വീണ്ടും ഉ. കൊറിയയുടെ പ്രകോപനം: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു
സിയൂള്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകള്‍ക്ക് മുന്‍പ് ഉ. കൊറിയയുടെ മിസൈല്‍ പരീക്ഷണ പ്രകോപനം. കൊറിയന്‍ തീരത്താണ് കഴിഞ്ഞ ദിവസം ഉ. കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.
കിഴക്കന്‍ സമുദ്രം എന്ന പേരില്‍ അറിയപ്പെടുന്ന ജപ്പാന് സമുദ്രത്തില്‍ മിസൈല്‍ പതിച്ചതായി ദ. കൊറിയയും അമേരിക്കയും ആരോപിച്ചു. അടുത്തിടെ രാജ്യം പരീക്ഷിച്ച മിസൈലുകളുടെ ഗണത്തില്‍പ്പെട്ടതാണ് ഇന്നലെ പരീക്ഷിച്ചത്. മധ്യദൂര ബാലിസ്റ്റിക് മിസൈലാണിത്.
ഉ. കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരിക്കുകയാണ്. അവരുടെ കാര്യത്തില്‍ തങ്ങള്‍ വേണ്ടത്ര നിലപാട് വ്യക്തമാക്കിയതാണ്. കൂടുതല്‍ വിശദീകരണത്തിന് നില്‍ക്കുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് പറഞ്ഞു. യു.എന്‍ സുരക്ഷാ സമിതിയുടെ പ്രമേയത്തിന്റെ ഏതുതരം ലംഘനത്തെയും തങ്ങള്‍ എതിര്‍ക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രിയുടെ വക്താവ് ഹുവാ ചുന്‍യിങ് പ്രതികരിച്ചു.
അമേരിക്കന്‍ സന്ദര്‍ശനത്തിലുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉ. കൊറിയയുടെ പ്രകോപനം. ചര്‍ച്ചയില്‍ ഉ. കൊറിയ തന്നെ പ്രധാന ചര്‍ച്ചാവിഷയമാകുമെന്നാണ് കരുതപ്പെടുന്നത്. ചൈന ഉ. കൊറിയയെ അടക്കിനിര്‍ത്താന്‍ സന്നദ്ധമാകുന്നില്ലെങ്കില്‍ തങ്ങള്‍ സ്വയം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."