കൊല്ലം-ചെങ്കോട്ട റെയില്‍പാതയില്‍ റഗുലര്‍ സര്‍വിസ് വൈകും
സ്വന്തം ലേഖകന്‍
പുനലൂര്‍: ഉദ്ഘാടനദിവസം മുതല്‍ ഓടിത്തുടങ്ങുമെന്നു പറഞ്ഞ താംബരം എക്‌സ്പ്രസും തിരുനെല്‍വേലി വരെ നീട്ടുമെന്നു പറഞ്ഞ പാലരുവി എക്‌സ്പ്രസും ഓടിത്തുടങ്ങണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കണം.
നിര്‍മാണം പൂര്‍ത്തിയായി ഏപ്രിലില്‍ കമ്മിഷന്‍ ചെയ്ത കൊല്ലം-ചെങ്കോട്ട പാത കഴിഞ്ഞ ഒന്‍പതിനാണ് റെയില്‍ മന്ത്രി രജന്‍ ഗഗോയി നാടിനു സമര്‍പ്പിച്ചത്. നിരവധി പുതിയ ദീര്‍ഘദൂര തീവണ്ടി സര്‍വിസുകള്‍ അനുവദിക്കുമെന്നു കരുതിയ ജനങ്ങളെ നിരാശപ്പെടുത്തി ലക്ഷങ്ങള്‍ മുടക്കി നടത്തിയ ഉദ്ഘാടന മാമാങ്കം പ്രഹസനമായി മാറി.
പുതിയ സര്‍വിസുകളുടെ പ്രഖ്യാപനം ഒന്നുമുണ്ടായില്ല. ആഴ്ചയില്‍ രണ്ടുദിവസം ഓടിക്കൊണ്ടിരുന്ന താംബരം എക്‌സ്പ്രസ് അടുത്തദിവസം മുതല്‍ ദിനംപ്രതി ഒടുമെന്നും പലരുവി എക്‌സ്പ്രസ് തിരുനെല്‍വേലി വരെ സര്‍വിസ് നീട്ടുമെന്നുള്ള പ്രഖ്യാപനവും വെറുതെയായി. ഈ രണ്ടു സര്‍വിസുകളും റെഗുലര്‍ ആയി നടത്തുന്നതിനു മതിയായ ജീവനക്കാരെ വിന്യസിക്കാത്തതാണു പ്രധാന കാരണം.
നിലവില്‍ കൊല്ലം മുതല്‍ പുനലൂര്‍ വരെയുള്ള സ്റ്റേഷനുകളില്‍ മാത്രമേ രാത്രിയും പകലും പ്രവര്‍ത്തനങ്ങള്‍ ഉള്ളൂ. ഇടമണ്‍, തെന്മല, ആര്യങ്കാവ്, ന്യൂ ആര്യങ്കാവ് തുടങ്ങിയ സ്റ്റേഷനുകളില്‍ പകല്‍ ഷിഫ്റ്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ഈ രണ്ടു ട്രെയിനുകളും സ്ഥിരമായി ഓടണമെങ്കില്‍ രാത്രിയിലേക്ക് ഒരു ഷിഫ്റ്റ് കൂടി ഉണ്ടാകണം.
അതുപോലെ തന്നെ ലോക്കോ പൈലറ്റുമാരെയും മറ്റു ജീവനക്കാരെയും നിയമിക്കണം. നിലവില്‍ അതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലുള്ള വിമുഖതയാണ് അധിക ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയാത്തത്.
റെയില്‍വേ വിഭാഗം കാണിക്കുന്ന ഈ അലംഭാവം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടന വേദിയില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതില്‍ അസ്വസ്ഥനായ ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്തനം കൊടിക്കുന്നിലിനെ കണക്കറ്റു പരിഹസിച്ചതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."