിഷണല്‍ ചീഫ് സെക്രട്ടറിയെയും ജില്ലാ കലക്ടര്‍മാരെയും മാറ്റാന്‍ സി.പി.എം തടസം നില്ക്കുന്ന വേളയിലാണ് സംസ്ഥാനത്തെ 75 തഹസില്‍ദാര്‍മാരെയും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെയും മാറ്റാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
സ്ഥലംമാറ്റേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയ്ക്ക് അന്തിമരൂപമായിക്കഴിഞ്ഞു. ഹുസൂര്‍ ശിരസ്തദാര്‍- എ.ഡി.എം തലത്തിലും മാറ്റംവരും. സി.പി.ഐയുടെയും സി.പി.എം അനുകൂല സര്‍വിസ് സംഘടനകളിലെയും ഭാരവാഹികളെ താക്കോല്‍സ്ഥാനത്തു നിയമിക്കുന്ന വിധമാവും പുതിയ സ്ഥലംമാറ്റപ്പട്ടിക.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനാളുകളില്‍ എടുത്ത വിവാദ തീരുമാനങ്ങള്‍ക്കു പിറകില്‍ പ്രവര്‍ത്തിച്ച വകുപ്പ് സെക്രട്ടറിയെ നീക്കണമെന്നു റവന്യൂമന്ത്രി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി അനുകൂല നിലപാടല്ല സ്വീകരിച്ചത്.
സെക്രട്ടറിതലത്തില്‍ വരുത്തിയ മാറ്റത്തിലും സി.പി.ഐ മന്ത്രിമാര്‍ അതൃപ്തിയിലാണ്. ഡെപ്യൂട്ടി കലക്ടര്തലത്തില് ഇതിനകം വ്യാപക അഴിച്ചുപണിയാണു റവന്യൂവകുപ്പില്‍ നടന്നത്.
തഹസില്‍ദാര്‍ അടക്കമുളള ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ സി.പി എമ്മിനു തലയിടാന്‍ സാധിക്കില്ലെന്നു വ്യക്തമായതോടെയാണു നടപടികളുമായി റവന്യൂവകുപ്പ് മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.
തങ്ങളുടെ വകുപ്പുകളില്‍ കൈകടത്തുന്ന സി.പി എമ്മിന്റെ നയങ്ങളോടുള്ള പ്രതിഷേധം ഇതിനകം മന്ത്രിമാര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."