ട്രോളിങ്ങും കടല്‍ക്ഷോഭവും; മത്സ്യവില പൊള്ളുന്നു
കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി തുടരുന്ന കടല്‍ക്ഷോഭത്തൊടൊപ്പം ട്രോളിങ് നിരോധനവും വന്നതോടെ മത്സ്യവില കുതിച്ചുകയറുന്നു. ട്രോളിങ് നിരോധനം തുടങ്ങിയതിനു പിന്നാലെ കടല്‍ക്ഷോഭം ശക്തമായതാണ് മത്സ്യക്ഷാമത്തിന് കാരണമായത്. സാധാരണ ചെറുവള്ളങ്ങളാണ് ട്രോളിങ് കാലത്ത് മത്സ്യബന്ധനം നടത്തുന്നത്. എന്നാല്‍ ദിവസങ്ങളായി തുടരുന്ന കടല്‍ക്ഷോഭം കാരണം മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നത് വിലക്ക് ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
ചെറുമീനുകള്‍ക്കും വില കുത്തനെ ഉയര്‍ന്നതോടെ മീന്‍ വിപണിയില്‍ പൊള്ളുന്ന വിലയാണ്. സാധാരണക്കാരന്റെ മത്സ്യമായ മത്തിയും അയലയും വാങ്ങാനാവാത്ത അവസ്ഥയാണ്. കഴിഞ്ഞ മാസം കിലോക്ക് 60 രൂപയായിരുന്ന മത്തിക്ക് ഇന്നലെ 180 മുതല്‍ 250 വരെ വിലയുണ്ട്. ഇടത്തരം അയലക്ക് കിലോക്ക് ഇരുന്നൂറ്റി അമ്പത് രൂപയും വലിയ അയലക്ക് 350 മുതല്‍ 400 വരെയാണ് നിലവിലെ വില.
ചെറുമത്സ്യങ്ങളായ കോര, മാന്തള്‍ തുടങ്ങിയ മത്സ്യങ്ങള്‍ക്കും കിലോക്ക് ഇരുനൂറിന് മുകളിലാണ് വില. നേരത്തെ ഇവ നൂറുരൂപയില്‍ കുറഞ്ഞ വിലക്കാണ് മാര്‍ക്കറ്റില്‍ ലഭിച്ചിരുന്നത്. 400 രൂപയായിരുന്ന അയക്കൂറക്ക് 1100 രൂപയായി. ട്രോളിങ് നിരോധനത്തോടൊപ്പം ശക്തമായ മഴ കൂടി എത്തിയതാണ് വിലവര്‍ധനക്ക് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ചെമ്മീന്‍ 250ല്‍ നിന്ന 600 ലേക്കും കുതിച്ചു. പരമാവധി 600 രൂപ വരെ പോയിരുന്ന ആവോലി 900 ലെത്തി നില്‍ക്കുന്നു. നെയ്മീനിന് ട്രോളിങ് നിരോധത്തിന് മുമ്പ് 550-600 രൂപയായിരുന്നു വില ഇപ്പോള്‍ 800-820 രൂപയിലെത്തിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നും മംഗലാപുരത്തു നിന്നും എത്തുന്ന മത്സ്യങ്ങളാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും വില ഒരു പരിധി വരെയെങ്കിലും പിടിച്ചുനിര്‍ത്തുന്നത്. മംഗലാപുരം, ചെന്നൈ, ആന്ധ്ര ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള മീനുകളാണ് ഇപ്പോള്‍ കേരളത്തില്‍ കൂടുതലായി ലഭിക്കുന്നത്. ഹാര്‍ബറുകളില്‍ നിന്ന് വളരെ ദൂരത്തല്ലാത്ത സ്ഥലങ്ങളിലും മത്സ്യത്തിന് തീവിലയാണ്. മത്സ്യ ബന്ധന ബോട്ടുകള്‍ കടലില്‍ പോകാതാകുകയും പരമ്പരാഗത വള്ളങ്ങള്‍ക്ക് വേണ്ടത്ര മത്സ്യം ലഭിക്കാതിരിക്കുകയും ചെയ്തതോടെ കടല്‍ മത്സ്യത്തിന് വന്‍ ഡിമാന്‍ഡാണ്.
അതേസമയം നിപാ ഭീതിയെ തുടര്‍ന്ന് കോഴി വില കുറഞ്ഞിട്ടുണ്ട്. ഒരു കിലോ ബ്രോയിലര്‍ കോഴിയുടെ വില 210 ല്‍ നിന്ന് 160 ആയി കുറഞ്ഞു. ലഗോണിന് 150 രൂപയും, സ്പ്രിങ്ങിന് 220 രൂപയുമണ് വില. കാടയുടെ വില 40 ല്‍ നിന്ന് 35 ആയും കുറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."