പോരാട്ടവീഥിയില്‍ വിജയിയായി ആസിം
മുക്കം: ആസിം ഹാപ്പിയാണ്; ഇനി എട്ടാം ക്ലാസിലേക്ക് പോകാമല്ലോ. സമാനതകളില്ലാത്ത പോരാട്ടത്തിന്റെ നേര്‍ക്കാഴ്ചയായി ആസിം പുഞ്ചിരിക്കുകയാണ്. ഇല്ലായ്മകളില്‍ സങ്കടപ്പെട്ടിരിക്കാന്‍ ഒരുക്കമല്ലാത്ത വെളിമണ്ണ ആലത്തുകാവില്‍ മുഹമ്മദ് ആസിമിനോട് സര്‍ക്കാര്‍ മുഖംതിരിച്ചെങ്കിലും നീതിപീഠത്തിന് കണ്ണടക്കാനായില്ല.
ഇരുകൈകളുമില്ലാത്ത, കാലിനു സ്വാധീനക്കുറവുള്ള ആസിമിന്റെ പഠനം തുടരാനുള്ള അതുല്യ പോരാട്ടങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. ഒപ്പം ഓമശ്ശേരി പഞ്ചായത്തില്‍ ഏക ഹൈസ്‌കൂള്‍ വരാന്‍ നിമിത്തമാവുകയും ചെയ്തിരിക്കുന്നു. ഒരു ഭിന്നശേഷി വിദ്യാര്‍ഥിയുടെ പഠിക്കുക എന്ന അവകാശം നേടിയെടുക്കുവാന്‍ അവനോടൊപ്പം ഒരു നാടും സുമനസുകളും ഒന്നിച്ചപ്പോള്‍ പിന്നെ പിറന്നത് ചരിത്രം. ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഒടുവില്‍ നീതിപീഠവും പറഞ്ഞു; ആസിമിന് പഠിക്കാം.
ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ യു.പി സ്‌കൂളില്‍ എട്ടാം ക്ലാസ് തുടങ്ങുവാന്‍ നീതിപീഠത്തിന്റെ കാരുണ്യത്തില്‍ ചാലിച്ച കൈയ്യൊപ്പ്. സ്‌കൂള്‍ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട് പരിഗണനയ്ക്ക് വന്ന 133 ല്‍ 132 ഉം തള്ളിയപ്പോഴാണ് ആസിം എന്ന ഒരൊറ്റ ഭിന്നശേഷി വിദ്യാര്‍ഥിക്കുവേണ്ടി വെളിമണ്ണ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. വെളിമണ്ണ യു.പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന ആസിമിന്റെയും സ്‌കൂള്‍ ആക്ഷന്‍ കമ്മിറ്റിയുടെയും ഹരജി പരിഗണിച്ചാണ് കോടതിയുടെ അനുകൂല വിധി.
ഗുരുതരമായ ശാരീരിക അവശതകളോടെ പിറന്ന ആസിം ഏറെ പ്രയാസപ്പെട്ടാണ് നടക്കുവാനും സംസാരിക്കുവാനും പഠിച്ചത്. വൈകിയാണെങ്കിലും വീടിന് തൊട്ടടുത്തുള്ള വെളിമണ്ണ എല്‍.പി സ്‌കൂളില്‍ പഠനമാരംഭിച്ചു. എന്നാല്‍ പരസഹായമില്ലാതെ സഞ്ചരിക്കുവാനോ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുവാനോ കഴിയാത്ത ആസിമിന്റെ പഠനം നാലാംക്ലാസ് കഴിഞ്ഞതോടെ അനിശ്ചിതത്വത്തിലായി.
എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് പ്രത്യേക ഉത്തരവിലൂടെ വെളിമണ്ണ എല്‍.പി സ്‌കൂള്‍ യു.പി സ്‌കൂളായി ഉയര്‍ത്തി. ഇപ്പോള്‍ ഏഴാം ക്ലാസ് കഴിഞ്ഞ ആസിമിന്റെ പഠനം വീണ്ടും വഴിമുട്ടിയപ്പോഴാണ് കനിവിന്റെ രൂപത്തില്‍ ഹൈക്കോടതിയുടെ ഉത്തരവ് എത്തിയത്. ഒരാഴ്ചക്കകം ഇക്കാര്യത്തില്‍ നടപടി എടുക്കുവാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."