വൈകല്യത്തിനു മുന്നില്‍ പകയ്ക്കാതെ മണ്‍പാത നിര്‍മിച്ച ശശിയെ കാണാന്‍ എം.പിയെത്തി
മലയിന്‍കീഴ് : വൈകല്യം മറന്നു നാടിനുവേണ്ടി ശശി വെട്ടിയുണ്ടാക്കിയ മണ്‍പാത കാണാന്‍ ഒടുവില്‍ രാജ്യസഭാംഗം സുരേഷ് ഗോപി എം.പി എത്തി. തങ്ങളെ കാണാന്‍ താരം വരുന്നുണ്ടെന്ന വിവരം അറിഞ്ഞതു മുതല്‍ ശശിക്കും കുടുംബത്തിനും സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല.
വൈകിട്ടോടെ സുരേഷ്‌ഗോപിയുടെ കാര്‍ ശശിനഗറില്‍ എത്തി. വഴിവെട്ടിയുണ്ടാക്കിയ കഥ ശശി വിവരിച്ചു. ഇതു കേട്ടതോടെ ചേര്‍ത്തുനിര്‍ത്തി ശശിയെ സുരേഷ് ഗോപി അഭിനന്ദിച്ചു. പിന്നാലെ മണ്‍പാതയിലൂടെ കുറച്ചുദൂരം ഇരുവരും നടന്നു.
കിണറുവെട്ടുകാരനും തെങ്ങുകയറ്റ തൊഴിലാളിയുമായിരുന്ന ശശി 18 വര്‍ഷം മുമ്പു തെങ്ങില്‍നിന്നു വീണാണു ശരീരം തളര്‍ന്നത്. ഇതോടെ വീട്ടിലേക്കുള്ള ഏക വഴിയായ കുന്നില്‍ക്കൂടി സഞ്ചരിക്കാന്‍ കഴിയാതെയായി. കുന്നിടിക്കാന്‍ പലരോടും സഹായം ചോദിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഒടുവിലാണ് തളര്‍ന്ന കൈകാലുകള്‍ നീട്ടിവലിച്ച് ഇഴഞ്ഞുനീങ്ങി ഇടത്തെ കൈയില്‍ തൂമ്പയുറപ്പിച്ചു വഴിവെട്ടാന്‍ തീരുമാനിച്ചത്. മൂന്നു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായി പാത പൂര്‍ത്തിയായി. ഇതറിഞ്ഞു പലരും ശശിയെ കാണാന്‍ എത്തി. വിദേശത്തുനിന്നെത്തിയ സംഘം ഒറ്റയാള്‍ പോരാട്ടത്തെ ആസ്പദമാക്കി ഹൃസ്വചിത്രം നിര്‍മിച്ചു. കൂടാതെ പൂര്‍ത്തിയായ റോഡിന് അദ്ദേഹത്തോടുള്ള ആദരവെന്നോണം നാട്ടുകാര്‍ ശശി നഗറെന്നു പേരുമിട്ടു.
പത്തോളം കുടുംബങ്ങള്‍ക്ക് ഈ വഴി ഇപ്പോള്‍ പ്രയോജനപ്പെടുന്നുണ്ട്. ഇതിനിടെയാണു സുരേഷ് ഗോപിയെ കാണണമെന്ന ആഗ്രഹം വീട്ടിലെത്തിയ നേതാക്കളോടു ശശി പറഞ്ഞത്.
കാര്യം അറിഞ്ഞതോടെ കുന്നിനെ മെരുക്കിയ കരുത്തനെ നേരിട്ടു കാണാന്‍ സുരേഷ് ഗോപി സമയം കണ്ടെത്തി.
ശശി വെട്ടിയുണ്ടാക്കിയ റോഡിന് ഒരു വശത്ത് അപകടകരമായി നില്‍ക്കുന്ന വലിയ മണ്‍തിട്ട ഉടന്‍ ഇടിച്ചുമാറ്റി കൊടുക്കണമെന്നു സുരേഷ് ഗോപി സമീപത്തെ വസ്തു ഉടമയോട് ആവശ്യപ്പെട്ടു. സമയബന്ധിതമായി ചെയ്യാമെന്ന് ഉടമ വാക്കുനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."