മെറ്റ്‌സ് കോളജ്: പ്രിന്‍സിപ്പലിനെതിരേ അന്വേഷണം നടത്തും
മാള: മെറ്റ്‌സ് എന്‍ജനീയറിംഗ് കോളജിലെ വിദ്യാര്‍ഥി സംഘടനയായ മെറ്റ്‌സ് സ്റ്റുഡന്റ് സ് അസോസിയേഷന്‍ മാനേജ്‌മെന്റുമായുണ്ടാക്കിയ ധാരണ പ്രകാരം സമരം അവസാനിപ്പിച്ചു. മാനേജ്‌മെന്റുമായുണ്ടായ ചര്‍ച്ചയില്‍ എം.എസ്.എ മുന്നോട്ട് വച്ച ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി വിവിധ സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒന്‍പത് ദിവസമായി നടത്തി വന്നിരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിനൊടുവില്‍ ഇന്നലെ രാവിലെ നടന്ന ചര്‍ച്ചയിലാണ് സമവായമുണ്ടായത്.
ആരോപണ വിധേയനായ പ്രിന്‍സിപ്പല്‍ ഡോ.സി രാജേന്ദ്രന്‍, അധ്യാപകന്‍ പ്രഫ. കെ.എന്‍ രമേഷ് എന്നിവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. അതിനായി രൂപീകരിക്കപ്പെടുന്ന അന്വേഷണ കമ്മിറ്റിയില്‍ എം.എസ്.എ പ്രതിനിധികളും രക്ഷിതാക്കളുടെ പ്രതിനിധികളും അംഗങ്ങളായിരിക്കും. അന്വേഷണ കാലയളവായ 90 ദിവസങ്ങളില്‍ ആരോപണ വിധേയരെ തല്‍സ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തും. അന്വേഷണ കാലയളവിനുള്ളില്‍ പ്രിന്‍സിപ്പല്‍ കോളജ് കാമ്പസില്‍ പ്രവശിക്കുകയോ അന്വേഷണ നടപടികളില്‍ ഇടപെടുകയോ ചെയ്യില്ല.
സര്‍വകലാശാലയുടേയും സര്‍ക്കാരിന്റെയും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായുള്ള സംഘടനാ പ്രവര്‍ത്തനം കോളജിനകത്ത് അനുവദിക്കും. സര്‍വ്വകലാശാലയുടേയും സര്‍ക്കാരിന്റെയും നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായുള്ള വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തും. കോളജ് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നിര്‍ബ്ബന്ധിതമായി സംഭാവന ചെയ്യിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കും. യാതൊരു തരത്തിലുള്ള ഫൈനും കോളജിനകത്ത് ഏര്‍പ്പെടുത്തില്ല.
ആഡ് ഓണ്‍ കോഴ്‌സുകളില്‍ ചേരാനായി വിദ്യാര്‍ഥികളെ നിര്‍ബ്ബന്ധിക്കില്ല. സര്‍വകലാശാല സര്‍ക്കാര്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വിദ്യാര്‍ഥികള്‍ക്ക് ഇന്റേണല്‍ അഡ്ജസ്റ്റുമെന്റും അറ്റന്‍ഡന്‍സും നല്‍കും. കോളജിന്റെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാലുമണി വരെയായി പുനഃക്രമീകരിക്കും.
സര്‍വകലാശാല സര്‍ക്കാര്‍ നിയമങ്ങള്‍ക്കും അനുസൃതമായി കാമ്പസിനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം അനുവദിക്കും. കോളജിനകത്ത് നടക്കുന്ന എല്ലാവിധ പണമിടപാടുകള്‍ക്കും റസിപ്റ്റ് നല്‍കും.
സര്‍വകലാശാല നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി വിദ്യാര്‍ഥികള്‍ക്ക് അറ്റന്റന്‍സ് നല്‍കും. ആവശ്യമെങ്കില്‍ ഇന്റേണല്‍ പരീക്ഷകള്‍ക്ക് ഇംപ്രൂവ്‌മെന്റ പരിക്ഷ നടത്തണം.
കോണ്‍ടാക്റ്റ് സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ യാതൊരു കാരണവശാലും തടഞ്ഞു വെക്കില്ല. എ.ഐ.സി.ടി.ഇ, സര്‍വ്വകലാശാല, സര്‍ക്കാര്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുംവിധേയമായി മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് തിരികെ നല്‍കും. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കെതിരേയും പ്രതികാര നടപടികള്‍ സ്വീകരിക്കില്ല.
സര്‍ക്കാര്‍ ഫീസാനുകൂല്യത്തിന് അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാരില്‍ നിന്നും അനുവദിച്ച് കിട്ടുന്ന മുഴുവന്‍ തുകയും നല്‍കുന്നതാണ്. കെ.ടി.യു ഉള്‍പ്പെടെ എല്ലാ കുട്ടികള്‍ക്കും സര്‍വ്വകലാശാല പരീക്ഷ എഴുതാനുള്ള നടപടികള്‍ മാനേജ്‌മെന്റ് സ്വീകരിക്കും. ഈ തീരുമാനങ്ങളുടെ വെളിച്ചത്തില്‍ കോളേജിന് മുന്നില്‍ എം.എസ്.എ നടത്തി അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിക്കും. ഈമാസം 10 മുതല്‍ കോളേജില്‍ റെഗുലര്‍ ക്ലാസ്സുകള്‍ ആരംഭിക്കും. മാനേജ്‌മെന്റുമായുണ്ടായ ചര്‍ച്ചയില്‍ സംഘടനാ നേതാക്കളായ സാജന്‍ ജോസ് മാളക്കാരന്‍, പി.ഡി ഫോണ്‍സി, ടി.ജി നാരായണന്‍, ഫാ.റെജി കുഴിക്കാട്ടില്‍, സാജന്‍ സാഗര്‍, അബ്ദുള്‍ അസീസ്, സി.എസ് സൗരവ് എന്നിവര്‍ സംബന്ധിച്ചു.
ഇതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എ പ്രതിനിധികളായ സി.എസ് സൗരവ്, വി സാജന്‍ സാഗര്‍, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടറി പി.കെ പ്രഭാഷ്, എ.ബി.വി.പി സംസ്ഥാന സമിതിയംഗം സി.എസ് അനുമോദ്, കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി ഹക്കീം ഇക്ബാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."