ജപ്തിനേരിട്ട കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം: അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
പാലക്കാട്: കാര്‍ഷിക വായ്പ തിരിച്ചടയ്ക്കാന്‍ വഴിയില്ലാതെ ജപ്തി നടപടി നേരിട്ട കര്‍ഷകന്‍ കൃഷിയിടത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പരേതന് നിലവിലുള്ള കടാശ്വാസ- കര്‍ഷക സഹായ പദ്ധതികളുടെ സംരക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് പാലക്കാട് ജില്ലാ കളക്ടര്‍ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.കടം ഒഴിവാക്കണമെന്ന പരേതന്റെ അപേക്ഷയില്‍ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികളും കമ്മീഷനെ അറിയിക്കണം.
കൃഷിപ്പിഴ സംഭവിക്കുന്ന ഇടത്തരം കര്‍ഷകര്‍ക്ക് ദേശസാല്‍കൃത ബാങ്കുകളിലുള്ള വായ്പാ കുടിശികകളില്‍ നിലവിലുള്ള സമാശ്വാസ പദ്ധതികളുടെ ആനുകൂല്യം പരേതന് നിഷേധിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കര്‍ഷക ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ചടയപ്പന്റെ കാര്യത്തില്‍ ഏതെങ്കിലും ഫോറം നിഷേധിക്കുകയോ വൈകിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന വസ്തുത ചീഫ് സെക്രട്ടറി സമര്‍പ്പിക്കുന്ന വിശദീകരണത്തിലുണ്ടാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
തുടര്‍ച്ചയായ കൃഷിനാശം കാരണം ശരീരം തളര്‍ന്ന് രോഗാവസ്ഥയിലായ വടക്കഞ്ചേരി കിഴക്കേപാളയം രാജമ്മ നിവാസില്‍ ചടയപ്പനാണ് (55) മരിച്ചത്. ജപ്തി നടപടികള്‍ ഒഴിവാക്കാന്‍ ചടയപ്പന്‍ വിവിധ കേന്ദ്രങ്ങളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയുണ്ട്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."