ചവറ കണ്‍സ്ട്രക്ഷന്‍ അക്കാദമി ഉദ്ഘാടനത്തിന് തയാറാകുന്നു
ചവറ: ശാപ മോക്ഷത്തിനൊരുങ്ങി ചവറയിലെ കണ്‍സ്ട്രക്ഷന്‍ അക്കാദമി ഉദ്ഘാടനത്തിന് തയാറെടുക്കുന്നു. 100 കോടിയോളം രൂപ ചെലവഴിച്ച് പ്രിമോ പൈപ്പ് കമ്പനി നിലനിന്ന സ്ഥലത്താണ് തൊഴില്‍ പരിശീലന കേന്ദ്രമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ അക്കാദമി ഉദ്ഘാടനത്തിന് തയാറായി നില്‍ക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരച്ചെങ്കിലും തൊഴില്‍ പരീശീലന കോഴ്‌സുകള്‍ നടത്തുന്നതിനും വ്യവസായ പങ്കാളികളെ ലഭിക്കുന്നതിനും കാലതാമസം വന്നതിനാല്‍ അക്കാദമിയുടെ ഉദ്ഘാടനം നീണ്ട് പോവുകയായിരുന്നു എന്ന് എന്‍. വിജയന്‍പിളള എം.എല്‍.എ പറഞ്ഞു.
സംസ്ഥാന തൊഴില്‍ നൈപുണ്യ മിഷന്‍ ആയ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയ്‌സ്) ആണ് അക്കാദമിയുടെ നടത്തിപ്പും മേല്‍ നോട്ടവും വഹിക്കുന്നത്.
പൊതു സ്വകാര്യ പങ്കാളിത്വത്തോടെയുള്ള തൊഴില്‍ പരിശീലന പദ്ധതികളാണ് ഇവിടെ ആരംഭിക്കുന്നത്. കോഴിക്കോട് ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണ രംഗത്തെ വിവിധ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രം ഊരാലുങ്കല്‍ സൊസൈറ്റി കെയ്‌സുമായി ഒപ്പുവച്ചതായും എം.എല്‍.എ അറിയിച്ചു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, കെയ്‌സ് മാനേജിങ് ഡയരക്ടര്‍ ഡോ. ശ്രീറാം, ഊരാലുങ്കല്‍ സൊസൈറ്റി ഡയരക്ടര്‍ ഡോ. ടി.പി സേതുമാധവന്‍, വെങ്കിട്ടരാമന്‍ പങ്കെടുത്തു. അക്കാദമിയുടെ ഉദ്ഘാടന തീയതി നിശ്ചയിക്കുന്നതിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി തൊഴില്‍ വകുപ്പ് മന്ത്രി ചവറയിലെത്തമെന്നും എന്‍. വിജയന്‍പിള്ള എം.എല്‍.എ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."