പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണത്തിന് തുടക്കം
മാവൂര്‍: വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ പെരുവയല്‍ പഞ്ചായത്തില്‍ ഭരണസമിതിയുടെ നേതൃത്വത്തില്‍ വാഹനത്തില്‍ കുടിവെള്ള വിതരണം ആരംഭിച്ചു. റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കിയോസ്കുകള്‍ സ്ഥാപിച്ച് ജലവിതരണം നടത്താനാണ് ജില്ലാതലത്തില്‍ തീരുമാനിച്ചിരുന്നത്. കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും പഞ്ചായത്ത് നിര്‍ണയിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടിയും ആരംഭിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് രംഗത്തിറങ്ങിയത്.
അഞ്ചു വാഹനങ്ങളിലായാണ് വിതരണം. 15 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചത്. ഓരോ വാര്‍ഡിലും 15 മുതല്‍ 30 വരെ കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ കുടിവെള്ള വിതരണം നടത്തുക. ഇതിനു പുറമെ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായവും ഭരണസമിതി തേടിയിട്ടുണ്ട്.
വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കുന്നുമ്മല്‍ ജുമൈല അധ്യക്ഷയായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ ഷറഫുദ്ദീന്, സുബിത തോട്ടാഞ്ചേരി, സഫിയ മാക്കിനിയാട്ട്, അംഗങ്ങളായ എന്‍.കെ മുനീര്‍, മഹിജാ കുമാരി, വര്‍ക്കിങ് ഗ്രൂപ്പ് വൈസ് ചെയര്മാന് എം.സി സൈനുദ്ദീന്‍, മുഹമ്മദ് പറമ്പില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."