HOME
DETAILS

ഫോണ്‍ കെണിയും പൊതുപ്രവര്‍ത്തകരുടെ ഇരട്ടമുഖവും

  
backup
April 04 2017 | 23:04 PM

%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0

 

എ.കെ ശശീന്ദ്രന്‍ സംഭവത്തില്‍ വാര്‍ത്തയുടെ നിജസ്ഥിതി അന്വേഷിക്കാന്‍ മുന്‍ജില്ലാ ജഡ്ജി പി.എസ് ആന്റണിയെ കമ്മിഷനാക്കി നിയമിച്ചിരിക്കുകയാണല്ലോ. അശ്ലീലസംഭാഷണം പ്രക്ഷേപണം ചെയ്തതില്‍ അപാകതയും അസ്വാഭാവികതയുമുണ്ടോയെന്നും ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നുമാണു കമ്മിഷന്‍ പരിശോധിക്കുക. ഏതു സാഹചര്യത്തിലാണ് അശ്ലീലസംഭാഷണം പ്രക്ഷേപണം നടത്തിയതെന്നതും അന്വേഷണവിഷയമായിരിക്കും.
സാഹചര്യം തൃപ്തികരമാണെങ്കില്‍ സംഭാഷണം അഭികാമ്യമായിരുന്നുവെന്ന് അന്വേഷണകമ്മിഷന്‍ വിധി വരുമോയെന്നറിയില്ല. മാത്രമല്ല, ഉഭയകക്ഷി സമ്മതപ്രകാരമാണ് ഈ രീതിയിലൊരു സംഭാഷണം നടത്തിയതെങ്കില്‍ നിയമപരമായി നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിയമവിശാരദരുടെ ഉപദേശവും ചിന്തനീയമാണ്.
ഇവിടെയുള്ള പ്രശ്‌നം സംസ്‌കാരത്തിന്റേതാണ്. വ്യക്തി പൊതുസമൂഹത്തില്‍ ഇടപെടുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദയുടേതാണ്. വീട്ടിലും നാട്ടിലും സ്വകാര്യസമയത്തും വ്യത്യസ്തരീതിയില്‍ പെരുമാറാമെന്നു വരുമ്പോള്‍ വ്യക്തിത്വമെന്നതു വെറും പാഴ്‌വാക്കാവും. ഭരണത്തിലിരിക്കുന്നവരും ജനനേതാക്കളുമൊക്കെ ഈ രീതിയില്‍ ഇരട്ടമുഖമുള്ളവരാകുന്നതു ഹിതകരമാണോയെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
പ്രത്യക്ഷത്തില്‍ മാന്യതയുടെ മുഖം കാണിക്കുകയും വ്യക്തിജീവിതത്തില്‍ മറ്റൊരു മുഖം പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ എങ്ങനെയാണു സമൂഹം കണക്കാക്കേണ്ടത്. പൊതുജീവിതത്തിലും പൊതുഇടങ്ങളിലും മാന്യതയുടെ മുഖവും സ്വകാര്യജീവിതത്തില്‍ തനിസ്വഭാവവും കാണിക്കുന്ന ഇക്കൂട്ടരെ നേതൃസ്ഥാനത്തിരുത്തുമ്പോള്‍ സമൂഹത്തിന്റെ പൊതുസംസ്‌കാരം എങ്ങനെയാണു വിലയിരുത്തപ്പെടുക.
ആദര്‍ശനിഷ്ഠയും ജീവിതവിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന വ്യക്തിക്കു പൊതുജീവിതമെന്നോ സ്വകാര്യ ജീവിതമെന്നോയുള്ള പരികല്‍പനകളുണ്ടാകേണ്ടതില്ല. സവിശേഷ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കില്ല അയാളുടെ പെരുമാറ്റവും സംഭാഷണവും. സാഹചര്യമേതായാലും വ്യക്തിവ്യവഹാരങ്ങളില്‍ മാന്യതയും സംസ്‌കാരവും ഉയര്‍ന്നുനില്‍ക്കുമെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. അങ്ങനെ വരുമ്പോള്‍ വ്യത്യസ്തസാഹചര്യങ്ങളില്‍ നടത്തിയ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്താലും കൃത്രിമം കാണിച്ചാലും ദോഷകരമാവില്ലെന്നതാണു വാസ്തവം.
സി.ഇ.ഒ മാപ്പുപറഞ്ഞാല്‍ തീരുന്ന കുറ്റമല്ല മംഗളം ചാനല്‍ ചെയ്തത്. വ്യക്തിയുടെ സ്വകാര്യതയിലേക്കു തിരിച്ചുവച്ച ഒളികാമറ ദൃശ്യങ്ങള്‍ കാണാന്‍ കാത്തിരിക്കുന്ന തരംതാണ പ്രേക്ഷകരാണു കേരളക്കാരെന്നു കണക്കാക്കിക്കൊണ്ടാണ് അവര്‍ ചാനല്‍ തുടങ്ങിയതെങ്കില്‍ ഇതുപോലെ അനേകം ഖേദപ്രകടനങ്ങള്‍ നടത്തേണ്ടിവരും. പെണ്‍കെണി വച്ചു വ്യക്തിയുടെ ദൗര്‍ബല്യം റിക്കാര്‍ഡ് ചെയ്തു കാശുണ്ടാക്കുന്നതു നികൃഷ്ടമാധ്യമ പ്രവര്‍ത്തനമാണെന്നതില്‍ അര്‍ഥശങ്കക്കിടമില്ല. അതു ചര്‍ച്ചയാവേണ്ടതു തന്നെയാണ്.
എന്നാല്‍, സമൂഹത്തിന്റെ നേതൃത്വത്തിലിരിക്കുന്നവരും സംസ്ഥാനഭരണം നടത്തുന്ന മന്ത്രിമാരുമൊക്കെ ഇത്തരം തരംതാണ ദൗര്‍ബല്യങ്ങള്‍ക്ക് അടിമപ്പെട്ടവരാകാമോയെന്ന ചര്‍ച്ചയ്ക്കല്ലേ നാം പ്രാധാന്യം കൊടുക്കേണ്ടത്. മാധ്യമസംസ്‌കാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കു പ്രാധാന്യം കൊടുക്കുകയും പൊതുപ്രവര്‍ത്തകരുടെ അപകടകരമായ ദൗര്‍ബല്യങ്ങളെ തമസ്‌കരിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല സമൂഹത്തിന്റെ 'പൊതുബോധം' സാംസ്‌കാരികസമൂഹത്തിനു കരണീയമല്ല. മന്ത്രിസഭയിലേയ്ക്കു പുനരാനയിക്കാനുള്ള ചര്‍ച്ചകള്‍ വ്യാപകമായി നടന്ന പശ്ചാത്തലത്തിലാണ് ഈ ആശങ്ക സ്ഥാനംപിടിക്കുന്നത്.
സംസ്ഥാനത്തിന്റെ പൊതുഫണ്ട് ചെലവഴിച്ചാണ് പി.എസ് ആന്റണി അന്വേഷണകമ്മിഷന്‍ പ്രവര്‍ത്തനം നടത്തുക. ഒരു എ.കെ ശശീന്ദ്രന്‍ സംഭവം മാത്രം അന്വേഷണത്തിന്റെ പരിധിയാകരുത്. ഭരണസിരാകേന്ദ്രങ്ങളിലും പൊതുപ്രവര്‍ത്തകരുടെ ഇടയിലും നടന്നുകൊണ്ടിരിക്കുന്ന ഇത്തരം മൂല്യച്യുതികള്‍ വെളിച്ചത്തു കൊണ്ടുവരുന്നതുകൂടി അന്വേഷണവിഷയമാക്കണം.
വില്ലേജാഫീസു മുതല്‍ സെക്രട്ടേറിയറ്റുവരെ ഔദ്യോഗികതലങ്ങളില്‍ നടക്കുന്ന റിക്കാര്‍ഡ് ചെയ്യപ്പെടാത്ത സംഭാഷണങ്ങള്‍, സ്ത്രീ ഉദ്യോഗസ്ഥര്‍ക്കെതിരേ നടക്കുന്ന സ്വകാര്യപീഡനങ്ങള്‍, ദ്വയാര്‍ഥപ്രയോഗങ്ങള്‍, ഇതിലൊന്നും അസ്വാഭാവികത കാണാത്തതാണ് കേരളത്തിന്റെ പൊതുബോധം! ഇവയൊക്കെ ഇതോടനുബന്ധിച്ചു ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഇവിടെ വ്യക്തിവിശുദ്ധിയാണു പ്രധാനം. ഒരോ വ്യക്തിയും സ്വയം ശുദ്ധരാവുകയെന്നതു മാത്രമാണു പ്രതിവിധി. നല്ല വ്യക്തികളാണു നല്ല സമൂഹത്തിന്റെ സ്ഥാപകര്‍. അതു മന്ത്രിയായാലും സാധാരണക്കാരനായാലും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago