ചിത്തരഞ്ജന്‍ കാലത്തിന് അതീതനായ നേതാവ്: എന്‍. അനിരുദ്ധന്‍
കൊല്ലം: കാലത്തിന്റെ പുരോഗതിക്ക് അനിരോധമായി ചിന്തിച്ച നേതാവായിരുന്നു ജെ. ചിത്തരഞ്ജനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍. അനിരുദ്ധന്‍. കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചിത്തരഞ്ജന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റുകാരെ ക്രൂരമായി വേട്ടയാടിയിരുന്ന കാലത്താണ് ചിത്തരഞ്ജിനെപ്പോലെയുള്ളവര്‍ സംഘടനാപ്രവര്‍ത്തനം നടത്തിയത്. ക്ലേശപൂര്‍ണമായ ആ കാലഘട്ടത്തില്‍ പാര്‍ട്ടിയും ട്രേഡ്‌യൂണിയനും കെട്ടിപ്പടുക്കുന്നതിന് അദ്ദേഹം നടത്തിയ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ വിസ്മരിക്കാനാവില്ല. സംഘടിതമേഖലയിലും അസംഘടിത മേഖലയിലും ഉള്ള തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം അസാധാരണമായ വൈഭവമാണ് കാട്ടിയത്. തൊഴില്‍ വിഷയങ്ങളെ ദീര്‍ഘദര്‍ശിത്വത്തോടെ ഇടപെടുവാന്‍ ചിത്തരഞ്ജനുണ്ടായിരുന്ന സാമര്‍ത്ഥ്യം എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഏത് കലുഷിതമായ സാഹചര്യങ്ങളേയും സമചിത്തതയോടുകൂടി നേരിടുന്ന ചിത്തരഞ്ജന്‍ പുതുതലമുറ നേതാക്കള്‍ക്ക് പാഠമാണെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതി തൊഴിലാളികള്‍ക്ക് രാഷ്ട്രീയ ദിശാബോധം നല്‍കിയ നേതാവായിരുന്നു ജെ. ചിത്തരഞ്ജനെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ജനറല്‍സെക്രട്ടറി ജനറല്‍സെക്രട്ടറി എം പി ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയ ഫാസിസ്റ്റുകളെ എങ്ങനെ നേരിടണമെന്ന് രാഷ്ട്രീയ പുരോഗമനശക്തികള്‍ ചിന്തിക്കുന്ന ഈ കാലത്ത് ചിത്തരഞ്ജന്റെ രാഷ്ട്രീയദര്‍ശനങ്ങള്‍ക്ക് പ്രസക്തിയേറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് വൈമുഖ്യം കാണിക്കുന്ന ഈ കാലത്ത് ചിത്തരഞ്ജനെപോലെയുള്ള മിടുമിടുക്കരായ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തിലേക്ക് എടുത്തുചാടിയത് തീര്‍ച്ചയായും ഓര്‍മ്മിക്കപ്പെടേണ്ടതാണെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജി. ലാലു പറഞ്ഞു.
വര്‍ക്കേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ജില്ലാ സെക്രട്ടറി സുകേശന്‍ ചൂലിക്കാട്, വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ആര്‍. ശശിധരന്‍, സംസ്ഥാന സെക്രട്ടറി പി.എസ് പ്രദീപ്, സംസ്ഥാന നിര്‍വഹക സമിതി അംഗം പി. മുരളീധരന്‍, ജില്ലാ സെക്രട്ടറി എം.ജെ പ്രദീപ്കുമാര്‍, പ്രസിഡന്റ് ജി. ലാല്‍ പ്രകാശ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."