ദുരന്തത്തിന്റെ ഓര്‍മയും പേറി കൊളംബിയ
24 വര്‍ഷം മുന്‍പാണത്. 1994 ജൂലൈ 22, പുലരാന്‍ വെമ്പുന്ന വെളുപ്പാന്‍ കാലം, പുലര്‍ച്ചെ മൂന്ന് മണിയായിക്കാണും. എല്‍ പൊബ്ലാദോ നഗരത്തിലെ ബാറിനു സമീപം കൊളംബിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ആന്ദ്രേ എസ്‌കോബാര്‍ സാല്‍ദാരിയാക വെടിയേറ്റു കിടക്കുന്നു.
ഉടന്‍ കൊളംബിയന്‍ പൊലിസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും എന്നെന്നേക്കുമായി കൊളംബിയന്‍ ഫുട്‌ബോളില്‍ നിന്നും ലോക ഫുട്‌ബോളില്‍ നിന്നും മികച്ചൊരു സെന്റര്‍ ബാക്കിനെ നഷ്ടമാകുന്നു.
ഫുട്‌ബോള്‍ ലോകം ഒന്നടങ്കം മൂക്കത്ത് വിരല്‍ വച്ച് മരണത്തിന്റെ കാരണമന്വേഷിച്ചു. പിന്നീടാണ് ആ ഞെട്ടിക്കുന്ന സത്യം പുറംലോകമറിഞ്ഞത്. അറിയാതെ പിറന്ന ഒരു സെല്‍ഫ് ഗോളിന്റെ പേരിലായിരുന്നു എസ്‌കോബാറിന്റെ ജീവന്‍ പൊലിഞ്ഞത്. 1994ല്‍ അമേരിക്കയില്‍ അരങ്ങേറിയ ലോകകപ്പ് ഫുട്‌ബോളിനിടെയായിരുന്നു എസ്‌കോബാറിന്റെ മരണത്തിന് കാരണമായ സെല്‍ഫ് ഗോള്‍ പിറന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്കയുമായുള്ള മത്സരം പുരോഗമിക്കുന്നു. അമേരിക്കയുമായി ജയിച്ചാല്‍ മാത്രമേ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടൂ.
മത്സരം 11 എന്ന സ്‌കോറില്‍ സമനിലയില്‍ നില്‍ക്കുന്നു. അമേരിക്കന്‍ മിഡ്ഫീല്‍ ജോണ്‍ ഹാര്‍ക്‌സിന്റെ പാസ് ഗോള്‍മുഖത്തു നിന്ന് ഒഴാവാക്കാനുള്ള ശ്രമത്തിനിടയില്‍ പന്ത് അബദ്ധത്തില്‍ കാലില്‍ തട്ടി കൊളംബിയയുടെ വലയില്‍. കൊളംബിയക്ക് 21ന്റെ തോല്‍വിയും ലോകകപ്പില്‍ നിന്ന് പുറത്താകലും. സെല്‍ഫ് ഗോള്‍ വീണതിന്റെ പതിനൊന്നാം നാളായിരുന്നു ഫുട്‌ബോള്‍ ലോകത്തെ പിടിച്ചു കുലുക്കിയ ആ വെടിപൊട്ടിയത്.
ആ ജീവനൊപ്പം കൊളംബിയന്‍ ഫുട്‌ബോളിന്റെ പ്രതാപവും നിലച്ചു. ലോകകപ്പ് ജയിക്കാന്‍ മതിയായൊരു ടീമുമായിട്ടായിരുന്നു സംഘം അന്ന് അമേരിക്കയിലെത്തിയത്. പക്ഷെ ചെറിയൊരു പിഴയുടെ പേരില്‍ പൊലിഞ്ഞ ജീവന് കൊളംബിയ പിന്നീട് വലിയ വിലനല്‍കേണ്ടി വന്നു. പിന്നീട് കൊളംബിയയില്‍ നിന്ന് പുറത്തിറങ്ങിയ ദ ടു എസ്‌കോബാര്‍സ് (ഠവല ംേീ ഋരെീയമൃ)െ എന്ന ഡോക്യുമെന്ററി എസ്‌കോബാറിന്റെ മരണകാരണം വ്യക്തമാക്കുന്നു. മയക്കുമരുന്നു മാഫിയയും വാതുവെപ്പു സംഘങ്ങളുമാണ് എസ്‌കോബാറിനെ വെടിവച്ചു കൊന്നത്. ഗാലന്‍ ബ്രദേഴ്‌സ് എന്ന മയക്കുമരുന്ന് മാഫിയയായിരുന്നു എസ്‌കോബാറിന്റെ കൊലക്കു പിന്നില്‍. മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയ കൊളംബിയയെ പതിയെ ഫുട്‌ബോളിലേക്ക് കൈ പിടിച്ച് നടത്താനുള്ള എസ്‌കോബാറിന്റെ ശ്രമങ്ങള്‍ വിജയം കണ്ടു തുടങ്ങുന്നതിനിടെയായിരുന്നു സംഭവം. എസ്‌കോബാറിന്റെ കൊലക്ക് ശേഷം പതിനാറു വര്‍ഷം കഴിഞ്ഞാണ് കൊളംബിയ അടുത്ത ലോകകപ്പ് കളിക്കുന്നത്. തകര്‍ന്നു കിടന്നിരുന്ന ഫുട്‌ബോളിനെ പുനരുജ്ജീപ്പിക്കുന്നതില്‍ കൊളംബിയന്‍ ഫുട്‌ബോള്‍ ഇതിഹാസമായിരുന്ന വാള്‍ഡറാമയുടെയും മറ്റും കഠിന പരിശ്രമമുണ്ടായിരുന്നു.
1962ലായിരുന്നു കൊളംബിയ ആദ്യമായി ലോകകപ്പില്‍ പ്രവേശിച്ചത്. അതിന് ശേഷം ആറു തവണ ലോകകപ്പില്‍ പന്തുതട്ടി. 2014ല്‍ ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചതായിരുന്നു മികച്ച നേട്ടം. ബയേണ്‍ മ്യുണിക് താരമായ ജെയിംസ് റോഡ്രിഗയിന്റെയും യുവാന്‍ കോദ്രാഡോ, മോണോക്കോ താരം റഡാമല്‍ ഫാല്‍ക്കാവോ, ജാവോ റോഡ്രിഗസ് എന്നിവരടങ്ങുന്ന മികച്ചൊരു സംഘമുണ്ട് കൊളംബിയയക്ക്. 1994 ലെ ലോകകപ്പിന് ശേഷം തകര്‍ന്നു പോയ കൊളംബിയന്‍ ഫുട്‌ബോളിന്റെ വീണ്ടും ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതില്‍ പ്രധാന പങ്ക് ജെയിംസ് റോഡ്രിഗസിനും റഡാമല്‍ ഫാല്‍ക്കാവോക്കുമാണ്. ഫിഫ റാങ്കിങ്ങില്‍ 93ാം സ്ഥാനത്തുണ്ടായിരുന്ന ടീമിനെ മൂന്നാം സ്ഥാനത്ത് വരെ എത്തിക്കുന്നതില്‍ കൊളംബിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിജയിച്ചു. തൊണ്ണൂറുകളൂടെ തുടക്കത്തില്‍ രാജ്യത്ത് പിടിമുറുക്കിയിരുന്ന മയക്കു മരുന്ന് മാഫിയകളെ ഉന്‍മൂലനം ചെയ്തതോടെയാണ് കൊളംബിയ വീണ്ടും ഫുട്‌ബോള്‍ ഭുപടത്തില്‍ ഇടം നേടിയത്. ഗ്രൂപ്പ് എച്ചില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന്‍, ആഫ്രിക്കന്‍ കരുത്തരായ സെനഗല്‍, യൂറോപ്യന്‍ ടീമായ പോളണ്ട് എന്നിവര്‍ക്കൊപ്പമാണ് കൊളംബിയയുള്ളത്.
ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ വെല്ലുവിളികളൊന്നുമില്ലെങ്കിലും അത്താഴം മുടക്കാന്‍ കഴിവുള്ള ടീമുകളാണ് കൂടെയുള്ളത്. 2017ല്‍ വീണ്ടും കൊളംബിയയില്‍ നിന്നൊരുഫുട്‌ബോള്‍ ദുരന്തത്തിന്റെ വാര്‍ത്ത ലോകം കേട്ടു. ബ്രസീലിയന്‍ ക്ലബായ ഷെപ്‌കോയിന്‍സിന്റെ താരങ്ങള്‍ സഞ്ചരിച്ച വിമാനം കൊളംബിയയില്‍ തകര്‍ന്ന് വീണ് ക്ലബിലെ 25 ഫുട്‌ബോള്‍ താരങ്ങള്‍ മരിച്ചെന്ന വാര്‍ത്ത. ആ നടുക്കത്തില്‍ നിന്നും ബ്രസീലും കൊളംബിയയും ലോകഫുട്‌ബോളും മുക്തമാകുന്നേയുള്ളു. എന്തായാലും കൊളംബിയന്‍ സംഘം ഏത് ലോകകപ്പിനെത്തിയാലും സെല്‍ഫ് ഗോളിന്റെ പേരില്‍ ജീവന്‍ പൊലിഞ്ഞ ആന്ദ്രേ എസ്‌കോബാര്‍ എന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ ഓര്‍മകളും പേറിക്കൊണ്ടായിരിക്കും. ആ സംഭവം ലോക ഫുട്‌ബോള്‍ ഭൂപടത്തില്‍ കറുത്ത പൊട്ടായി തന്നെ അടയാളപ്പെടുത്തും. അര്‍ജന്റീനയും ബ്രസീലും പ്രതിനിധീകരിക്കുന്ന ലാറ്റിനമേരിക്കയില്‍ നിന്നെത്തുന്ന കൊളംബിയക്ക് നല്ലൊരു ഫുട്‌ബോള്‍ ചരിത്രമുണ്ടായിരുന്നു. കോപാ അമേരിക്കന്‍ ടൂര്‍ണമെന്റില്‍ 21 തവണയാണ് ടീം പങ്കെടുത്തത്. 2001ല്‍ ചാംപ്യന്‍പട്ടം സ്വന്തമാക്കാനും കൊളംബിയക്കായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."