ഭിന്നലിംഗക്കാര്‍ക്ക് മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ അവകാശമുണ്ട്: ഹൈക്കോടതി
കൊച്ചി : ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. മകനെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ തടവിലാക്കിയെന്നും വിട്ടു കിട്ടണമെന്നും ആവശ്യപ്പെട്ട് ഇടപ്പള്ളി സ്വദേശിനി ടെസി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ വിധി. ഇവരുടെ മകനെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
പുരുഷന്റെ ശരീര ഘടനയോടു സാമ്യമുണ്ടെങ്കിലും ഇയാള്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് കാക്കനാട് കുസുമഗിരി ആശുപത്രി അധികൃതര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ആണെങ്കിലും ഇയാള്‍ക്ക് മാനസികമായ പ്രശ്‌നങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിവുള്ള, മനോനിലയില്‍ കുഴപ്പമില്ലാത്ത ഒരാളുടെ ഇഷ്ടം മറികടന്ന് കോടതിക്ക് ഇടപെടാനാവില്ലെന്ന് തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയോ പുരുഷനോ അല്ല. ഹരജിക്കാരിയുടെ മകന് സ്വന്തം ഇഷ്ടപ്രകാരം പോകാമെന്നുംഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
നേരത്തെ കോടതിയില്‍ ഹാജരായപ്പോഴും ഹരജിക്കാരിയുടെ മകന്‍ സ്ത്രീവേഷമാണ് ധരിച്ചത്. പെണ്‍കുട്ടിയായാണ് വളര്‍ന്നതെന്നും പെണ്‍കുട്ടികളുമായാണ് തനിക്ക് ചങ്ങാത്തമുള്ളതെന്നും ഇയാള്‍ വ്യക്തമാക്കി. ദിലീപ് നായകനായ ചാന്ത്‌പൊട്ട് എന്ന സിനിമ കണ്ടപ്പോഴാണ് തന്റെ ശരീര ഘടനയും ചിന്തയുമുള്ള മറ്റ് ആളുകളുണ്ടെന്ന കാര്യം അറിഞ്ഞതെന്നും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ തീരുമാനമെടുത്ത ഒരാളെ തടയാന്‍ കോടതിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അമ്മയുടെ ഹരജി തള്ളിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."