റേഷന്‍ വ്യാപാരികള്‍ മെയ് ഒന്നുമുതല്‍ അനിശ്ചിതകാല സമരത്തിന്
കോഴിക്കോട്: കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനക്കെതിരേ മെയ് ഒന്നുമുതല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍ അറിയിച്ചു. സര്‍ക്കാര്‍ തുടങ്ങിയ വാതില്‍പടി വിതരണം അട്ടിമറിക്കാന്‍ മന്ത്രി പി. തിലോത്തമന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണെന്നും ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വാതില്‍പ്പടി വിതരണം കൊല്ലത്ത് തുടങ്ങിയെങ്കിലും സുതാര്യമായി നടത്താന്‍ സര്‍ക്കാരിനായിട്ടില്ല. ചില മൊത്തവ്യാപാര കരാര്‍ ലോബികളും ബിനാമി റേഷന്‍ കടക്കാരും ചില ഉദ്യോഗസ്ഥരും ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. വെട്ടിക്കുറച്ച റേഷന്‍ക്വാട്ട പുനസ്ഥാപിക്കാതെ കേന്ദ്രസര്‍ക്കാരും ചിറ്റമ്മനയം തുടരുകയാണ്.
കഴിഞ്ഞ നവംബര്‍ ഒന്നു മുതല്‍ കമ്മിഷനൊന്നുമില്ലാതെ സൗജന്യമായാണ് റേഷന്‍ കടക്കാര്‍ അരി വിതരണം ചെയ്യുന്നത്. റേഷന്‍ വ്യാപാരികളുടെ പ്രതിഫലം ഉയര്‍ത്തുന്നതിനുള്ള യാതൊരു ഫലപ്രദമായ നടപടികളും ആറ് മാസം കഴിഞ്ഞിട്ടും ഉണ്ടാവാത്ത സാഹചര്യമാണ് ഉള്ളത്.
മെയ് രണ്ടിന് സെക്രട്ടേറിയറ്റിന് മുന്‍പില്‍ റേഷന്‍ വ്യാപാരികള്‍ ഉപവാസ സമരം നടത്തും. സമരത്തിന് മുന്നോടിയായി ഈ മാസം 24ന് റേഷന്‍ വ്യാപാരികള്‍ കുടുംബസമേതം കലക്ടറേറ്റ് മാര്‍ച്ച് നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, ട്രഷറര്‍ ഇ അബൂബക്കര്‍ ഹാജി, സെക്രട്ടറി പി. പവിത്രന്‍, ജില്ലാ സെക്രട്ടറി കെ.പി അശ്‌റഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."