ഇന്ത്യയ്ക്കിപ്പോഴും യുദ്ധമനസെന്നു ചൈനീസ് മാധ്യമം
ന്യൂഡല്‍ഹി: ഇന്ത്യയിപ്പോഴും 1962ലെ യുദ്ധമനസുംകൊണ്ട് നടക്കുകയാണെന്ന് ചൈനീസ് മാധ്യമം. ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം നേടാനുള്ള ശ്രമം ചൈനീസ് എതിര്‍പ്പുമൂലം പരാജയപ്പെട്ടതിനു പിന്നാലെയുണ്ടായ വാക്‌പോരിന്റെ തുടര്‍ച്ചയായാണ് പ്രമുഖ ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ നിയന്ത്രണത്തിലുള്ള പത്രമാണ് ഗ്ലോബല്‍ ടൈംസ്. എന്‍.സി.ജി യോഗത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ മനസ് ഇപ്പോഴും പ്രയാസപ്പെടുന്നതായാണ് കാണുന്നതെന്ന് ഗ്ലോബല്‍ ടൈംസില്‍ വന്ന ലേഖനം കുറ്റപ്പെടുത്തുന്നു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ പലതും ഇതിന് ചൈനയെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. ചൈന ഇന്ത്യാവിരുദ്ധരും പാക് അനുകൂലികളുമായതിനാലാണ് എന്‍.എസ്.ജി അംഗത്വത്തെ എതിര്‍ത്തതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ചിലര്‍ ചൈനയ്ക്കും ചൈനീസ് ഉത്പന്നങ്ങള്‍ക്കുമെതിരേ തെരുവിലിറങ്ങി. ചില നിരീക്ഷകര്‍ ചൈനയുമായുള്ള ബന്ധം ഇന്ത്യ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയുടെ വളര്‍ച്ച ചൈനയ്ക്ക് സഹിക്കില്ലെന്ന് അവര്‍ കരുതുന്നു. ന്യൂഡല്‍ഹി ബീജിങ്ങിനെക്കുറിച്ച് തെറ്റായ ധാരണകള്‍ കൊണ്ടുനടക്കുകയാണ്. അത് നയതന്ത്ര തീരുമാനങ്ങളില്‍ വലിയ വ്യതിയാനമുണ്ടാക്കുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
ചൈനയുടെ വസ്തുനിഷ്ടമായ നിലപാടുകള്‍ ഇന്ത്യ മനസിലാക്കുകയാണ് വേണ്ടത്. എന്‍.പി.ടി കരാറില്‍ ഒപ്പുവച്ചാല്‍ മാത്രമേ എന്‍.എസ്.ജി അംഗത്വം ലഭിക്കുകയുള്ളു. ഇന്ത്യയിപ്പോഴും ഈ കരാര്‍ ഒപ്പുവച്ചിട്ടില്ല. 48 എന്‍.എസ്.ജി അംഗരാജ്യങ്ങളുടെ അനുവാദത്തോടെ മാത്രമേ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാകാന്‍ ഇന്ത്യയ്ക്ക് സാധിക്കുകയുള്ളു. ചൈനയ്‌ക്കൊപ്പം നിരവധി രാജ്യങ്ങള്‍ ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ത്തു. ചൈനയെ കരിവാരിത്തേക്കുന്നതിനേക്കാള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. സാമ്പത്തികവും വാണിജ്യപരവുമായ ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌ക്കരിക്കുകയാണ് ഇന്ത്യയും ചൈനയും ചെയ്യേണ്ടത്. ഇന്ത്യയും ചൈനയും വികസിക്കുന്നതിലൂടെ മാത്രമേ പുതിയ ലോകക്രമവും ഏഷ്യയുടെ നൂറ്റാണ്ടും രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ലേഖനം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."