ബാങ്ക് രേഖകള്‍ തിരിമറി നടത്തിയ പ്രതിക്ക് ജാമ്യം
കൊച്ചി: പട്ടണക്കാട് സര്‍വിസ് സഹകരണ ബാങ്കിലെ രേഖകളില്‍ തിരിമറി നടത്തി 9.20 കോടി രൂപ തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി ചേര്‍ത്തല പട്ടണക്കാട് സ്വദേശിയും ബാങ്ക് സെക്രട്ടറിയുമായ ടി.വി മണിയപ്പന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യംതേടി മണിയപ്പന്‍ നല്‍കിയ ഹരജി പരിഗണിച്ച ജസ്റ്റിസ് ബി. കെമാല്‍പാഷയുടേതാണ് ഉത്തരവ്.
അഞ്ചുലക്ഷം രൂപയുടെ ബോണ്ടും രണ്ടു ആള്‍ജാമ്യവുമാണ് പ്രധാന വ്യവസ്ഥ. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, മുന്‍കൂര്‍ കോടതി അനുമതിയില്ലാതെ ആലപ്പുഴ ജില്ലയ്ക്കു പുറത്തുപോകരുത്, സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുത് എന്നിങ്ങനെയുള്ള ജാമ്യവ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2010 ഏപ്രില്‍ ഒന്നു മുല്‍ 2015 ഒക്ടോബര്‍ 13 വരെയുള്ള കാലയളവില്‍ ബാങ്ക് അക്കൗണ്ടിലെ രേഖകളില്‍ തിരിമറി നടത്തി പണം തട്ടിയെടുത്തു എന്നാണ് കേസ്. മണിയപ്പനു പുറമേ ബാങ്കിലെ സീനിയര്‍ ക്ലാര്‍ക്ക്, അറ്റന്‍ഡര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
2016 ഏപ്രില്‍ 20നാണ് ഈ കേസില്‍ മണിയപ്പന്‍ പൊലിസ് മുന്‍പാകെ കീഴടങ്ങിയത്. ഈ കേസില്‍ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയശേഷം പ്രതി കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്നു കണ്ടാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."