പൊന്നാനി അഴിമുഖത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
പൊന്നാനി: വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പൊന്നാനി അഴിമുഖത്തുണ്ടായ അപകടത്തില്‍പ്പെട്ട രണ്ടുപേര്‍ നീന്തി രക്ഷപ്പെട്ടു. താനൂര്‍ അഞ്ചുടി സ്വദേശി പുരക്കല്‍ ഹംസയെയാണ്( 65) കാണാതായത്.
താനൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാരുതി ബോട്ടില്‍ നിന്ന് മത്സ്യങ്ങള്‍ സംഭരിച്ച് കരക്കെത്തിക്കുന്ന ചെറിയ ഫൈബര്‍ വള്ളമാണ് പൊന്നാനി അഴിമുഖത്തെ ശക്തമായ തിരയില്‍പ്പെട്ട് ഇന്നലെ കാലത്ത് മറിഞ്ഞത്. ഈ സമയത്ത് മൂന്നു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഹംസയൊഴികെ മറ്റു രണ്ടു പേരും നീന്തിക്കയറി. ശക്തമായ തിരയില്‍ ഹംസയെ കാണാതാവുകയായിരുന്നു.സംഭവമറിഞ്ഞതിനെത്തുടര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ ബോട്ടും പൊന്നാനിയില്‍ നിന്നും പടിഞ്ഞാറെക്കരയില്‍ നിന്നുമുള്ള മത്സ്യബന്ധന ബോട്ടുകളും തിരച്ചിലിനിറങ്ങി. മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും ഹംസയെ കണ്ടെത്താനായില്ല. മറിഞ്ഞ വള്ളം ഫിഷറീസ് ബോട്ടില്‍ കെട്ടിവലിച്ച് കരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും ശക്തമായ തിരയില്‍ വള്ളം ബോട്ടില്‍ നിന്ന് വേര്‍പെട്ട് വീണ്ടും കടലിലേക്കൊഴുകി. കോസ്റ്റല്‍ പൊലിസിന്റെയും, മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് തൊഴിലാളികള്‍ കടലില്‍ പോയത്. പെരുന്നാള്‍ അടുത്തെത്തിയതിനാലാണ് പലരും എന്ത് സാഹസത്തിനും മുതിര്‍ന്നും കടലില്‍ പോകുന്നത്. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറേ ഭാഗത്തും കര്‍ണാടക കേരള തീരങ്ങളിലും മീന്‍പിടിത്തത്തിനു പോകരുതെന്നാണ് മുന്നറിയിപ്പു നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."