ദേശീയപാത വികസനം: സ്ഥലമെടുപ്പും ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുന്നു
കാസര്‍കോട്: ജില്ലയില്‍ ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പും ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുന്നു. ജില്ലയുടെ അതിര്‍ത്തിയായ തലപ്പാടി മുതല്‍ നീലേശ്വരം വരെയാണ് ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്നത്. രണ്ടുഘട്ടങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാക്കുന്ന ദേശീയപാതയുടെ സ്ഥലമെടുപ്പ് അന്തിമഘട്ടത്തിലാണ്. ഇതിനിടയില്‍ തന്നെ ടെന്‍ഡര്‍ നടപടികളും പുരോഗമിക്കുകയാണ്.
തലപ്പാടി മുതല്‍ ചെങ്കള വരെയും ചെങ്കള മുതല്‍ നീലേശ്വരം വരെയും രണ്ടുഘട്ടങ്ങളിലായാണ് ദേശീയപാതാ വികസനം സാധ്യമാക്കുന്നത്. നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ദേശീയപാത നിര്‍മിക്കുന്നത്. ദേശീയപാതയില്‍ നിര്‍മിക്കുന്ന 50.49 കോടി രൂപ എസ്റ്റിമേറ്റുള്ള നീലേശ്വരം പള്ളിക്കര റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. 39 കിലോമീറ്ററുള്ള തലപ്പാടി-ചെങ്കള ദേശീയപാതയും 37.268 കിലോമീറ്റര്‍ വരുന്ന ചെങ്കള നീലേശ്വരം ടൗണ്‍ റെയില്‍വേ ഗേറ്റ് പാതയുമാണ് നിര്‍മിക്കുക.
ജില്ലയില്‍ ദേശീയപാത വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതിനെതിരേ ചില സ്ഥലങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിലയിടങ്ങളില്‍ പ്രാദേശികമായും നഗരങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടമാവുന്ന വ്യാപാരികളും കെട്ടിട ഉടമകളും പ്രതിഷേധത്തിലാണ്. എന്നാല്‍ എതിര്‍പ്പുകള്‍ വകവെക്കാതെ സ്ഥലമടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.
നീലേശ്വരത്തടക്കം ആരാധാനാലയങ്ങള്‍ ഇല്ലാതാകുമെന്നതിനെ തുടര്‍ന്ന് അലൈന്‍മെന്റ് മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അലൈന്‍മെന്റ് മാറ്റുന്ന കാര്യത്തിലും തീരുമാനമൊന്നും ആയിട്ടില്ല.
നിക്ഷിപ്തതാല്‍പര്യക്കാര്‍ ഉയര്‍ത്തുന്ന അനാവശ്യവിവാദങ്ങള്‍ കാരണം സ്ഥലമെടുപ്പ് തടസപ്പെട്ടിട്ടിട്ടില്ലെന്നും ഫൈനല്‍ അലൈന്‍മെന്റ് തീരുമാനിക്കേണ്ടത് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണെന്നും ഇതേവരേ അലൈന്‍മെന്റില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."