തീക്കൊള്ളികൊണ്ട് തല ചൊറിയരുത്
നീതിമാനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കഥ പറയാം. നഗരത്തിലെ ഒരു വില്ലേജ് ഓഫിസിലാണ് ആ ചെറുപ്പാക്കാരനു നിയമനം ലഭിച്ചത്. ചാര്‍ജെടുത്തതു മുതല്‍ ഹരജികള്‍ തീര്‍പ്പാക്കുന്നതില്‍ കാണിച്ച ശുഷ്‌കാന്തി അദ്ദേഹത്തെ ഏറെ ജനപ്രിയനാക്കി. എന്നാല്‍, വര്‍ഷം മൂന്നു കഴിഞ്ഞതേയുള്ളൂ. ആ ഉദ്യോഗസ്ഥന്റെ മട്ടുംമനോഭാവവും മാറി. തന്നോടൊപ്പം സര്‍വീസില്‍ കയറിയ രണ്ടുപേര്‍ അക്കാലംകൊണ്ടുതന്നെ ലക്ഷാധിപതികളായിരിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അതു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മനസിലും ഒരു മോഹമുയര്‍ന്നു. സഹപ്രവര്‍ത്തകരെപ്പോലെ നാലുകാശുള്ളവനാകാന്‍ അദ്ദേഹത്തിനും ആഗ്രഹംതോന്നി.
അടുത്തനാള്‍മുതല്‍ അദ്ദേഹവും സേവനങ്ങള്‍ക്കു പ്രതിഫലം വാങ്ങിത്തുടങ്ങി. നോട്ടുകെട്ടുകള്‍ അയാളെ അന്വേഷിച്ചുവന്നു. എണ്ണിനോക്കാന്‍പോലും നേരമില്ലാതെ എല്ലാം വാരിക്കൂട്ടി വൈകീട്ട് അദ്ദേഹം വീട്ടിലേക്ക് പോകും. അദ്ദേഹത്തിന്റെ ഭാര്യയാണു നോട്ടുകള്‍ എണ്ണിവയ്ക്കാറ്. ഒരിക്കല്‍, പണം എണ്ണിക്കൊണ്ടിരുന്ന ഭാര്യ ഇങ്ങനെ ആത്മഗതം ചെയ്തു: ''നമ്മുടെ നാട്ടില്‍നിന്നു സത്യവും നീതിയുമൊക്കെ കടന്നുപോയല്ലോ.''
സമീപത്തുണ്ടായിരുന്ന ഭര്‍ത്താവ് ഒന്നു ഞെട്ടി. ഇവള്‍ തനിക്കെതിരായോ താന്‍ കൈക്കൂലി വാങ്ങുന്നതിനെയാണോ അവള്‍ വിമര്‍ശിച്ചിരിക്കുന്നത്.
അദ്ദേഹം ചോദിച്ചു: ''എന്തുപറ്റി. എന്താണങ്ങനെ പറഞ്ഞത്.''
ഭാര്യയുടെ മറുപടി ഇങ്ങനെയായിരുന്നു: ''അതേയ്, ഇതുനോക്കിക്കേ, ഈ നോട്ടുകള്‍ക്കിടയിലിതാ കള്ളനോട്ടുകള്‍.''
അതാണു ലോകം!
ഓഫീസില്‍ ഇടപാടിനു വരുന്നവര്‍ അവിഹിതമായി ഒന്നും വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്ന് എല്ലാ സര്‍ക്കാര്‍ ഓഫീസിലും വലുതായി എഴുതിവച്ചിട്ടുണ്ട്. കൈക്കൂലിവാങ്ങുന്നതോ കൊടുക്കുന്നതോ ചോദിക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ വിജിലന്‍സിനെ അറിയിക്കണമെന്നു ഫോണ്‍നമ്പര്‍ സഹിതം ആ കുറിപ്പില്‍ എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. ഇതൊക്കെയുള്ളപ്പോഴും നാടാകെ അഴിമതിയിലും കൈക്കൂലിയിലും മുങ്ങിക്കിടക്കുകയാണ്.
ബി.ജെ.പി ഭരണകാലത്ത് ശവപ്പെട്ടിനിര്‍മാണത്തില്‍പ്പോലും കൈക്കൂലിയിടപാടു നടന്നതായി പരാതിയുണ്ടായി. കോണ്‍ഗ്രസ് ഭരണകാലത്താകട്ടെ ഹെലികോപ്റ്റര്‍ ഇടപാടുകളിലാണ് അഴിമതി ആരോപിക്കപ്പെട്ടത്. ബോഫേഴ്‌സ് ആയുധ ഇടപാടുവരെ നാടിനെ ഞെട്ടിച്ച എത്രയെത്ര അഴിമതികള്‍! അരി കുംഭകോണം, ലാവ്‌ലിന്‍ എന്നിവയില്‍ത്തുടങ്ങി കഴിഞ്ഞ മന്ത്രിസഭയുടെ അവസാനകാലത്തു നടന്ന ഭൂമി പതിച്ചുനല്‍കല്‍വരെ ഒട്ടേറെ അഴിമതിക്കഥകള്‍ നമ്മള്‍ കേട്ടു. ലോട്ടറി വിവാദവും മദ്യനയവും സോളാര്‍ഇടപാടുമൊക്കെയാണ് കഴിഞ്ഞ മന്ത്രിസഭയെ തൂത്തെറിഞ്ഞത്. ഇപ്പോഴും പഴയ കഥകള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ മുന്‍ഭരണാധികാരികളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
രാജ്യാന്തര ഏജന്‍സിയായ ക്രോള്‍ കഴിഞ്ഞാഴ്ച പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയെന്ന നമ്മുടെ മഹാരാജ്യം അഴിമതിയുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. നാം സ്വഛ്ഭാരത് എന്ന മുദ്രാവാക്യവുമായി മുന്നേറിക്കൊണ്ടിരിക്കേ ക്രോളിന്റെ 2015-16 റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് അഴിമതിയുടെ അവിശ്വസനീയമായ കണക്കുകളാണ്.
ആറു വന്‍കരകളില്‍ നടത്തിയ സര്‍വേ 69 ശതമാനം അഴിമതിക്കാരുള്ള നാടാണ് ഇന്ത്യ. സഹറാന്‍ ആഫ്രിക്കയും (84) കൊളംബിയയും (83) മാത്രമാണു നമുക്കു മുമ്പില്‍. ഇന്ത്യയില്‍ സര്‍വേയ്ക്കു വിധേയമായ കമ്പനികളില്‍ 80 ശതമാനവും വെളിപ്പെടുത്തിയതു 2015-26 ല്‍ തങ്ങള്‍ വന്‍അഴിമതിക്കു വിധേയരായെന്നാണ്. തലേവര്‍ഷം ഇത് 69 ശതമാനം മാത്രമായിരുന്നു.
രാജ്യാന്തര നിലവാരവുമായി നോക്കുമ്പോള്‍ അഴിമതി കാരണം വന്‍നഷ്ടം തങ്ങള്‍ക്കുണ്ടായതായി ഈ കമ്പനികള്‍ പറയുന്നു. സാധനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നിടത്തുതന്നെയണ് അഴിമതി ഏറെ നടക്കുന്നത്. എന്നാല്‍, 2013-14 കാലത്തു നഷ്ടം ഏറെ സംഭവിച്ചതു മോഷണത്തിലൂടെയായിരുന്നുവത്രെ- 33 ശതമാനം. കൈക്കൂലിയിലും മറ്റും അന്നു നഷ്ടം 24 ശതമാനമായിരുന്നു. ഇതില്‍ പ്രധാനപങ്കു വഹിക്കുന്നതു സ്ഥാപനങ്ങളിലെ ജൂനിയര്‍ ജീവനക്കാരാണത്രെ.
അഴിമതി നിരോധനമെന്നത് ഇന്ത്യ എന്നും വേദവാക്യമായാണു പറയാറെങ്കിലും പല തട്ടുകളിലായി നടക്കുന്ന അഴിമതിയെ ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുന്നില്ല എന്നതാണനുഭവം. നേരിട്ട് അഴിമതി നടത്താത്തവരും കള്ളനു കഞ്ഞിവയ്ക്കുന്ന തരത്തില്‍ അഴിമതിക്കാരെ കൈമെയ്മറന്നു സഹായിക്കുന്നു. ഉന്നതങ്ങളില്‍നിന്നുതന്നെ അതിനു പിന്തുണ ലഭിക്കുമ്പോള്‍ സംഗതി പറയാനുമില്ലല്ലോ. നീതിന്യായത്തിന്റെ ഉന്നതപീഠമായ ജുഡീഷ്യറിപോലും അഴിമതിയാരോപണങ്ങള്‍ക്കു വിധേയമാകുമ്പോള്‍ രക്ഷതേടി എവിടെ പോവാന്‍
അതേസമയം, നേരിട്ടു നേടാന്‍ കഴിയാത്തവയില്‍ ജയം കരസ്ഥമാക്കാന്‍ വളഞ്ഞവഴി തേടുന്ന വിളഞ്ഞ വിത്തുകളും സമൂഹത്തില്‍ ധാരാളം. മോഷണവുമായി ബന്ധപ്പെട്ട കൊലക്കേസില്‍നിന്നു രക്ഷപ്പെടാന്‍ പ്രതിഭാഗം നടത്തിയ ഒരു ശ്രമത്തിന്റെ കഥ കൂടി കേള്‍ക്കുക. കേസിന്റെ പോക്കു കണ്ടിട്ടു പ്രതിക്കു ജീവപര്യന്തം തടവു ലഭിക്കുമെന്ന് ഏതാണ്ടുറപ്പായിരുന്നു. രക്ഷിച്ചെടുക്കാന്‍ വല്ല വഴിയുമുണ്ടോയെന്നു പ്രതിയുടെ കൂട്ടുകാര്‍ വക്കീലിനോടു ചോദിച്ചു. ജഡ്ജി കൈക്കൂലിക്ക് വഴങ്ങുന്ന ആളാണെന്ന കേട്ടറിവ് വെച്ചായിരുന്നു നീക്കം.
'വേണ്ടാത്തതിനൊന്നും പോവല്ലേ'യെന്നു വക്കീല്‍ ഉപദേശിച്ചു, ''ജഡ്ജി മഹാകണിശക്കാരനാണ്. കര്‍ക്കശക്കാരനായ ന്യായാധിപന്‍. പ്രലോഭനവുമായി ചെന്നാല്‍ തടവുശിക്ഷ ചിലപ്പോള്‍ വധശിക്ഷയായി മാറും.''
വിധിവന്നപ്പോള്‍ പ്രതിയെ വെറുതെ വിട്ടിരിക്കുന്നു! ഇത്തവണ ഞെട്ടിയതു പ്രതിഭാഗം വക്കീല്‍. താന്‍ വാദിച്ചതുകൊണ്ടല്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പ്രതിയെ രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുവന്ന സുഹൃത്തുക്കള്‍ എങ്ങനെയോ കാര്യംം നേടിയതാണെന്ന് അദ്ദേഹത്തിനു ചോദിച്ചു.
അദ്ദേഹം അവരോടു ചോദിച്ചു: ''വല്ലവിധേനയും തരപ്പെടുത്തിയതാണോ''
അതേയെന്ന് അവര്‍ പറഞ്ഞു: ''ജഡ്ജിക്കു ഞങ്ങളൊരു വലിയ പാരിതോഷികം എത്തിച്ചുകൊടുത്തു. എന്നാല്‍ അതിനു പുറത്ത് ഉപചാര പൂര്‍വ്വം എന്നെഴുതി പ്രൊസിക്യൂഷന്‍ വക്കീലിന്റെ പേരാണ് കുറിച്ചിട്ടത്.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."