പൈങ്ങോട്ടുപുറത്ത് കണിവെള്ളരികള്‍ക്ക് ആഹ്ലാദത്തിന്റെ വിളവെടുപ്പ്
കുന്ദമംഗലം: ചുട്ടുപൊള്ളുന്ന മീനച്ചൂടിനെ വകവയ്ക്കാതെ വിളയിച്ചെടുത്ത വെള്ളരികള്‍ക്ക് ആഹ്ലാദത്തിന്റെ വിളവെടുപ്പ്. കാര്‍ഷികോത്സവമായ വിഷുവിന് കണിയൊരുക്കാന്‍ കുറ്റിക്കാട്ടൂര്‍, പൈങ്ങോട്ടുപുറം ഭാഗങ്ങളില്‍ കണിവെള്ളരിപ്പാടങ്ങളില് വിളവെടുപ്പ് തുടങ്ങി.
കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്കായി പറിച്ചെടുത്ത വെള്ളരി കര്‍ഷകര്‍ തുടച്ചുവൃത്തിയാക്കിയാണ് അയക്കുന്നത്.
പാളയത്തുനിന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്കു കയറ്റി അയക്കും. വിവിധ ജില്ലകളില്‍നിന്നുള്ള കച്ചവടക്കാര്‍ ഇവിടെവന്ന് നേരിട്ട് പലകര്ഷകരോടും കച്ചവടം ഉറപ്പിച്ചിട്ടുമുണ്ട്.
പ്രാദേശിക പച്ചക്കറി വിപണികള്‍, വിഷു വിപണി ലക്ഷ്യമാക്കി സ്വാശ്രയസംഘങ്ങള്‍ എന്നിവയെല്ലാം കര്‍ഷകരില്‍നിന്ന് വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇടങ്ങളുമുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണിവെള്ളരി കൃഷിചെയ്യുന്നത് കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം, പെരുവയല്‍ പഞ്ചായത്തിലെ കുറ്റിക്കാട്ടൂര്‍, പെരുവയല്‍, മാവൂര്‍ പഞ്ചായത്തിലെ മലപ്രം തുടങ്ങിയ സ്ഥലങ്ങളിലാണ്. ആദ്യകാലങ്ങളില്‍ ഒറ്റപ്പെട്ട രൂപത്തിലായിരുന്നു വെള്ളരി കൃഷി ചെയ്തിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഹെക്ടര്‍ കണക്കിന് സ്ഥലങ്ങളിലാണ് കൃഷി. വെറും ഒന്നരമാസത്തെ അധ്വാനത്തിനൊടുവില്‍ ഫലം പറിച്ചെടുക്കാനാകുമെന്നതാണ് വെള്ളരി കൃഷിയുടെ പ്രത്യേകത.
മലബാറിലെ വെള്ളരിപ്പാടങ്ങളില്‍ പ്രഥമസ്ഥാനമാണ് കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറത്തിനുള്ളത്. ഏക്കര്‍ കണക്കിന് സ്ഥലത്താണിവിടെ വെള്ളരികൃഷി.
ജൈവരീതിയിലാണ് അധികപേരും കൃഷിയിറക്കിയത്. കടുത്ത വരള്‍ച്ചയില്‍ ദൂരെയിടങ്ങളില്നിന്നു വെള്ളമെത്തിച്ചാണ് കാലത്തും വൈകിട്ടും നനച്ചു വളര്‍ത്തിയത്.
വേനല്‍ച്ചൂടിന്റെ ആഘാതത്തില്‍ കണിവെള്ളരികള്‍ പൊട്ടിക്കീറുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കിലോയ്ക്ക് 45 രൂപയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."