സ്കൂളുകളിലെ ക്ലാസ് മാറ്റം: ഹരജികള്‍ ഹൈക്കോടതി തള്ളി
കൊച്ചി : എല്‍.പി സ്കൂളിലേക്ക് അഞ്ചാം ക്ലാസും യു.പി സ്കൂളിലേക്ക് എട്ടാം ക്ലാസും അനുവദിക്കണമെന്നാവശ്യപ്പെട്ട് 133 സ്കൂളുകളുടെ മാനേജര്‍മാര്‍ നല്കിയ ഹരജികള്‍ ഹൈക്കോടതി തള്ളി. എന്നാല്‍ അംഗപരിമിതിയുള്ള ഒരു വിദ്യാര്‍ഥിക്ക് പഠനം തുടരാനായി കോഴിക്കോട് ഓമശേരി വെളിമണ്ണ മാപ്പിള യു.പി സ്കൂളിന് എട്ടാം ക്ലാസ് അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
അംഗപരിമിതനായ മുഹമ്മദ് അസീം എന്ന വിദ്യാര്‍ഥിയുടെ കാര്യം പരിഗണിച്ചാണ് വെളിമണ്ണ മാപ്പിള യു.പി സ്കൂളിന് എട്ടാം ക്ലാസ് അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ഇതിനുള്ള ഉത്തരവ് സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുറപ്പെടുവിക്കണമെന്നും വിധിയില്‍ പറയുന്നു.
ഹരജിക്കാരുടെ സ്കൂളുകള്‍ക്ക് സമീപം ഉയര്‍ന്ന ക്ലാസുകളുള്ള സ്കൂളുണ്ടെങ്കില്‍ ഇത്തരമൊരു അപ്ഗ്രഡേഷന് ആവശ്യമില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രാദേശികമായ വിദ്യാഭ്യാസ ആവശ്യം കണക്കിലെടുത്തുള്ള സ്കൂള്‍ മാപ്പിങ് നിലവിലുണ്ട്. സ്കൂള്‍ മാപ്പിങ് നടപടികളെ ഒരിക്കല്‍ പോലും ചോദ്യം ചെയ്യാതെയാണ് ഹരജിക്കാര്‍ ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഒരു പ്രദേശത്തെ സ്കൂളിലേക്കുള്ള ദൂരം, കുട്ടികളുടെ എണ്ണം, ഉയര്‍ന്ന ക്ലാസുകളുള്ള മറ്റു സ്കൂളുകളുടെ വിവരം തുടങ്ങിയവ പരിശോധിച്ചാണ് വിദ്യാഭ്യാസ ആവശ്യം നിശ്ചയിക്കുന്നത്. ഇത്തരത്തില്‍ വിദ്യാഭ്യാസ ആവശ്യമുണ്ടെന്ന് കണ്ടെത്തിയാലാണ് ആ സ്കൂളിന് അപ്ഗ്രഡേഷന് സാദ്ധ്യമാകൂവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ഹൈക്കോടതി ഹരജികള്‍ തള്ളിയത്.കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസാവകാശ നിയമമനുസരിച്ച് എല്‍.പി- യു.പി സ്കൂളുകള്‍ പുനക്രമീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നായിരുന്നു ഹരജിക്കാരുടെ ആക്ഷേപം. ഇത് അനുസരിച്ച് എല്‍.പി സ്കൂളിലേക്ക് അഞ്ചാം ക്ലാസും യുപി സ്കൂളിലേക്ക് എട്ടാം ക്ലാസും അനുവദിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."