നവോദയം'സാന്ത്വന സഹായ പദ്ധതി'ക്ക് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം
അഞ്ചാലുമ്മൂട്: നീരാവില്‍ നവോദയം ഗ്രന്ഥശാലയുടെ പാവപ്പെട്ട രോഗികളെ സാമ്പത്തികമായി സഹായിക്കുന്ന 'സാന്ത്വനം' ധനസഹായ പദ്ധതിക്ക് സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരം. ജില്ലകളില്‍ മികച്ച സാന്ത്വന പദ്ധതികള്‍ നടപ്പാക്കി വരുന്ന ഓരോ ഗ്രന്ഥശാലയ്ക്ക് പ്രോത്സാഹനമായി 10,000 രൂപവീതം നല്‍കുന്ന സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് പാരിതോഷികം ലഭിക്കുക. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരന്‍പിള്ള, കൗണ്‍സിലംഗം എസ്. രാമകൃഷ്ണപ്പിള്ള എന്നിവരടങ്ങിയ പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ശുപാര്‍ശ പ്രകാരമാണ് അംഗീകാരം നേടാനായത്.
ജില്ലയിലെ മികച്ച ഗ്രന്ഥശാലക്കുള്ള ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ 2007-ലെ പുത്തൂര്‍ സോമരാജന്‍ അവാര്‍ഡ് തുകയായ 10,000 രൂപ സ്ഥിരനിക്ഷേപമാക്കി ഗ്രന്ഥശാല രൂപംനല്‍കിയ സഹായ പദ്ധതിയാണിത്. പ്രിയപ്പെട്ടവരുടെ സ്മരണാര്‍ത്ഥം ഉറ്റവര്‍ സ്വമേധയാ നല്‍കുന്ന സംഭാവനകള്‍ സ്വീകരിക്കുന്ന പദ്ധതിയില്‍ ഇതിനകം നാലു ലക്ഷം രൂപാ സ്ഥിര നിക്ഷേപമായുണ്ട്. ഗ്രന്ഥശാല പരിധിയില്‍ മാരകരോഗങ്ങള്‍ക്കും അപകടങ്ങളില്‍പ്പെട്ടവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. കല്‍പ്പണി, മരംകയറ്റം എന്നീ ജോലിക്കിടയില്‍ അപകടത്തില്‍പ്പെട്ട് കിടപ്പിലായ രണ്ടുപേര്‍ക്ക് സാമ്പത്തിക സഹായം നല്‍കി മുന്‍മന്ത്രി എം.എ ബേബിയായിരുന്നു പദ്ധതി നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നത്. ഇതിനകം ആയിരം മുതല്‍ 10,000 രൂപവരെ സഹായധനമായി രണ്ട് ലക്ഷത്തോളം രൂപ പദ്ധതി വഴി വിതരണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."