തിരക്കില്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനായില്ല; കാസര്‍കോട് 'മാവേലി ' ചങ്ങല വലിച്ചു നിര്‍ത്തി
കാസര്‍കോട്: തിരുവന്തപുരത്തുനിന്നു പുറപ്പെടുന്ന മാവേലി, മലബാര്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ രണ്ടര മണിക്കൂര്‍ വൈകി. മലബാര്‍, പാസഞ്ചര്‍ ട്രെയിനുകള്‍ക്കു മുന്നിലായെത്തിയ മാവേലി എക്‌സ്പ്രസില്‍ യാത്രക്കാര്‍ ഇടിച്ചു കയറിയതോടെ പൂരത്തിരക്ക് അനുഭവപ്പെട്ടു. കാസര്‍കോട് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടും തിരക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഇറങ്ങാനായില്ല.
സ്ത്രീകളടക്കമുള്ളവര്‍ക്ക് ഇറങ്ങാനാവാതായതോടെ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചാണ് ഇറങ്ങിയത്. തുടര്‍ന്ന് 10 മിനുട്ടോളം ട്രെയിന്‍ കാസര്‍കോട് നിര്‍ത്തിയിട്ടു. യാത്രക്കാര്‍ പൂര്‍ണമായും ഇറങ്ങിയതോടെ ട്രെയിന്‍ യാത്ര തുടങ്ങിയെങ്കിലും പരിശോധന നടത്തി മടങ്ങിയ ഗാര്‍ഡ് ട്രെയിനില്‍ കയറാത്തതിനെ തുടര്‍ന്നു വീണ്ടും നിര്‍ത്തി.
ഇന്നലെ രാവിലെ എട്ടോടെ കാസര്‍കോട് എത്തേണ്ട മാവേലി എക്‌സ്പ്രസാണ് രണ്ടര മണിക്കൂര്‍ വൈകിയത്. രാവിലെ ഏഴോടെ കണ്ണൂരിലെത്തിയ മാവേലി എക്‌സ്പ്രസ് മലബാര്‍ എക്‌സ്പ്രസിനും കണ്ണൂര്‍-മംഗളൂരു പാസഞ്ചറിനും മുന്നിലായി യാത്ര തുടര്‍ന്നു.
മലബാര്‍ എക്‌സ്പ്രസിനും കണ്ണൂര്‍ പാസഞ്ചറിലും യാത്ര ചെയ്യേണ്ടവര്‍ മാവേലിയില്‍ കയറിയതോടെ ട്രെയിനിനകത്ത് വന്‍തിരക്കായി.
സര്‍ക്കാര്‍ ഓഫിസുകളിലെത്തേണ്ടവരും മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവരും വിവിധ സ്റ്റേഷനുകളില്‍ ഇറങ്ങാനും കയറാനും നന്നേ ബുദ്ധിമുട്ടി.
അതിരാവിലെ മാവേലി എക്‌സ്പ്രസിനും മറ്റും യാത്ര ചെയ്യാനെത്തിയ യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട അവസ്ഥയിലായി.
കാസര്‍കോട് രാവിലെ 8.30ന് എത്തേണ്ട കണ്ണൂര്‍-മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ പത്തോടെയാണ് എത്തിയത്. മംഗളൂരുവിലെ ആശുപത്രികളിലേക്കും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പാസഞ്ചര്‍ ട്രെയിനിനെ ആശ്രയിക്കുന്നവര്‍ വലഞ്ഞു.
മലബാര്‍ മേഖലയോട് റെയില്‍വേ കാണിക്കുന്ന അവഗണനയുടെ തുടര്‍ക്കഥയാണ് ട്രെയിനുകളുടെ വൈകിയോടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."