നിപാ പോയി, പിടിവിടാതെ മഞ്ഞപ്പിത്തവും ഡെങ്കിയും
മലപ്പുറം: നിപാ ഭീതി അകന്ന ജില്ലയില്‍ പിടിവിടാതെ മഞ്ഞപ്പിത്തവും ഡെങ്കിയും. ജില്ലയില്‍ മഞ്ഞപ്പിത്തവും ഡെങ്കിയും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അസുഖം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കി, മഞ്ഞപ്പിത്തം, ലെപ്‌റ്റോ സ്‌പൈറോസിസ് തുങ്ങിയ പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.
മേലാറ്റൂര്‍, ചാലിയാര്‍, കീഴാറ്റൂര്‍, കിഴിശ്ശേരി, വെട്ടത്തൂര്‍, ചാത്തല്ലൂര്‍, പൂക്കോട്ടൂര്‍, മലപ്പുറം, ആനക്കയം, മഞ്ചേരി, കൊണ്ടോട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഞ്ഞപ്പിത്തം വരാതിരിക്കാനുള്ള പ്രധാന മുന്‍കരുതല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക എന്നതാണ്. കൊതുകുകളുടെ ഉറവിടം നശിപ്പിച്ച് പനിയെയും അകറ്റി നിര്‍ത്താം.
അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുത്
ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങളുള്ള കുട്ടികെളെ രക്ഷിതാക്കള്‍ സ്‌കൂളില്‍ പറഞ്ഞയക്കരുത്. ഇത് മറ്റ് കുട്ടികള്‍ക്ക് കൂടി രോഗം പകരാനിടയാക്കും. പനിയോ മറ്റ് പകര്‍ച്ചവ്യാധികളോ ഉളള കുട്ടികള്‍ ക്ലാസില്‍ വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം. സ്‌കൂളു പരിസരവും വൃത്തിയായി സൂക്ഷിക്കണം. സ്‌കൂളുകളിലെ ടോയ്‌ലറ്റുകളില്‍ ശുചിത്വമുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
പകര്‍ച്ചവ്യാധി അവലോകന യോഗത്തില്‍ എ.ഡി.എം വി.രാമചന്ദ്രന്‍.ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന മെഡിക്കല്‍ ഓഫിസര്‍മാര്‍ ത്ഥങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ ഇന്നലെ ചികിത്സ തേടിയത് 16654 പേര്‍
ജില്ലയില്‍ ഇന്നലെ വിവിധ ആശുപത്രികളിലായി ചികിത്സതേടിയത് 16654 പേരാണ്. ഇതില്‍ 1371 പേര്‍ പനിബാധിതരാണ്. 15 പേര്‍ക്ക് ചിക്കന്‍പോക്‌സും പിടിപെട്ടിട്ടുണ്ട്. 34 പേര്‍ക്ക് ഡെങ്കിയും എട്ട് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എയും സംശയിക്കുന്നു. എട്ട് പേര്‍ക്ക് ഡെങ്കിയും മൂന്ന് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ യും സ്ഥിരീകരിച്ചിട്ടുണ്ട്. മഞ്ചരിയില്‍ ഒരാള്‍ക്ക് ലെപ്‌റ്റോ സ്‌പൈറോസിസും സ്ഥിരീകരിച്ചിട്ടുണ്ട്.
മഞ്ഞപ്പിത്ത ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം
മലപ്പുറം: വേങ്ങര പൂളാപ്പീസ്, മറ്റത്തൂര്‍ മുനമ്പത്ത് എന്നിവിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന മഞ്ഞപ്പിത്ത ചികിത്സാ കേന്ദ്രങ്ങള്‍ അടച്ച് പൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.
രക്തത്തില്‍ കലര്‍ന്ന മഞ്ഞപ്പിത്തം ചികില്‍സിച്ച് ഭേദമാക്കുമെന്ന് പരസ്യം ചെയ്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനാണ് നിര്‍ദേശം നല്‍കിയത്. രോഗികള്‍ ഇത്തരം കേന്ദ്രങ്ങളിലെത്തി ചികിത്സ തേടുകയും പിന്നീട് രോഗം മൂര്‍ചിച്ച് ഗുരുതരാവസ്ഥയിലായി മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും ചികിത്സ തേടേണ്ട സാഹചര്യമുണ്ടാവുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."